പാപ്പനില്‍ അപ്രമാദിത്വവുമായി പെണ്‍പട; ആണുങ്ങള്‍ വെറും അസിസ്റ്റന്‍സ് മാത്രം
Film News
പാപ്പനില്‍ അപ്രമാദിത്വവുമായി പെണ്‍പട; ആണുങ്ങള്‍ വെറും അസിസ്റ്റന്‍സ് മാത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 31st July 2022, 3:27 pm

കാലമിത്ര കഴിഞ്ഞിട്ടും ഒരു സൂപ്പര്‍ താര ചിത്രത്തില്‍ ശക്തരായ സ്ത്രീകഥാപാത്രങ്ങളുടെ സാന്നിധ്യം കാണുക എന്നത് കണ്ടുകിട്ടുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നായകന്റെ ഭാര്യയോ പ്രേമഭാജനമോ വില്ലന് തട്ടിക്കൊണ്ടുപോവാനോ നായകനെ വേദനിപ്പിക്കാനായി ഉപദ്രവിക്കാനോ ഒക്കെ ഉള്ള ഉപകരണങ്ങളാണ് സ്ത്രീകള്‍.

ഈ പതിവ് ശൈലിയില്‍ നിന്നും വഴി മാറി സഞ്ചരിക്കുകയാണ് സുരേഷ് ഗോപി ചിത്രം പാപ്പന്‍. സുരേഷ് ഗോപി എന്നത് പാപ്പന്‍ എന്ന സിനിമക്ക് ഒരു ടാഗ് മാത്രമാണ്. സിനിമയുടെ മെയ്ന്‍ ത്രെഡായ കൊലപാതകപരമ്പരയുടെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം ശക്തരായ സ്ത്രീ കഥാപാത്രങ്ങളെയാണ് പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുന്നത്.

*************************spoiler alert********************

ഒരു കൊലപാതകപരമ്പരയുടെ അന്വേഷണത്തിന് പൊലീസിന് ഉപദേശകനായാണ് മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ എബ്രഹാം മാത്യു മാത്തന്‍ വരുന്നത്. ജോലിയിലിരിക്കെ അയാള്‍ അന്വേഷിച്ച കേസിലെ പ്രതിക്ക് ഈ കേസുമായും ബന്ധമുണ്ടെന്ന സംശയം ഉള്ളതിനാലാണ് അയാളുടെ സഹായം പൊലീസ് സേന തേടുന്നത്.

മാത്തന്റെ മകളായ വിന്‍സിക്കാണ് അന്വേഷണ ചുമതല. അതായത് വിന്‍സിക്ക് ഒരു സഹായിയിട്ടാണ് മാത്തന്‍ അന്വേഷണ ഘട്ടത്തില്‍ വരുന്നത്. മകളാണെങ്കിലും മാത്തനുമായി അത്ര രസത്തിലല്ല വിന്‍സി. ബുദ്ധിമതിയായ, ബോള്‍ഡായ, മിടുക്കിയായ പൊലീസ് ഉദ്യോഗസ്ഥയാണ് വിന്‍സി. പാപ്പനും വിന്‍സിയും രണ്ട് വഴിയിലൂടെ അന്വേഷിച്ച് ഒരു സ്ഥലത്തേക്ക് തന്നെയാണ് ഒടുവില്‍ എത്തുന്നത്.

അപ്പനായ എബ്രഹാം മാത്യുവിനെക്കാള്‍ അഗ്രസീവാണ് വിന്‍സി. തന്നെ ആക്ഷേപിക്കുന്ന ചാക്കോ എന്ന കുറ്റവാളിയുടെ കരണത്ത് അടിച്ച് അപ്പനെ പോലെയല്ല മോള് എന്ന് പറയുമ്പോഴും ഇരുട്ടത്ത് കള്ളന്റെ പുറകെ ഓടുമ്പോഴും ആ അഗ്രസീവ്‌നെസ് പ്രകടമാവുന്നുണ്ട്. പാപ്പന്‍ വിന്‍സിയെക്കാള്‍ എവിടെയെങ്കിലും മുന്നിട്ട് നില്‍ക്കുന്നുണ്ടെങ്കില്‍ അത് ഔദ്യോഗികമായ അനുഭവസമ്പത്തിലാണ്.

ചാക്കോയെ കുറ്റവാളിയാക്കുന്നതില്‍ ഒരു നിര്‍ണായക പങ്കുവഹിക്കുന്നത് അയാളുടെ അമ്മയാണ്. ചാക്കോയുടെ അമ്മക്ക് കാര്യമായി രംഗങ്ങളോ സംഭാഷണങ്ങളോ ഇല്ലെങ്കിലും ചാക്കോയോടൊപ്പം പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഒരു നിര്‍ണായക കഥാപാത്രമാണ് ഇവര്‍.

മറ്റൊന്ന് ആശാ ശരത്ത് അവതരിപ്പിച്ച ഡോ. ഷേര്‍ലിയാണ്. പൊലീസിനെ വട്ടം ചുറ്റിക്കുന്ന കഥാപാത്രമാണ് ഷേര്‍ലി. ജീവിതകാലം മുഴുവന്‍ അവര്‍ ഒരു ചോദ്യത്തിനാണ് ഉത്തരം തേടിയത്. ആ ചോദ്യമാണ് ഈ സിനിമയുടെ അടിസ്ഥാനം. അജ്മല്‍ അമീര്‍ അവതരിപ്പിച്ച സോളമന്‍ ഷേര്‍ലിയുടെ സഹായി മാത്രമാണ്.

അതുപോലെ ചിത്രത്തിലെ ഏറ്റവും കയ്യടി നേടുന്ന പ്രകടനമാണ് ബെനീറ്റയുടെ അമ്മയെ അവതരിപ്പിച്ച സജിത പുറത്തെടുത്തത്. സോളമന് ചോറ് വാരി കൊടുത്തുകൊണ്ട് അവന്റെ അമ്മയെ കൊലപ്പെടുത്തിയ കഥ പറയുമ്പോള്‍ അവരുടെ മുഖത്തെ ഒരു ചിരിയോടെയുള്ള ക്രൂരത തെളിഞ്ഞുകാണാം. ബെനീറ്റയുടെ അമ്മയുടെ ചൊല്‍പ്പടിക്കാണ് അവരുടെ ഭര്‍ത്താവ് നില്‍ക്കുന്നത്.

നൈല ഉഷ വളരെ കുറച്ച് സമയം മാത്രമേ ഉള്ളുവെങ്കിലും തന്റെ കഥാപാത്രത്തെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമയില്‍ അന്വേഷണ ഉദ്യോഗസ്ഥയുടെയും കുറ്റവാളികളുടെയും സ്ഥാനത്ത് വരുന്നത് സ്ത്രീകളാണ്. പാപ്പന്‍ എന്ന സിനിമ ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു സ്ത്രീ മൂലം മറ്റൊരു സ്ത്രീക്കുണ്ടാവുന്ന നഷ്ടത്തിലൂടെ ഉടലെടുത്ത പ്രതികാരത്തിന്റെ കഥയാണ്.

Content Highlight: the domination of women characters in pappan movie