ഒരു ശരാശരി മലയാളിയുടെ വിനോദം തന്നെയാണ് എന്റെയും: നവ്യ നായ‍ർ
Malayalam Cinema
ഒരു ശരാശരി മലയാളിയുടെ വിനോദം തന്നെയാണ് എന്റെയും: നവ്യ നായ‍ർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th October 2025, 10:26 pm

2001ൽ സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയർ ആരംഭിച്ച നടിയാണ് നവ്യ നായർ. രഞ്ജിത്ത് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരനെ നായകനാക്കി 2002ൽ പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെ ബാലാമണിയായും നടി എത്തി. ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള കേരള സംസ്ഥാന സംസ്ഥാന അവാർഡ് ലഭിച്ച നവ്യ പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. ഇപ്പോൾ സിനിമയാണ് തന്റെ വിനോദമാർഗമെന്ന് പറയുകയാണ് നവ്യ.

‘ഞാനൊരു സിനിമാ സ്‌നേഹിയാണ്. എനിക്കതിന് ഞാൻ അഭിനയിക്കണം എന്നില്ല. ഞാൻ അഭിനയിച്ചിരുന്ന മുഴുവൻ കാലങ്ങളിലും അഭിനയം നിർത്തിയ ശേഷവും ഞാൻ സിനിമ കാണുന്നത് നിർത്തിയിട്ടില്ല. എന്റെ ഏറ്റവും വലിയ എന്റർടെയ്‌മെന്റ് എന്ന് പറയുന്നത് ഒരു സിനിമക്ക് പോകുന്നതാണ്. ശരാശരി മലയാളിയുടെ വിനോദമാണത്,’ നവ്യ നായർ പറയുന്നു.

‘പാതിരാത്രി’യുടെ ലൊക്കേഷനിൽ നിന്നാണെങ്കിലും ഷൂട്ട് ഇല്ലാത്തപ്പോൾ സിനിമ കാണാൻ പോയിട്ടുണ്ടെന്നും നവ്യ കൂട്ടിച്ചേർത്തു. താൻ സിനിമ കണ്ടുകൊണ്ടിരിക്കുന്നത് കൊണ്ട് തനിക്ക് സിനിമ എപ്പോഴും ഫ്രഷ് ആണെന്നും എല്ലാ അപ്‌ഡേഷനുകളും താൻ അറിയാറുണ്ടെന്നും നവ്യ പറഞ്ഞു.

തന്റെ ഏറ്റവും പുതിയ ചിത്രമായ പാതിരാത്രിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു നവ്യ നായർ.

പാതിരാത്രി

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത ചിത്രമാണ് പാതിരാത്രി. ഇരുവരും പൊലീസുകാരായിട്ടാണ് ചിത്രത്തിലെത്തുന്നത്. പുഴു എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണ് പാതിരാത്രി.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും.

Content Highlight: The entertainment of an average Malayali is the same as mine says Navya Nair