കെട്ടുപോകുന്ന ഫയര്‍ ബ്രാന്‍ഡ്, തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ത്ഥി പട്ടികയിലും ഇടമില്ലാതെ കെ. അണ്ണാമലൈ
India
കെട്ടുപോകുന്ന ഫയര്‍ ബ്രാന്‍ഡ്, തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ത്ഥി പട്ടികയിലും ഇടമില്ലാതെ കെ. അണ്ണാമലൈ
അനിത സി
Friday, 3rd April 2026, 5:50 pm

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നു. വെള്ളിയാഴ്ച പുറത്തുവിട്ട ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകനും തെലങ്കാന മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനും ഇടംപിടിച്ചു.

തമിഴ് രാഷ്ട്രീയത്തില്‍ എന്തൊക്കെയോ ചെയ്യാനുണ്ടെന്നും തീപ്പൊരിനേതാവാണെന്നുമുള്ള മട്ടില്‍ ബി.ജെ.പി നേതൃത്വം അവതരിപ്പിച്ച അണ്ണാമലൈ ഒടുവില്‍ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മത്സരിക്കാനുള്ള അര്‍ഹത പോലും നഷ്ടപ്പെട്ട് നില്‍ക്കുന്നത് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാവുകയാണ്.

കഴിഞ്ഞ കുറച്ചുനാളുകളായി ബി.ജെ.പിയുടെ തമിഴ്‌നാട്ടിലെ പ്രവര്‍ത്തനങ്ങളിലെ അനിഷ്ടവും അണ്ണാമലൈ വെളിപ്പെടുത്തിയിരുന്നു. ഇതോടെ തമിഴ്‌നാട്ടിലെ സീറ്റ് വിഭജനത്തിലെയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെയും ബി.ജെ.പിയുടെ തര്‍ക്കങ്ങളും ആശങ്കയും മറനീക്കി പുറത്തുവരികയും ചെയ്തിരുന്നു.

എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യത്തില്‍ ബി.ജെ.പി അവഗണിക്കപ്പെടുന്നുണ്ടെന്നായിരുന്നു അണ്ണാമലൈയുടെ പ്രധാന പരാതി. എ.ഐ.എ.ഡി.എം.കെ മറ്റ് സഖ്യകക്ഷികളുമായി സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ബി.ജെ.പിയുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തിയതെന്ന് അണ്ണാമലൈ കുറ്റപ്പെടുത്തിയിരുന്നു.

തനിക്ക് സ്വാധീനമുണ്ടെന്ന് വിശ്വസിക്കുന്ന കോയമ്പത്തൂരില്‍ ബി.ജെ.പിക്ക് ഒരു സീറ്റ് മാത്രം അനുവദിച്ചതും വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്ന സൂലൂര്‍, ഗൗണ്ടന്‍പാളയം എന്നീ മണ്ഡലങ്ങള്‍ ബി.ജെ.പിക്ക് എ.ഐ.എ.ഡി.എം.കെ നല്‍കാതിരുന്നതും അണ്ണാമലൈയെ ചൊടിപ്പിച്ചിരുന്നു.

വിഷയത്തില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിനോടും കടുത്ത അതൃപ്തി അദ്ദേഹം അറിയിച്ചിരുന്നു. ഇത്തവണ മത്സരിക്കാനില്ലെന്നും ഒരു സീറ്റും തനിക്കായി നീക്കിവെയ്‌ക്കേണ്ടതില്ലെന്നും പാര്‍ട്ടി നേതാവ് എന്ന നിലയില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നുമായിരുന്നു അണ്ണാമലൈയുടെ പ്രസ്താവന.

പേരെടുത്ത പൊലീസ് ഉദ്യോഗസ്ഥനായിരുന്ന അണ്ണാമലൈ, ഐ.പി.എസ് ഉപേക്ഷിച്ച് തങ്ങള്‍ക്കൊപ്പം ചേര്‍ന്ന് രാഷ്ട്രീയത്തില്‍ പയറ്റാന്‍ ഇറങ്ങിയത് വലിയ നേട്ടമാകുമെന്ന് ബി.ജെ.പിയും കണക്കുകൂട്ടിയിരുന്നു.

ബി.ജെ.പിക്കാരെ ത്രസിപ്പിക്കുന്ന പല വിവാദ പരാമര്‍ശങ്ങളും നടത്തിയതോടെ ‘ഇത് കത്തും’ എന്ന നിലയില്‍ ബി.ജെ.പിയുടെ സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ കണക്കുകൂട്ടുകയും ചെയ്തിരുന്നു. എന്നാല്‍, വിവാദ പരാമര്‍ശങ്ങളും കേസും പൊതുജനങ്ങളുടെ വെറുപ്പും വര്‍ധിച്ചതോടെ അണ്ണാമലൈയ്ക്ക് ആദ്യം നഷ്ടപ്പെട്ടത് സംസ്ഥാന അധ്യക്ഷ പദവിയായിരുന്നു.

എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യത്തിന് തീവ്രമായ നിലപാടുകളുള്ള അണ്ണാമലൈ ഒരു തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലില്‍ ബി.ജെ.പി നേതൃത്വവും ‘തീപ്പൊരി’ നേതാവിനെ പതിയെ തഴയാന്‍ ആരംഭിച്ചു. മുഖച്ഛായ മാറ്റാന്‍ ശ്രമിച്ച ബി.ജെ.പിയില്‍ നിന്നും അവഗണനകള്‍ വര്‍ധിച്ചതോടെ 2024ലെ തെരഞ്ഞെടുപ്പിന് മുമ്പായി അണ്ണാമലൈ രാജി വെയ്ക്കുകയായിരുന്നു.

നിലവില്, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നും അണ്ണാമലൈ മാറി നില്‍ക്കുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിന്നും അണ്ണാമലൈയുടെ പ്രസക്തി നഷ്ടമാകുകയാണോ എന്ന ചോദ്യവും ഉയര്‍ന്നുകഴിഞ്ഞു.

കര്‍ണാടക കേഡര്‍ ഐ.പി.എസുകാരനായിരുന്ന അണ്ണാമലൈ യുവ പൊലീസ് ഓഫീസറെന്ന നിലയില്‍ ജന്മനാടായ തമിഴ്‌നാട്ടിലും പ്രശസ്തനായിരുന്നു. 2019ല്‍ ഐ.പി.എസ് രാജിവെയ്ക്കുകയും 2020ല്‍ ബി.ജെ.പിയില്‍ ചേരുകയും ചെയ്തത് വലിയ വാര്‍ത്തയായി.

എന്നാല്‍, തമിഴ്‌നാടിന് സുപരിചിതമായിരുന്ന ദ്രാവിഡ രാഷ്ട്രീയത്തില്‍ നിന്നും വിട്ട് വിദ്വേഷ രാഷ്ട്രീയ പ്രസ്താവനകളിലേക്ക് അണ്ണാമലൈ കടന്നത് ജനങ്ങള്‍ക്കിടയില്‍ നിന്നും അദ്ദേഹത്തെ അകറ്റി.

ഡി.എം.കെ സ്ഥാപകനും പാര്‍ട്ടിയുടെ ആദ്യ മുഖ്യമന്ത്രിയുമായിരുന്ന സി.എന്‍ അണ്ണാദുരൈയെ കുറിച്ച് അണ്ണാമലൈ നടത്തിയ വിദ്വേഷ പരാമര്‍ശം കോടതിയിലാണ് അവസാനിച്ചത്. അണ്ണാദുരൈ നടത്തിയ ചില പരാമര്‍ശങ്ങള്‍ മീനാക്ഷി അമ്മന്‍ ഭക്തരെ വ്രണപ്പെടുത്തിയെന്നും ഫോര്‍വേഡ് ബ്ലോക്ക് നേതാവ് മുത്തുരാമലിംഗ തേവരുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ക്ഷമാപണം നടത്തേണ്ടി വന്നെന്നും 2022 സെപ്റ്റംബറില്‍ മധുരയില്‍ നടത്തിയ പ്രസംഗത്തിലൂടെ അണ്ണാമലൈ ആരോപിച്ചിരുന്നു.

സംഭവത്തില്‍ ആക്ടിവിസ്റ്റ് പീയൂഷ് മനുഷ് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അണ്ണാമലൈക്കെതിരെ വിദ്വേഷപ്രസംഗത്തിന് കേസെടുക്കുകയും കോടതി പ്രോസിക്യൂഷന് സര്‍ക്കാരിന് അനുമതി നല്‍കുകയും ചെയ്തിരുന്നു.

തഞ്ചാവൂരിലെ സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ലാവണ്യ മുരുകാനന്ദം എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയും അണ്ണാമലൈ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

2022 ജനുവരിയിലെ സംഭവത്തിന് പിന്നില്‍ സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദമാണെന്ന് അണ്ണാമലൈ ആരോപിച്ചിരുന്നു. ഈ ആരോപണം തെറ്റാണെന്ന് പിന്നീട് തെളിയുകയും വലിയ വിവാദമാവുകയും ചെയ്തു.

ആത്മഹത്യയ്ക്ക് പിന്നില്‍ മതപരിവര്‍ത്തന ശ്രമങ്ങളാണെന്ന ആരോപണം രാഷ്ട്രീയപരമായി കെട്ടിച്ചമതാണെന്ന് തമിഴ്‌നാട് ചൈല്‍ഡ് റൈറ്റ്‌സ് വാച്ച് ഉള്‍പ്പടെയുള്ള സംഘടനകള്‍ കണ്ടെത്തിയിരുന്നു. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ബി.ജെ.പിക്കെതിരെ വലിയ രീതിയില്‍ വികാരമുയരാനും ഈ സംഭവമിടയാക്കി.

‘ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ വി.ഡി. സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കി’ എന്ന് അണ്ണാമലൈ പറയുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതും വലിയ വിവാദമായിരുന്നു. വീഡിയോ അദ്ദേഹത്തിന്റെ ഒരു പ്രസംഗം എഡിറ്റ് ചെയ്ത് കൃത്രിമമായി സൃഷ്ടിച്ചതെന്ന് കണ്ടെത്തിയെങ്കിലും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ വിള്ളലുണ്ടാവാനത് കാരണമായിരുന്നു.

തമിഴ്‌നാട്ടിലെ അണ്ണാമലൈയെ ചൂണ്ടിക്കാണിച്ച് ‘ഇതാണ് നേതാവ്’ എന്ന് പറഞ്ഞിരുന്ന കേരളത്തിലെ ബി.ജെ.പിക്കാര്‍ക്ക് പോലും ഇപ്പോള്‍ അണ്ണാമലൈയുടെ പതനത്തില്‍ മറുപടിയില്ല.

കേരളത്തില്‍ പരാജയപ്പെട്ട ബി.ജെ.പി നേതൃത്വ നിരക്ക് ചുക്കാന്‍ പിടിച്ചിരുന്ന കെ. സുരേന്ദ്രന്റെ മറ്റൊരു പതിപ്പാണ് അണ്ണാമലൈയെന്ന് തുടക്കം മുതല്‍ കേരളത്തിലെ ഇടതുപക്ഷം അഭിപ്രായപ്പെട്ടിരുന്നു. ഒടുവില്‍ പ്രവൃത്തിയിലൂടെ അക്കാര്യം തെളിയിച്ചിരിക്കുകയാണ് അണ്ണാമലൈയെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.

Content Highlight: The decaying fire brand, K. Annamalai is not even on the list of candidates in Tamil Nadu

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.