തിരുവനന്തപുരം: വയനാട് ദുരന്തബാധിതരുടെ കടാശ്വാസവുമായി ബന്ധപ്പെട്ട ഹരജിയില്‍ നിലപാടില്‍ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍. ദുരന്തബാധിതരുടെ കടം എഴുതിത്തള്ളുന്നതില്‍ കേന്ദ്ര നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും ദേശീയ ദുരന്ത മാനേജ്‌മെന്റ് അതോറിറ്റി കൂടി തീരുമാനമെടുക്കണമെന്നാണ് കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചിരിക്കുന്നത്.
വായ്പകള്‍ എഴുതി തള്ളണമെന്ന് ബാങ്കുകളെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും അത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.
ദുരിതബാധിതരായ ജനങ്ങള്‍ ജിവിതോപാധി നഷ്ടപ്പെട്ടവരാണെന്നും വായ്പ എഴുതി തള്ളല്‍ പരിഗണിക്കണമെന്നും ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ഡോ. എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, എസ്. ഈശ്വരന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കോടതി ഉത്തരവ് അനുസരിച്ച് ഇക്കാര്യം പരിഗണിക്കാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. മധ്യവേനല്‍ അവധിക്ക് ശേഷം കോടതി ഹരജി വീണ്ടും പരിഗണിക്കുമെന്നും ഉത്തരവിറക്കുമെന്നുമാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. അതിന് ശേഷം കോടതി നിര്‍ദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നുമാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.