ആരാണ് GOAT? ആര്‍.ഡി.എക്‌സോ തല്ലുമാലയോ? വീണ്ടും ചര്‍ച്ച
Film News
ആരാണ് GOAT? ആര്‍.ഡി.എക്‌സോ തല്ലുമാലയോ? വീണ്ടും ചര്‍ച്ച
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th September 2023, 3:01 pm

ഓണം സീസണില്‍ ഇറങ്ങിയ മലയാളം സിനിമകളില്‍ വലിയ വിജയമായിരുന്നു നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍.ഡി.എക്സ്. 100 കോടി ടോട്ടല്‍ ബിസിനസ് നേടി മലയാള സിനിമ ചരിത്രത്തിലേക്കും ആര്‍.ഡി.എക്‌സ് ഇടംപിടിച്ചു.

ഷെയ്ന്‍ നിഗം, നീരജ് മാധവ്, ആന്റണി വര്‍ഗീസ് എന്നിവര്‍ നായകന്മാരായ ചിത്രം ആക്ഷന് പ്രാധാന്യം കൊടുത്താണ് അണിയിച്ചൊരുക്കിയത്. കെ.ജി.എഫ്, വിക്രം, ഡോക്ടര്‍ തുടങ്ങിയ മുന്‍നിര തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്ക് ഫൈറ്റ് കൊറിയോഗ്രഫി ഒരുക്കിയ അന്‍പറിവ് എന്നറിപ്പെടുന്ന അന്‍പുമണി, അറിവുമണി ഇരട്ടസഹോദരങ്ങളാണ് ആര്‍.ഡി.എക്സിന്റെ ഫൈറ്റ് കൊറിയോഗ്രഫി ഒരുക്കിയിരിക്കുന്നത്.

നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തതോടെ ചിത്രത്തിന്റെ തല്ലുമാലയുമായുള്ള താരതമ്യം വീണ്ടും തല പൊക്കിയിരിക്കുകയാണ്. തിയേറ്റര്‍ റിലീസിന്റെ സമയത്തും ഈ താരതമ്യ ചര്‍ച്ചകളുണ്ടായിരുന്നു.

മലയാളത്തില്‍ മികച്ച ആക്ഷന്‍ ചിത്രങ്ങളിലൊന്ന് എന്ന നിലക്കാണ് ആര്‍.ഡി.എക്‌സ് വിലയിരുത്തപ്പെടുന്നത്. ഒരു കോംപ്രമൈസും കൂടാതെ റിയലിസ്റ്റിക് ഫൈറ്റ് ഒരുക്കിയ തല്ലുമാലയാണ് മികച്ചതെന്നും എന്നാല്‍ പ്രേക്ഷകരുമായി ഇമോഷണലി കണക്ടായ ഫൈറ്റ് നല്‍കിയത് ആര്‍.ഡി.എക്സാണെന്നുമാണ് ഇരു ചിത്രങ്ങളുടെയും ആരാധകര്‍ പറയുന്നത്.

അതേസമയം വിവാദങ്ങള്‍ അനാവശ്യമാണെന്നും പറയുന്നവരുണ്ട്. വ്യക്തിപരമായ അഭിരുചികള്‍ക്കും ആസ്വാദന താല്പര്യങ്ങള്‍ക്കും അനുസരിച്ച് സിനിമകളുടെ ആസ്വാദനത്തിലും മാറ്റമുണ്ടാവുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

സിനിമകള്‍ ആസ്വദിച്ചാല്‍ പോരേയെന്നും ഏതെങ്കിലും ഒന്ന് ഒന്നാമതാവണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും ചോദിക്കുന്നവരുണ്ട്. ആര്‍.ഡി.എക്സ് കാലാകാലങ്ങളായുള്ള ആക്ഷന്‍ പാറ്റേണ്‍ വൃത്തിക്ക് ഉപയോഗിച്ച് വിജയിച്ച പടമാണ്, തല്ലുമാല പുതുപുത്തന്‍ പാറ്റേണ്‍ സംഭാവന ചെയ്തു. രണ്ടും ആസ്വദിക്കുക എന്നതാണ് ശരിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ വന്ന പ്രതികരണം.

തിയേറ്റര്‍ റിലീസിന്റെ സമയത്ത് നടന്ന ചര്‍ച്ചയില്‍ അജഗജാന്തരവുമുണ്ടായിരുന്നു. മൂന്ന് സിനിമകളേയും പരിശോധിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പ്രചരിച്ചിരുന്നു. മൂന്ന് സിനിമകളെ സൂക്ഷ്മമായി പരിശോധിച്ചാല്‍, അവതരണത്തിലും പ്ലോട്ടിലും കാര്യമായ വ്യത്യാസമുണ്ടെന്ന് കുറിപ്പില്‍ പറയുന്നു. റോ ഫൈറ്റ് സീക്വന്‍സുകളോട് കൂടിയ റിയലിസ്റ്റിക് സമീപനമാണ് അജഗജാന്തരത്തിന് ലഭിച്ചത്. സിനിമയുടെ മൂഡ് ഇരുണ്ടതാണ്, ഫൈറ്റ് പൂര്‍ണമായും രാത്രിയിലാണ് നടക്കുന്നത്.

പുതിയ ആഖ്യാനത്തിലൂടെയും മേക്കിങ് പാറ്റേണിലൂടെയും അമ്പരപ്പിച്ച ഒരു മികച്ച ആക്ഷന്‍ ചിത്രമാണ് തല്ലുമാല. ചിത്രത്തിന്റെ സാങ്കേതിക മികവും വിഷ്വല്‍ ഓഡിയോ മേഖലയിലെ നിലവാരവും മോളിവുഡിന്റെ സെന്‍സിബിലിറ്റിക്കും മുകളിലായിരുന്നു.

ആര്‍.ഡി.എക്സ് മാസ് എന്റര്‍ടെയ്ന്‍മെന്റ് ആണ്. ഇമോഷന്‍സും ആക്ഷനും ഒരുമിച്ച് ചേര്‍ത്തതാണ് ചിത്രം. ഫാമിലി ഇമോഷന്‍സ് ഉള്ളത് ഭൂരിപക്ഷം വരുന്ന പ്രേക്ഷകരെ രസിപ്പിക്കുമെന്നാണ് കുറിപ്പില്‍ പറയുന്നത്.

ഈ ചിത്രങ്ങളെല്ലാം മലയാളത്തിലെ വലിയ വിജയങ്ങളാണെന്നും, അതില്‍ പരസ്പരം തര്‍ക്കിക്കാതെ മികച്ച സിനിമകളെ ചേര്‍ത്തുപിടിക്കുകയാണ് ചെയ്യേണ്ടതെന്നുമാണ് ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.

Content Highlight: The comparison of the film RDX with Thallumala became active on social media