വധശിക്ഷ പ്രതികാരമാകരുത്; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രീംകോടതി
national news
വധശിക്ഷ പ്രതികാരമാകരുത്; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st May 2022, 4:54 pm

ന്യൂദല്‍ഹി: വധശിക്ഷ വിധിക്കുന്നതിന് മാര്‍ഗനിര്‍ദേശവുമായി സുപ്രീം കോടതി. ഏതെങ്കിലും കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുന്നത് പ്രതികാരമായാണ് കണക്കാക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

മിക്ക കേസുകളിലും വിധി ലഘൂകരിക്കാനുള്ള സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്പീല്‍ ഘട്ടത്തിലാണ് ശേഖരിക്കുന്നതെന്നും അത്തരം വിവരങ്ങള്‍ കൂടുതലും ശിക്ഷാവിധിക്ക് ശേഷമുള്ള സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. 2018ല്‍ നടന്ന കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് യു.യു ലളിത്, എസ് രവീന്ദ്ര ഭട്ട്, ബേല എം.ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

പ്രതികാരം വീട്ടുന്നത് പോലെയാണ് വിചാരണ കോടതികളിലടക്കം പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുന്നത്. പ്രതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിച്ച ശേഷമാണ് പ്രതിക്ക് വധശിക്ഷ വിധിക്കേണ്ടത്. പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ വിചാരണ ഘട്ടത്തില്‍ തന്നെ അന്വേഷിച്ചിരിക്കണം. പ്രതിയുടെ മാനസിക നിലയെക്കുറിച്ച് സര്‍ക്കാരിന്റെയും ജയില്‍ അധികൃതരുടേയും റിപ്പോര്‍ട്ട് തേടണമെന്നും കോടതി പറഞ്ഞു.

പ്രതി കുറ്റം ചെയ്തതില്‍ പശ്ചാത്തപിക്കാനോ മാറാനോ സാധ്യതയുണ്ടോ എന്നത് സംബന്ധിച്ചും വ്യക്തമായ വിവരങ്ങള്‍ സ്വീകരിക്കണം. പ്രതിയെക്കുറിച്ച് ശേഖരിക്കുന്ന വിവരങ്ങളില്‍ കുടുംബ പശ്ചാത്തലം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പ്രതിയുടെ പ്രായം, ആദ്യകാല കുടുംബ പശ്ചാത്തലം, നിലവിലെ കുടുംബം പശ്ചാത്തലം, വിദ്യാഭ്യാസം, സാമൂഹിക സാമ്പത്തിക പശ്ചാത്തലം, തൊഴില്‍, വരുമാനം എന്നീ വിഷയങ്ങളും അന്വേഷിച്ച ശേഷം മാത്രമേ പ്രതിക്ക് വധശിക്ഷ നല്‍കണോ എന്ന കാര്യം തീരുമാനിക്കാന്‍ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കി.

 

Content Highlight: The death penalty should not be retaliatory; Supreme Court with new guidelines