സാമ്പത്തിക പ്രതിസന്ധി; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം
national news
സാമ്പത്തിക പ്രതിസന്ധി; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം
ന്യൂസ് ഡെസ്‌ക്
Tuesday, 17th September 2019, 10:53 am

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കൊനൊരുങ്ങി കോണ്‍ഗ്രസ്. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്റിന് പുറത്ത് നടക്കുന്ന പ്രതിപക്ഷ കക്ഷികളുടെ ആദ്യ യോഗമായിരിക്കും ഇത്.

ദേശീയ പൗരത്വ പട്ടിക, കശ്മീര്‍ എന്നീ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും. യോഗത്തിന്റെ തിയ്യതി നിശ്ചയിച്ചിട്ടില്ല. പാര്‍ട്ടികളുമായി ആലോചിച്ചതിന് ശേഷമായിരിക്കും തിയ്യതി നിശ്ചയിക്കുക.

ഈ മാസം അവസാന വാരം യോഗം നടന്നേക്കും. പ്രാഥമിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ തുലാസിലാണ്. നിരവധി നിര്‍മ്മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടിയതും ഓട്ടോമൊബൈല്‍ മേഖലയിലെ തൊഴില്‍ നഷ്ടവുമൊക്കെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ ഹിന്ദുവിനോട് പറഞ്ഞു.

ഒക്ടോബര്‍ 15 മുതല്‍ 25 വരെ ദേശവ്യാപകമായി സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.