“നാങ്കളെ കൊത്ത്യാലും നീങ്കളെ കൊത്ത്യാലും
ഒന്നല്ലേ ചോര.
നാങ്കളെ കുപ്പയില്‍ നട്ടൊരു വാഴ
പഴമല്ലോ നീങ്ങടെ തേവന് പൂജ”
ശിവാ ട്വീസര്‍
ഇവിടെ പുലയനും രാവണനും നായകരാവുന്നു അഹന്തയോടെ സര്‍വജ്ഞപീഠം കയറിയ ശങ്കരാചാര്യര്‍ വില്ലനും! ഇത് അടിയാളരുടെ രാമായണം. ഇവിടെ അധകൃതന്റെ നിശ്വാസം സംഗീതമാകുന്നു, അധകൃതന്റെ നിരാശ മുദ്രാവാക്യവും.
പക്ഷെ മലബാര്‍ ശൈലിയിലെ നാടന്‍ പാട്ടുകളോ വിപ്ലവ ഗാനങ്ങളോ അല്ല.. പുതുതലമുറയെ ഇളക്കിമറിക്കാന്‍ ശേഷിയുള്ള പാശ്ചാത്യ സംഗീതത്തിന്റെ ചടുലതകളാണ് ഇവിടെ അടിയാളന്റെ സംഗീതമാവുന്നത്. പാശ്ചാത്യ സംഗീതത്തിനു പറയത്തക്ക വേരുകളൊന്നുമില്ലാത്ത മലബാറിലെ ആദ്യ റോക്ക് മ്യൂസിക് ബാന്‍ഡ്-ടി.ഡി.ടി. ബാന്‍ഡിലെ എല്ലാ കലാകാരന്മാരും വിദ്യാര്‍ത്ഥികളാണ്.
ടി.ഡി.ടി അംഗങ്ങളുമായി ഡൂള്‍ ന്യൂസ്.കോം പ്രതിനിധി ജീവന്‍ നടത്തിയ സംഭാഷണത്തില്‍ നിന്നും.
മുന്‍സ്- വോകലിസ്റ്റ്
വരുണ്‍- ലീഡ് ഗിത്താറിസ്റ്റ്
ബാസ്- നാസര്‍
റിഥം – റിനോയ്
കീ ബോര്‍ഡ്- സുഷിന്‍
ഡ്രംസ്- ഗണേഷ്
ജീവന്‍: മലബാറിലെ ആദ്യ മുസിക് ബാന്‍ഡ് ആണ് ടി.ഡി.ടി (The Downtrodden ) അഥവാ “അടിയാളര്”. ആദ്യം തന്നെ ചോദിക്കട്ടെ, ഇങ്ങനെയൊരു പേര് തെരഞ്ഞെടുക്കാനുള്ള സാഹചര്യം എന്താണ് ?
സുഷിന്‍: ടി.ഡി.ടി നമുക്ക് ഒരു ബാന്‍ഡ് അല്ല.. അതിലും വലുതെന്തോ ആണ്. ഞങ്ങള്‍ പലതും പറയാന്‍ ആഗ്രഹിക്കുന്നു.. ഇതുവരെ ആരും പറയാതെ പോയ പലതും; അല്ലെങ്കില്‍ ശ്രദ്ധിക്കപ്പെടാതെ പോയ പലതും. ഞങ്ങള്‍ മെറ്റല്‍ മ്യുസിക് ആണ് ഇതിനായി സ്വീകരിച്ചത്. ചെവി പൊത്തുന്നവരുടെ ചെവി തുറപ്പിക്കണം.. അതിനുവേണ്ടി ചിലപ്പോള്‍ അലറും, മറ്റുചിലപ്പോള്‍ ഗ്രൌള്‍ ചെയ്യും..
ജീവന്‍: രാഷ്ട്രീയ പ്രബുദ്ധമായ മലബാറില്‍ നിന്നുള്ള ബാന്‍ഡ് എന്ന നിലയില്‍ കൃത്യമായ ഒരു രാഷ്ട്രീയം ടി.ഡി.ടിയ്ക്ക് ഉണ്ടെന്നു പറഞ്ഞാല്‍ ?
മുന്‍സ് : ഞങ്ങളുടെ പേരില്‍ കാണുന്നത് തന്നെയാണ് ഞങ്ങളുടെ രാഷ്ട്രീയം. ഞങ്ങളുടെ ആശയവും അതില്‍ അടങ്ങിയിട്ടുണ്ട് എന്നാണു വിശ്വാസം. ബാക്കി തീരുമാനിക്കേണ്ടത് ഞങ്ങളുടെ സംഗീതം കേള്‍ക്കുന്നവരാണ്.
ജീവന്‍: ടി.ഡി.യുടെ തുടക്കം ?
വരുണ്‍ : ഞാനും മുന്‍സും “അല്‍ട്ടിമാട്യം ” എന്ന പേരില്‍ ഒരു പ്രൊജക്ട് തുടങ്ങിയിരുന്നു. കണ്ണൂര്‍ പോലൊരു സ്ഥലത്ത് മെറ്റലിന്റെ സ്ഥാനത്തെക്കുറിച്ച് അന്നേ ഞങ്ങള്‍ക്ക് ധാരണ ഉണ്ടായിരുന്നു. പിന്നീട് നിതിന്‍ നിര്‍മല്‍ (ടി.ഡി.ടി മനേജര്‍) ആണ് ഞങ്ങളെ ഇങ്ങനൊരു ബാന്‍ഡ് ഉണ്ടാക്കാന്‍ സഹായിച്ചത്. അതായിരുന്നു നമ്മുടെ തുടക്കം. ശങ്കരാചാര്യരെ ചോദ്യം ചെയ്ത പൊട്ടന്‍ തെയ്യം തന്നെയാണ് “അടിയാളര്‍” എന്ന പേരിനെ സ്വാധീനിച്ചത്
ജീവന്‍: ഒരു ബാന്‍ഡ് എന്ന നിലയില്‍ നിങ്ങളെ സ്വാധീനിച്ചതെന്തോക്കെ ?
നാസര്‍: പല ബാന്‍ഡുകളും ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ട് പ്രധാനമായും പറയാന്‍ പറ്റിയത് പിങ്ക് ഫ്‌ലോയിഡ്, ഡ്രീം തിയേറ്റര്‍, മെഗാ ഡെത്ത്, മെറ്റാലിക് , ഗസോലിന്‍, അവിയല്‍ അങ്ങനെ പലരും. മ്യുസിക്കിലൂടെ പലതും ചെയ്യാന്‍ സാധിക്കും. ഞങ്ങളും അതിനു ശ്രമിക്കുന്നു..
ജീവന്‍: ആരാഷ്ട്രീയര്‍ എന്ന് വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഒരു യുവത. അവരെയാണ് നിങ്ങള്‍ പ്രതിനിധീകരിക്കുന്നത്, അവരാണ് നിങ്ങളുടെ പ്രധാന ആരാധകരും. അടിയാളരുടെ സംഗീതം അവരില്‍ എന്തെങ്കിലും സ്വാധീനം ചെലുതുന്നുണ്ടോ?.
മുന്‍സ്: കേരളത്തില്‍ എന്നതുപോലെ തന്നെ ഹൈദരാബാദ്, ബാംഗ്ലൂര്‍ തുടങ്ങിയ വന്‍ നഗരങ്ങളിലും ഞങ്ങളുടെ സംഗീതം ഇഷ്ട്ടപെടുന്നവര്‍ ഉണ്ട് എന്നത് തന്നെയാണ് ഞങ്ങള്‍ പലര്‍ക്കും സ്വാധീനമായ് എന്നതിന്റെ ഉദാഹരണം. യുവതയ്ക്ക് പ്രതികരണശേഷി നഷ്ട്‌പ്പെട്ടിട്ടില്ല. അവര്‍ പ്രതികരിക്കുന്നു, സമൂഹത്തിലെ അനീതികളോടും ധാര്‍ഷ്ട്യങ്ങളോടും. പ്രതികരിക്കുന്നവരെ സ്വാഗതം ചെയ്യുന്നു. അതുകൊണ്ടാണ് അവര്‍ ഞങ്ങളെ അംഗീകരിക്കുന്നത് എന്നാണു ഞങ്ങളുടെ അനുഭവങ്ങളിലുടെ തോന്നിയത്.
സുഷിന്‍: ഞങ്ങള്‍ക്ക് ഒരു സ്‌പേസ് ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നതാണ് ഞങ്ങള്‍ നേട്ടമായി കാണുന്നത്..
ജീവന്‍: ലക്ഷ്യം ?
റിനോയ്: ഇപ്പോള്‍ ഞങ്ങളുടെ മുന്നിലുള്ളത് ഒരു ആല്‍ബമാണ്. കൂടാതെ ഒരു മ്യുസിക് വീഡിയോയും റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്. ശങ്കരാചാര്യരും പുലയനും ഒക്കെയാണ് അതിന്റെ വിഷയം. ആല്‍ബത്തിന്റെ വര്‍ക്ക് നടന്നുകൊണ്ടിരിക്കുന്നു. തത്കാലം വേറെ ലക്ഷ്യങ്ങളൊക്കെ ഉപേക്ഷിച്ചിരിക്കുകയാണ്. ഇപ്പോള്‍ പൂര്‍ണ ശ്രദ്ധ ആല്‍ബത്തിലാണ്. ആല്‍ബം ഇറക്കി കാശ് സമ്പാദിക്കുക എന്നതല്ല ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ സംഗീതം, ഞങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നത്. ഇതൊക്കെ എല്ലാവരും കേള്‍ക്കാനായ് ഞങ്ങള്‍ പാടുന്നു.
ജീവന്‍: ഒരു മെറ്റെല്‍ ബാന്‍ഡ്, അതും വ്യത്യസ്തമായ ഒരു ആശയത്തിന്റെ പേരില്‍ നിലകൊള്ളുന്നത്. കേരളത്തില്‍ നിങ്ങള്‍ നേരിടുന്ന വെല്ലുവിളി എന്താണ് ?
ഗണേഷ്: കേരളത്തില്‍ നല്ലൊരു പ്ലാറ്റ് ഫോം ഇല്ല എന്നത് തന്നെയാണ് മറ്റേതു മെറ്റെല്‍ ബാന്‍ഡുകളെയും പോലെ ഞങ്ങളും നേരിടുന്ന വെല്ലുവിളി. കേരളത്തില്‍ ഇതുവരെ റോക്ക്/മെറ്റെല്‍ മ്യൂസികുകള്‍ക്ക് ഒരു “സ്‌പേസ്” ലഭിച്ചിട്ടില്ല. മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ പോലുള്ള മറ്റു സ്ഥലങ്ങളില്‍ മെറ്റെല്‍ മ്യൂസികിനു വേണ്ടത്ര പരിഗണന ലഭിച്ചിട്ടുണ്ട്. ഇവിടെ ഇപ്പോഴും റോക്ക്/മെറ്റെല്‍ എന്നിങ്ങനെയൊക്കെ കേട്ടാല്‍ എന്തോ “”മയക്കുമരുന്നടിച്ചു നടക്കുന്ന കുറേ പേര്‍”” എന്നൊക്കെയാണ് പലരും ധരിച്ചുട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ അതിലൊരു മാറ്റം കാണുന്നു. ജനങ്ങള്‍ ഞങ്ങളുടെ സംഗീതം ആസ്വദിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈയൊരു നല്ല മാറ്റം ഞങ്ങള്‍ക്ക് സന്തോഷം പകരുന്നുണ്ട്. ഞങ്ങള്‍ക്ക് പലതും ചെയ്യാനാവും. അത് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്.


