'അപ്പോ ഫൈനലില്‍ കാണാം ബ്രസീലേ, ആശാനേ ഞായറാഴ്ച ചരിത്രം കുറിക്കും'; സ്വപ്‌ന ഫൈനലിനെ ഇപ്പോഴേ ആഘോഷമാക്കി എം.എം. മണിയും കടകംപള്ളിയും ശിവന്‍കുട്ടിയും
Copa America
'അപ്പോ ഫൈനലില്‍ കാണാം ബ്രസീലേ, ആശാനേ ഞായറാഴ്ച ചരിത്രം കുറിക്കും'; സ്വപ്‌ന ഫൈനലിനെ ഇപ്പോഴേ ആഘോഷമാക്കി എം.എം. മണിയും കടകംപള്ളിയും ശിവന്‍കുട്ടിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th July 2021, 2:08 pm

തിരുവനന്തപുരം: കോപ്പയില്‍ സ്വപ്ന ഫൈനലിന് കളമൊരുങ്ങിയിരിക്കുകയാണ്. ലോകം കാത്തിരിക്കുന്ന ബ്രസീല്‍ അര്‍ജന്റീന പോരാട്ടമാണ് ഫൈനലില്‍ അരങ്ങേറുന്നത്.

ഞായറാഴ്ച നടക്കുന്ന കോപ്പ അമേരിക്ക ഫൈനല്‍ സംബന്ധിച്ച ചര്‍ച്ചയാണ് സാമൂഹ്യ മാധ്യമങ്ങളിലാകെ. രാഷ്ട്രീയ രംഗത്തെ പ്രമുഖ പ്രൊഫൈലുകളും ഫൈനല്‍ നടക്കുന്നതിന് മുന്നേ ആഘോഷം തുടങ്ങിക്കഴിഞ്ഞു.

ഫൈനലിന് അര്‍ജന്റീന യോഗ്യത നേടിയ നിമിഷം തന്നെ, അപ്പോ ഫൈനലില്‍ കാണാം ബ്രസീലേ… കപ്പ് ഇത്തവണ അര്‍ജന്റീനയ്ക്ക് വണ്ടി കയറും എന്നാണ് കടുത്ത അര്‍ജന്റീന ആരാധകനായ മുന്‍ മന്ത്രി എം.എം. മണി ഫേസ്ബുക്കിലെഴുതിയത്.

‘ആശാനേ, ചരിത്രമുറങ്ങുന്ന മാരക്കാനയില്‍ ഞായറാഴ്ച പുതിയ ഫുട്‌ബോള്‍ ചരിത്രം കുറിക്കും,’ എന്നാണ് കടകംപള്ളി സുരേന്ദ്രന് എം.എം. മണിയെ ടാഗ് ചെയ്ത് ഇതിന് മറുപടി നല്‍കിയത്. വലിയ ബ്രസീല്‍ ആരാധകനാണ് കടകംപള്ളി.

‘കോപ്പ ഫൈനലില്‍ തീപാറും. ബ്രസീല്‍ അര്‍ജന്റീനയെ നേരിടും. ആശാനേ മാരക്കാനയില്‍ കാണാം,’എന്ന് പറഞ്ഞ് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും രംഗത്തെത്തി.

ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്റീനയും ബ്രസീലും പരസ്പരം മാറ്റുരയ്ക്കുന്ന കോപ്പ ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്റീനയ്‌ക്കൊപ്പമാണെന്നാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ എഴുതിയത്.

സെമി ഫൈനലില്‍ കൊളംബിയയെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് അര്‍ജന്റീന ഫൈനലിലെത്തിയത്. 3-2നായിരുന്നു ഷൂട്ടൗട്ടില്‍ കൊളംബിയയെ വീഴ്ത്തിയത്.

നിശ്ചിത സമയത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ തുടര്‍ന്നതോടെയാണ് മാച്ച് ഉദ്വേഗഭരിതമായ ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

കളി തുടങ്ങി ഏഴാം മിനിറ്റില്‍ ലൗട്ടൗരോ മാര്‍ട്ടിനസ് അര്‍ജന്റീനക്ക് വേണ്ടി കൊളംബിയയുടെ വല കുലുക്കി. രണ്ടാം പകുതി തുടങ്ങിയ ശേഷം 61ാം മിനിറ്റില്‍ ലൂയിസ് ഡിയാസിലൂടെ കൊളംബിയ തിരിച്ചടിക്കുകയായിരുന്നു.

അതേസമയം, ആദ്യ സെമിയില്‍ എതിരില്ലാത്ത ഒരു ഗോളിന് പെറുവിനെ തോല്‍പിച്ചായിരുന്നു ബ്രസീല്‍ ഫൈനലിലെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: The discussion about the Copa America final on Sunday is all over social media