വി.ഡിയെ ഒറ്റിയാല്‍ താങ്കള്‍ പ്രതീക്ഷിക്കാത്ത തിരിച്ചടി നേരിടേണ്ടി വരും; ഷാഫി പറമ്പിലിനെതിരെ കടുത്ത വിമര്‍ശനവുമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍
Kerala
വി.ഡിയെ ഒറ്റിയാല്‍ താങ്കള്‍ പ്രതീക്ഷിക്കാത്ത തിരിച്ചടി നേരിടേണ്ടി വരും; ഷാഫി പറമ്പിലിനെതിരെ കടുത്ത വിമര്‍ശനവുമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th May 2026, 11:35 am

കോഴിക്കോട്: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ പുകയുന്നതിനിടെ, ഷാഫി പറമ്പില്‍ എം.പിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

കെ.സി. വേണുഗോപാലിന് വേണ്ടി ഷാഫി പറമ്പില്‍ വി.ഡി സതീശനെ ഒറ്റുകൊടുക്കുകയാണെന്ന വിമര്‍ശനമാണ് സൈബര്‍ ഇടങ്ങളില്‍ ഉയരുന്നത്.

യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമിടയില്‍ ഷാഫിക്കെതിരെ വലിയ രീതിയിലുള്ള വികാരമാണ് ഉയരുന്നത്. ഇതിന്റെ പ്രതിഫലനം അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും കാണാം.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ‘നമ്മള് ജയിച്ചു സാര്‍, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു.’ എന്ന് പറഞ്ഞുകൊണ്ട് ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.ടി. സൂരജിനൊപ്പം ഉമ്മന്‍ ചാണ്ടിയുടെ വലിയ ഫോട്ടോ ഉയര്‍ത്തിനില്‍ക്കുന്ന ചിത്രം ഷാഫി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ഉമ്മന്‍ ചാണ്ടിയോടുള്ള വൈകാരിക അടുപ്പം പങ്കുവെക്കാനെന്ന വണ്ണം ശ്രമിച്ച ഈ പോസ്റ്റിന് താഴെ, വി.ഡിയെ അനുകൂലിക്കുന്നവരും യു.ഡി.എഫ് പ്രവര്‍ത്തകരും അനുഭാവികളും കടുത്ത ഭാഷയിലാണ് പ്രതികരിക്കുന്നത്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി ഷാഫി നിലപാട് മാറ്റുന്നു എന്നാണ് പ്രധാന ആക്ഷേപം.

ഷാഫി വി.ഡിയ്ക്ക് എതിരായത് രാഹുല്‍ മാങ്കൂട്ടം വിഷയത്തില്‍ വി.ഡി എടുത്ത നിലപാടിന്റെ പേരിലാണെന്നും അന്ന് വി.ഡി അങ്ങനെ ഒരു തീരുമാനം എടുത്തില്ലായിരുന്നെങ്കില്‍ പാര്‍ട്ടിയ്ക്കും പാര്‍ട്ടി അനുഭാവികള്‍ക്കും നട്ടെല്ല് നിവര്‍ത്തി നില്‍ക്കാന്‍ പറ്റുമായിരുന്നോ എന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും, പ്രവര്‍ത്തകരുടെ വികാരം മനസിലാക്കിയില്ലെങ്കില്‍ നിങ്ങളെയും അണികള്‍ തള്ളിക്കളയുമെന്നുമാണ് കമന്റുകള്‍.

കെ.സിക്ക് വേണ്ടി ഷാഫി കേരളത്തിലെ മൊത്തം ജനങ്ങളേയും വഞ്ചിച്ചെന്നും നിങ്ങള്‍ കോണ്‍ഗ്രസ്സിന്റെ കാലനാവരുതെന്നും ചിലര്‍ പറയുന്നു.

ജനഹിതം മനസ്സിലാക്കാതെ പ്രവര്‍ത്തിച്ചാല്‍ ഗ്രൂപ്പിന്റെ വക്താവായി മാറിയാല്‍ ഷാഫി ദു:ഖിക്കേണ്ടി വരുമെന്നും ഷാഫിയുടെ ജനസമ്മിതി കുറഞ്ഞു വരികയാണെന്നും ചിലര്‍ കമന്റില്‍ ഓര്‍മ്മിപ്പിച്ചു.

‘നമ്മള് ജയിച്ചു സാര്‍ അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു’ എന്ന പോസ്റ്റിന് താഴെ അതേ, ഉമ്മന്‍ ചാണ്ടിയെ വെട്ടിയല്ലേടാ നീ നിന്റെ രാഹുലിനെ പാലക്കാട് ഇറക്കിയതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

2029ലെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവുമെന്നും എന്നിട്ടും മനസ്സിലായില്ല എങ്കില്‍ 2031 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മനസ്സിലാവുമെന്നും വി.ഡിയെ ഒറ്റിയാല്‍ ഷാഫിയാണെങ്കിലും തോല്‍പ്പിക്കുമെന്നും ചിലര്‍ കമന്റ് ചെയ്തു.

ഒരു കാര്യം തീര്‍ത്ത് പറയുന്നു. ജനങ്ങളാണ് വലുത്. ജനങ്ങള്‍ മാത്രം അത് ധിക്കരിച്ചു മുന്നോട്ട് പോയാല്‍ മൂലയ്ക്കിരുത്തും. വി.ഡി സതീശനില്‍ കുറഞ്ഞതെന്നും കേരള ജനത ആഗ്രഹിക്കുന്നില്ല, മറിച്ചായാല്‍ കോണ്‍ഗ്രസിന്റെ പതനം തുടങ്ങി എന്ന് പറയേണ്ടി വരുമെന്ന് ഓര്‍മ്മിപ്പിക്കുന്നവരുമുണ്ട്.

ഷാഫി, നിങ്ങള്‍ക്ക് കെ.സിയ്ക്ക് അനുകൂലമാണ് എന്ന് വാര്‍ത്ത കേട്ടു. സത്യം ആണേല്‍ നിന്നെയും ഞങ്ങള്‍ എതിര്‍ക്കും, അണികള്‍ ഇല്ലേല്‍ ഒരു നേതാവും ഇല്ല, എന്നിങ്ങനെയാണ് മറ്റു കമന്റുകള്‍.

കഴിഞ്ഞ ഏഴ് ദിവസമായി ഷാഫി പറമ്പില്‍ ഒരു പോസ്റ്റു പോലും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടില്ലെന്നും ആ മൗനം നല്ലതിനല്ലെന്നും സ്വന്തം വില കളയരുതെന്നും ചിലര്‍ കമന്റില്‍ പറയുന്നു.

ജനവികാരം മനസിലാക്കണമെന്നും ഗ്രൂപ്പ് കളിക്കാര്‍ക്കൊപ്പം നിന്ന് വി.ഡിയെ ഒറ്റിയാല്‍ താങ്കള്‍ പ്രതീക്ഷിക്കാത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഓര്‍മ്മിപ്പിക്കുന്നവരുമുണ്ട്.

‘പ്രിയപ്പെട്ട ഷാഫി, നിങ്ങളുടെ മൊഞ്ച് കൊണ്ടോ, ചിരി കണ്ടിട്ടോ അല്ല. നിങ്ങളുടെ നിലപാട് ഞങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നു എന്നത് കൊണ്ടാണ് ഞങ്ങള്‍ നിങ്ങളെ ചുമലില്‍ ഏറ്റിയത്.

ആ നിലപാടില്‍ വെള്ളം ചേര്‍ത്താല്‍ നിങ്ങളെ വലിച്ചു പുറത്തിടാന്‍ ഒരു മടിയും ഞങ്ങള്‍ കാണിക്കില്ല. നിങ്ങളുടെ കെ.സിക്ക് വേണ്ടിയുള്ള പ്രചരണം ഞങ്ങള്‍ കാണുന്നില്ല എന്ന് വിചാരിക്കരുത്. എം.എല്‍.എമാരെ വിളിക്കുന്നത് ഞങ്ങള്‍ അറിയുന്നുണ്ട്.

എല്ലാ വിഷയത്തിലും പാണക്കാട് തങ്ങളുടെ അഭിപ്രായത്തോട് നിങ്ങള്‍ക്ക് യോജിപ്പ് ഉണ്ടാവണം എന്നില്ല. പക്ഷെ തങ്ങള്‍ ഒരു വിഷയത്തില്‍ നിലപാട് പറഞ്ഞാല്‍ മൗനം പാലിക്കുന്നതിനു പകരം അതിനെതിരെ പണിയെടുക്കുന്നത് ലീഗുകാര്‍ ക്ഷമിക്കില്ല.

പിന്നെ ലീഗ് എന്താ പേടിപ്പിക്കുകയാണോ എന്നാണു ചോദ്യമെങ്കില്‍ ഉറപ്പായും അതെ എന്ന് തന്നെയാണ് ഉത്തരം.
വി.ഡിയെ മുന്‍ നിര്‍ത്തിയാണ് നമ്മള്‍ ഒന്നിച്ചു ഈ യുദ്ധം നടത്തിയത്. ജയിച്ചപ്പോള്‍ തൊടുന്യായം പറഞ്ഞു നിങ്ങള്‍ക്ക് വി.ഡിയോടുള്ള വിരോധം തീര്‍ക്കാനുള്ള അവസരം ആയി യു.ഡി.എഫിന്റെ വിജയത്തെ ഉപയോഗിക്കരുത്.

ഇനിയും തെരഞ്ഞെടുപ്പ് വരും. ഇതിലും വലിയ ഗ്ലാമര്‍ താരങ്ങളെ, വേണ്ടി വന്നപ്പോഴേക്കെ വാരി നിലത്തടിച്ചിട്ടുണ്ട്. അല്ലെങ്കിലും ടീച്ചറമ്മ എന്ന വന്‍ മരത്തെ വീഴ്ത്തിയത് ഈ പറയുന്ന ലീഗുകാരുടെ മികവ് ഒന്ന് കൊണ്ട് മാത്രമാണ്. ഓര്‍ത്താല്‍ നല്ലത്,’ എന്നാണ് ഒരു കമന്റ്.

കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിച്ചാല്‍ കേരള ജനത ഒന്നടങ്കം മൂലക്കിരുത്തും. ഞങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ച കെ.എം അഭിജിത്ത് നാദാപുരക്കാരെ വേദനിപ്പിക്കുന്ന തീരുമാനങ്ങള്‍ക്ക് കൂട്ട് നിന്നാല്‍ പിന്നെ ഈ മണ്ണില്‍ താങ്കള്‍ക്ക് സ്ഥാനമില്ലെന്നും മറ്റൊരാള്‍ കുറിച്ചു.

പിന്തുണയും ആള്‍ക്കൂട്ടവും താങ്കളെന്ന വ്യക്തിക്കുള്ളതാണ് എന്ന ധാരണയുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണയാണ്. ഇപ്പോള്‍ ജയിച്ച ജനപ്രതിനിധികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ വന്നിട്ടുണ്ടെങ്കില്‍ അതാണ് ജനശക്തി.

അതിനെ വിലകുറച്ച് കാണരുത്. നിങ്ങള്‍ക്ക് വ്യക്തിപരമായി കിട്ടിയ നേട്ടങ്ങള്‍ക്ക് ഉപകാരസ്മരണയും പക വീട്ടലും ഒക്കെയാവാം. പക്ഷേ അത് ജനങ്ങളുടെ ചിലവില്‍ വേണ്ട തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് ഷാഫിയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വരുന്നത്.

കേരളം വോട്ട് ചെയ്തത് ലോബി രാഷ്ട്രീയത്തിനല്ലെന്നും ജനങ്ങള്‍ക്കൊപ്പം നിന്ന നേതൃത്വത്തിനാണെന്നും വി.ഡിയെന്ന വ്യക്തിയെ തള്ളി പിന്‍വാതില്‍ ഡീലിലൂടെ മറ്റാരെയെങ്കിലും കസേരയിലിരുത്താന്‍ നോക്കിയാല്‍ ആറ് മാസം പോലും ആയുസുണ്ടാകില്ലെന്നും ചിലര്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

ജനങ്ങളെ പറ്റിക്കാന്‍ നോക്കിയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ എം.എല്‍.എ സ്ഥാനവും എം.പി സ്ഥാനവും രാഷ്ട്രീയ ഭാവിയുമെല്ലാം പോകുമെന്നും കേരളം ആരേയും വെറുതെ വീട്ടിലിരുത്താറില്ലെന്ന കാര്യം ഓര്‍ത്താല്‍ നന്നെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കി.

Content Highlight: The dispute over the Chief Minister’s post, UDF workers lash out at Shafi Parambil