ലണ്ടന്‍:ഫലസ്തീന്‍ ക്രൈസ്തവ സംഘടനകള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ഭിന്നത രൂക്ഷമാകുന്നു. ‘എ മൊമെന്റ് ഓഫ് ട്രൂത്ത്: ഫെയ്ത്ത് ഇന്‍ എ ടൈം ഓഫ് ജെനോസൈഡ്’ (A Moment of Truth: Faith in a Time of Genocide – കെയ്റോസ് II) എന്ന റിപ്പോര്‍ട്ടിനെച്ചൊല്ലിയുള്ള ആഭ്യന്തര ചര്‍ച്ചകളാണ് ഇപ്പോള്‍ തര്‍ക്കത്തിലേക്ക് വഴിമാറിയിരിക്കുന്നത്.
ഫലസ്തീന്‍ ക്രൈസ്തവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനുള്ള നീക്കത്തെ തടയാന്‍ ബ്രിട്ടനിലെ പ്രമുഖ സയണിസ്റ്റ് ഗ്രൂപ്പുകളും ജൂത നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
‘കെയ്റോസ് ഫലസ്തീന്‍’ 2025 നവംബറില്‍ പുറത്തിറക്കിയ ഈ റിപ്പോര്‍ട്ടില്‍ ഗസയില്‍ നടക്കുന്നത് ‘വംശഹത്യയും വംശീയ ഉന്മൂലനവുമാണെന്ന്’ വിശേഷിപ്പിക്കുന്നു. ഇസ്രഈലിനെ ഒരു ‘അധിനിവേശ, കുടിയേറ്റ’ ശക്തിയായാണ് ഇതില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.
ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തെ റിപ്പോര്‍ട്ട് ന്യായീകരിക്കുന്നില്ലെങ്കിലും, 1948 മുതലുള്ള അനീതികളുടെയും ഗസയിലെ ഉപരോധത്തിന്റെയും പശ്ചാത്തലത്തിലാണ് ഇത് സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഇസ്രഈലിന്റെ സ്വയം പ്രതിരോധ വാദത്തെ റിപ്പോര്‍ട്ട് തള്ളിക്കളയുന്നു.
ബ്രിട്ടീഷ് ചീഫ് റബ്ബി സര്‍ എഫ്രയീം മിര്‍വിസ് ഈ നീക്കത്തിനെതിരെ രംഗത്തുവന്നു. ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നത് ക്രിസ്ത്യന്‍-ജൂത ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നും ഇത് ‘ദൈവശാസ്ത്രത്തിന്റെ വേഷമണിഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും’ അദ്ദേഹം ആരോപിച്ചു.
ബോര്‍ഡ് ഓഫ് ഡെപ്യൂട്ടീസ് ഓഫ് ബ്രിട്ടീഷ് ജ്യൂസ്, കാമ്പെയ്ന്‍ എഗൈന്‍സ്റ്റ് ആന്റിസെമിറ്റിസം തുടങ്ങിയ സംഘടനകളും റിപ്പോര്‍ട്ടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇത് ചരിത്രപരമായ വസ്തുതകളെ വളച്ചൊടിക്കുന്നതാണെന്നും യു.കെയിലെ ജൂതന്മാര്‍ക്ക് ദോഷകരമായി ഭവിക്കുമെന്നും അവര്‍ വാദിക്കുന്നു.
മെത്തഡിസ്റ്റ് ചര്‍ച്ച് നേരത്തെ തന്നെ ഈ റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നു. ഫലസ്തീനില്‍ ക്രൈസ്തവര്‍ക്കും അവരുടെ പുണ്യസ്ഥലങ്ങള്‍ക്കും നേരെയുള്ള ഇസ്രഈല്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ വിവാദം.
അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഫലസ്തീനില്‍ നിന്ന് ക്രൈസ്തവര്‍ പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടേക്കാം എന്ന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Content Highlight: The Chief Rabbi calls for blocking the Church of England’s discussion on the report regarding the genocide of Palestinian Christians.