ചിറയന്‍കീഴ്: രമ്യ ഹരിദാസിന്റെ ‘ഇന്ദിര ഗ്യാരണ്ടി’ സൗജന്യ ബസ് യാത്ര തടഞ്ഞ് തെരഞ്ഞെടുപ്പ് സ്‌ക്വാഡ്. സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ഒരുക്കിയ ‘ഇന്ദിര ഗ്യാരണ്ടി’ ബസ് പരീക്ഷണ യാത്രയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്.
ചിറയിന്‍കീഴ് മുതല്‍ കോരാണി വരെയുള്ള പരീക്ഷണ ഓട്ടമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരിക്കുന്നത്. സ്ത്രീകള്‍ക്ക് പൂര്‍ണമായും സൗജന്യമായി യാത്ര ഒരുക്കുന്നതായിരുന്നു ഈ പദ്ധതി.
എന്നാല്‍ റൂട്ടില്‍ ഓടുന്ന ഒരു സ്വകാര്യ ബസില്‍ ടിക്കറ്റ് എടുക്കാതെ ഇത്തരത്തില്‍ യാത്രക്കാരെ കൊണ്ടുപോകുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഭാഗത്ത് നിന്നുള്ള പരാതിയെ തുടര്‍ന്നാണ് സ്‌ക്വാഡ് പരിശോധനക്കെത്തിയതെന്നാണ് റിപ്പോര്‍ട്ട്. റൂട്ടില്‍ ഓടുന്ന ബസില്‍ ടിക്കറ്റില്ലാതെ സൗജന്യ യാത്ര അനുവദിക്കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള മാര്‍ഗമാണെന്ന ആക്ഷേപമാണ് ഉയര്‍ന്നത്.
ബസ് കോരാണിയില്‍ എത്തിയപ്പോള്‍ ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ വാഹനം തടയുകയും ബസിലുണ്ടായിരുന്ന യാത്രക്കാരോട് മറ്റ് ബസുകളിലേക്ക് മാറി യാത്ര ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ബസില്‍ സ്ഥാപിച്ചിരുന്ന അഞ്ച് ഇന്ദിര ഗ്യാരണ്ടികളുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍, സ്റ്റിക്കറുകള്‍, ബലൂണുകള്‍ തുടങ്ങിയ പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.
ഇവ നീക്കം ചെയ്ത ശേഷം ടിക്കറ്റ് എടുത്ത് സാധാരണ രീതിയില്‍ മാത്രമേ സര്‍വീസ് നടത്താന്‍ കഴിയൂ എന്ന് സ്‌ക്വാഡ് വ്യക്തമാക്കി.