ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ച ഡ്രൈവര്‍ എന്നോടും മോശമായി പെരുമാറി; വെളിപ്പെടുത്തി നടി
Kerala News
ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ച ഡ്രൈവര്‍ എന്നോടും മോശമായി പെരുമാറി; വെളിപ്പെടുത്തി നടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd May 2024, 2:04 pm

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിനെതിരെ പരാതിയുമായി നടി റോഷ്‌ന ആന്‍ റോയ് രംഗത്ത്. യദുവില്‍ നിന്ന് തനിക്കും മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് നടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

തൃശൂര്‍ കുന്നംകുളം ഭാഗത്ത് വെച്ച് യദു തന്നോട് മോശമായി പെരുമാറിയിരുന്നുവെന്നും അന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഇടപെട്ടാണ് യദുവിനെ പറഞ്ഞയച്ചതെന്നും റോഷ്‌ന പറയുന്നു. നടുറോട്ടില്‍ വണ്ടി നിര്‍ത്തി യദു മോശമായി സംസാരിച്ചെന്നും ഒരു സ്ത്രീയെന്ന പരിഗണന പോലും അദ്ദേഹത്തിന്റെ സംസാരത്തിലുണ്ടായിരുന്നില്ല എന്നും റോഷ്‌ന പറഞ്ഞു.

കുന്നംകുളത്ത് വെച്ചാണ് യദുവില്‍ നിന്ന് മോശം അനുഭവമുണ്ടായതെന്ന് റോഷ്‌ന വ്യക്തമാക്കുന്നു. റോഡ് പണി നടക്കുന്നതിനാല്‍ ഈ ഭാഗത്ത് വാഹനങ്ങള്‍ പതുക്കെയാണ് പോയിരുന്നത്. ഇത് കണിക്കിലെടുക്കാതെ യദു നിരന്തരം ഹോണ്‍ മുഴക്കി ശല്യമുണ്ടാക്കുകയായിരുന്നു. പിന്നീട് അപകരമായ വിധത്തില്‍ ഓവര്‍ടേക്ക് ചെയ്ത് ബസ് മുന്നില്‍ താന്‍ ഓടിക്കുന്ന കാറിന് കുറുകെയിട്ട് നിര്‍ത്തുകയായിരുന്നു. പിന്നീട് ബസില്‍ നിന്നിറങ്ങി യദു മോശമായി സംസാരിച്ചെന്നും റോഷ്‌ന പറയുന്നു.

പിന്നീട് വഴിയില്‍ കണ്ട മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടും പൊലീസിനോടും കാര്യങ്ങള്‍ പറഞ്ഞെന്നും അവര്‍ യദു ഓടിച്ചിരുന്ന ബസ് നിര്‍ത്തി യദുവിനോട് സംസാരിച്ച് താക്കീത് നല്‍കി പറഞ്ഞയക്കുകയായിരുന്നു എന്നും റോഷ്‌ന പറയുന്നു. യദുവില്‍ നിന്ന് നേരിട്ട മോശം അനുഭവത്തിന്റെ അമര്‍ശം തനിക്കിപ്പോഴുമുണ്ടെന്നും മേയറോടു പോലും അദ്ദേഹം ഇങ്ങനെയാണ് സംസാരിക്കുന്നതെങ്കില്‍ സാധാരണക്കാരിയായ തന്നോട് ഇങ്ങനെ സംസാരിച്ചതില്‍ അത്ഭുതമില്ലെന്നും റോഷ്‌ന പറഞ്ഞു.

റോഷ്‌നയുടെ പോസ്റ്റ് ഇവിടെ വായിക്കാം

CONTENT HIGHLIGHTS: The driver who misbehaved Arya Rajendran also misbehaved with me; The actress revealed