മുഖ്യമന്ത്രി വിമര്‍ശിച്ചത് ചെഗുവേരയുടെ ചിത്രമുള്ള കൊടി വീശിയതിനെ; മനോരമ കണ്ടത് ഗണേഷ് കുമാറിന്റെ ചിത്രമുള്ള ഫ്ളക്സ്; വിമര്‍ശനം
Kerala News
മുഖ്യമന്ത്രി വിമര്‍ശിച്ചത് ചെഗുവേരയുടെ ചിത്രമുള്ള കൊടി വീശിയതിനെ; മനോരമ കണ്ടത് ഗണേഷ് കുമാറിന്റെ ചിത്രമുള്ള ഫ്ളക്സ്; വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd June 2025, 12:04 pm

കോഴിക്കോട്: നിലമ്പൂരില്‍ ഇന്നലെ നടന്ന എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ ചെഗുവേരയുടെ ചിത്രമുള്ള പതാക വീശിയതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചത് ഗണേഷ് കുമാറിന്റെ ചിത്രമുള്ള ഫ്ളക്സിനെതിരെയുള്ള വിമര്‍ശനമാക്കി മനോരമ ന്യൂസ്. കക്ഷികളുടെ അടയാളങ്ങള്‍ മുന്നണിയുടേതല്ലെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെയാണ് മനോരമ ന്യൂസ് ഗണേഷ് കുമാറിന്റെ ചിത്രമുള്ള ഫ്ളക്സിനെതിരെയുള്ള വിമര്‍ശനം എന്ന നിലയില്‍ ചിത്രീകരിച്ചത്.

മനോരമ ന്യൂസിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഷോര്‍ട്ട് വീഡിയോയിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെ തെറ്റായി ചിത്രീകരിച്ചിരിക്കുന്നത്. നിലമ്പൂരില്‍ മുഖ്യമന്ത്രിക്ക് നീരസം ഉണ്ടാക്കിയത് മന്ത്രി ഗണേഷ് കുമാറിന്റെ ഫ്ളക്സ് എന്ന കുറിപ്പോടെ മുഖ്യമന്ത്രി സംസാരിക്കുന്ന വീഡിയോയില്‍ ഗണേഷ് കുമാറിന്റെയും എം. സ്വരാജിന്റെയും ചിത്രമുള്ള ഫ്ളക്സ് ചേര്‍ത്താണ് മനോരമ വീഡിയോ നല്‍കിയിരിക്കുന്നത്

ഈ പരിപാടി എല്‍.ഡി.എഫിന്റെ പരിപാടിയാണ്. അങ്ങനെയാവുമ്പോള്‍ എല്‍.ഡി.എഫിന്റെ ഘടക കക്ഷികളായിട്ടുള്ള പാര്‍ട്ടികള്‍ സാധാരണയായി ഉപയോഗിക്കുന്ന പതാകകളുണ്ടാവും, അത് സ്വാഭാവികമായിട്ടുമുണ്ടാവും. ഓരോ കക്ഷിയും അവരുടേതായ ചില അടയാളങ്ങള്‍ ഉപയോഗിച്ചുവെന്ന് വരും. അത് കക്ഷികള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് എല്‍.ഡി.എഫിന്റേതല്ല. എല്‍.ഡി.എഫിന്റെ പൊതുവായ അടയാളങ്ങള്‍ മാത്രമേ ഇതുപോലുള്ള പരിപാടികളില്‍ ഉപയോഗിക്കാവൂവെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറയുന്ന വീഡിയോയാണ് മനോരമ ആ ദൃശ്യത്തോടൊപ്പം ചേര്‍ത്തത്.

പിന്നാലെ ഇതിനെതിരെ വീഡിയോയുടെ താഴെയായി ചില വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. മറ്റൊരു വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞ അഭിപ്രായത്തെ മറ്റ് ദൃശ്യങ്ങളുപയോഗിച്ച് വക്രീകരിക്കുന്ന മനോരമ ന്യൂസിന്റെ ചേതോവികാരത്തെയാണ് പലരും ചോദ്യം ചെയ്യുന്നത്.

സദസിലാരോ ആവേശത്തോടെ ചെഗുവേരയുടെ ചിത്രമുള്ള പതാക വീശിയപ്പോഴാണ് സംസാരം നിര്‍ത്തി മുഖ്യമന്ത്രി കാണുമ്പോള്‍ സന്തോഷമാണെന്നും പക്ഷേ ഇത് എല്‍.ഡി.എഫിന്റെ കണ്‍വെന്‍ഷന്‍ ആണെന്നും, സി.പി.ഐ.എമ്മിന്റേതല്ല. പ്രദര്‍ശിപ്പിക്കുന്നതെല്ലാം അനുയോജ്യമായിരിക്കണമെന്ന് പറഞ്ഞത്.

Content Highlight: The Chief Minister criticized the waving of a flag with Che Guevara’s picture; Manorama saw a flex with Ganesh Kumar’s picture; criticism