കൊച്ചി: നന്ദഗോവിന്ദം ഭജന്‍സിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലെ കമന്റും അതിന് അദ്ദേഹം നല്‍കിയ മറുപടിയും ചര്‍ച്ചയാകുന്നു.
‘പള്ളിപ്പെരുനാളിന് അയ്യപ്പ ഭക്തിഗാനവും ക്ഷേത്രോത്സവത്തില്‍ യേശുദേവന്റെ സ്തുതിയും ഒക്കെ ചെയ്‌തെന്നിരിക്കും. ക്ഷേത്രാങ്കണത്തില്‍ നോമ്പ് തുറയും മസ്ജിദിന്റെ മുറ്റത്ത് അയ്യപ്പഭക്തര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യവും ഒക്കെ ഒരുക്കിയെന്നിരിക്കും. റോസിക്ക് എന്റെ സ്വഭാവവും പ്രവര്‍ത്തികളും ഇഷ്ടമാവുന്നില്ലെങ്കില് ഈ വീട്ടില്‍ നിന്ന് റോസി എങ്ങോട്ടെങ്കിലും പൊയ്‌ക്കോളൂ,’ എന്നായിരുന്നു സന്ദീപിന്റെ പോസ്റ്റ്.
പോസ്റ്റിന് പിന്നാലെ അദ്ദേഹത്തെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേരെത്തിയിരുന്നു.
‘നീ പോയി മസ്ജിദ് മുമ്പില്‍ ഭജന പാടാന്‍ അനുവാദം ചോദിക്ക് ലീഗിനോട്,’ എന്നായിരുന്നു അവരുടെ കമന്റ്.
ഇതിന് ‘എന്നിട്ട് വേണം കുറച്ച് കൊല്ലം കഴിഞ്ഞ് സന്ദീപ് ഭജന പാടിയ സ്ഥലമാണ് എന്ന് പറഞ്ഞ് നിനക്കൊക്കെ അവിടെ പോയി കുഴിക്കാന്‍… ആ പൂതി മനസില്‍ വെച്ചാല്‍ മതി,’ എന്നായിരുന്നു സന്ദീപിന്റെ മറുപടി.
കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭജന അവതരിപ്പിക്കുന്നതിനിടെ യേശുദാസ് ആലപിച്ച്, ഈയിലെ കാന്താ ബാന്‍ഡിലൂടെ വീണ്ടും തരംഗമായ ‘ഈ പരദേവനഹോ’ എന്ന ക്രൈസ്തവ ഭക്തിഗാനം നന്ദഗോവിന്ദം ഭജന്‍സ് അവതരിപ്പിച്ചതിന് പിന്നാലെ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ ഇവര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയും ഹൃദയവിദ്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിയും വിദ്വേഷ പ്രസ്താവനയുമായി ഇവര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാല്‍ അത് മുറിയാതിരിക്കില്ലെന്ന് ശശികല പറഞ്ഞു. ചിക്കന്‍ മസാല നല്ലതാണെന്നും പക്ഷേ പായസത്തിലിടരുതെന്നുമായിരുന്നു ഫേസ്ബുക്കിലൂടെയുള്ള ശശികലയുടെ പരിഹാസം.
ഭജന സംഘത്തെ ‘നന്ദകുന്തിരിക്കം ഭജന്‍സ്’ എന്ന് പരിഹസിച്ച ഗുരുമൂര്‍ത്തി, ഹിന്ദുക്കളുടെ ചെലവില്‍ പ്രശസ്തി നേടിയ ശേഷം ക്ഷേത്രവേദികളില്‍ ‘ഹാലേലൂയ്യ’ പാടുന്നത് അംഗീകരിക്കാനാവില്ലെന്ന് വിമര്‍ശിച്ചു.
അതേസമയം, നന്ദഗോവിന്ദം ഭജന്‍സിന് പിന്തുണയുമായി ക്ഷേത്ര കമ്മിറ്റി രംഗത്തെത്തിയിരുന്നു.
ക്ഷേത്ര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയായിരുന്നു അതെന്നും നന്ദഗോവിന്ദം ഭജന്‍സ് സൗജന്യമായാണ് പരിപാടി നടത്തിയതെന്നും അവര്‍ വ്യക്തമാക്കി. ഒരു മതത്തിന്റെയും വേര്‍തിരിവില്ലാതെ എല്ലാവരും ഒരുമിച്ച് സഹകരിച്ചാണ് ഈ പരിപാടി നടത്തിയതെന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.
Content Highlight: The comments and replies to Sandeep Varier’s post supporting Nanda Govindam Bhajans are being discussed.