കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്താമെന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍; ദല്ലേവാളിനെ സന്ദര്‍ശിച്ച് ഉദ്യോഗസ്ഥര്‍
national news
കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്താമെന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍; ദല്ലേവാളിനെ സന്ദര്‍ശിച്ച് ഉദ്യോഗസ്ഥര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th January 2025, 10:24 am

ന്യൂദല്‍ഹി: സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. പഞ്ചാബിലെ കര്‍ഷകരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫെബ്രുവരി 14ന് ചണ്ഡീഗഡില്‍ കേന്ദ്രസര്‍ക്കാര്‍ യോഗം ചേരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജോയിന്റ് സെക്രട്ടറി പ്രിയരജ്ഞന്റെ നേതൃത്വത്തിലുള്ള കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിലെ ഉദ്യോഗസ്തരുടെ സംഘം നിരാഹാര സമരം നടത്തുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ സന്ദര്‍ശിച്ചിരുന്നു. ദല്ലേവാളിനെ കാണുകയും സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നീ കര്‍ഷക സംഘടനകളുമായി കൂടിക്കാഴ്ച നടത്തിയതിനും ശേഷമാണ് കേന്ദ്രത്തിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കര്‍ഷകരുമായി ചര്‍ച്ച നടത്തുമെന്ന കേന്ദ്രത്തിന്റെ തീരുമാനം വന്നതിനെ തുടര്‍ന്ന് നിര്‍ദിഷ്ട യോഗത്തില്‍ പങ്കെടുക്കുന്നതിനായി വൈദ്യസഹായം സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്ന് ദല്ലേവാള്‍ അറിയിക്കുകയും ചെയ്തു. നിലവില്‍ ദല്ലേവാളിന്റെ നിരാഹാര സമരം 54ാം ദിവസത്തിലേക്ക് കടന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്രമന്ത്രിമാരകുമായി കര്‍ഷക നേതാക്കള്‍ ചര്‍ച്ച നടത്തുകയും ചര്‍ച്ച പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷം ആദ്യമായാണ് കര്‍ഷക നേതാക്കളും കേന്ദ്രത്തിന്റെ പ്രതിനിധികളും ചര്‍ച്ച നടത്തുന്നത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 8,12,15,18 തീയതികളില്‍ കേന്ദ്രമന്ത്രിമാരും കര്‍ഷക നേതാക്കളും തമ്മില്‍ നാല് ഘട്ടമായി യോഗം ചേര്‍ന്നിരുന്നുവെങ്കിലും ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല.

അതേസമയം 54ാം ദിവസത്തിലേക്ക് നിരാഹാരത്തിലേക്ക് കടക്കുന്ന ദല്ലേവാളിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് കേന്ദ്രം പ്രതിനിധി സംഘത്തെ അയച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായി വരുന്ന 14ന് 5 മണിക്ക് മഹാത്മാഗാന്ധി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ വെച്ച് കേന്ദ്രമന്ത്രിമാരുമായി യോഗം ചേരുന്നതിനായി പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനാ നേതാക്കളെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം നിരാഹാരം അവസാനിപ്പിച്ച് യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പിന്നാലെ യോഗത്തിന്റെ നിര്‍ദേശം അംഗീകരിക്കുന്നുവെന്നും നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍ യോഗത്തില്‍ കര്‍ഷക നേതാക്കളെ പ്രതിനിധീകരിക്കുമെന്നും കര്‍ഷക നേതാവ് ഖാക്ക സിങ് കോത്ര പറഞ്ഞു.

കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കുമുള്ള സമഗ്ര വായ്പ പദ്ധതി എഴുതിത്തള്ളണമെന്നും, സ്മാര്‍ട്ട് മീറ്ററുകള്‍, 300 യൂണിറ്റ് വരെ സൗജന്യമായി വൈദ്യുതി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും വിളകള്‍ക്ക് സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത താങ്ങുവില പ്രഖ്യാപിക്കുക, കാര്‍ഷിക കടാശ്വാസം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ദല്ലേവാളടക്കമുള്ള കര്‍ഷകര്‍ സമരം ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 26 മുതലാണ് പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള അതിര്‍ത്തിയായ ഖനൗരി, ശംഭു അതിര്‍ത്തിയില്‍ രണ്ടാംഘട്ട കര്‍ഷകസമരം ആരംഭിച്ചത്. ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താന്‍ സുരക്ഷാ സേന അനുമതി നിഷേധിച്ചതിന് പിന്നാലെ കര്‍ഷകര്‍ അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്ത് പ്രതിഷേധിക്കുകയായിരുന്നു.

Content Highlight: The central government agreed to hold talks with farmers’ leaders; Officials visited Dallewal