രാഷ്ട്രീയക്കാരുടെ കൈകടത്തലല്ല, രാഷ്ട്രീയക്കാര്‍ തന്നെയാണ് ബോര്‍ഡിനകത്ത് ഉള്ളതെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. സിനിമയില്‍ നിന്ന് ചുരുക്കം ആളുകള്‍ മാത്രമേ ബോര്‍ഡിലുള്ളു. കുറഞ്ഞത് 10 പേര്‍. പക്ഷെ നാല്‍പതോളം ബോര്‍ഡ് അംഗങ്ങളാണുള്ളത്. ഇതില്‍ 30 പേരും രാഷ്ട്രീയക്കാരായിരിക്കുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഹാല്‍, എമ്പുരാന്‍ തുടങ്ങിയ സിനിമകള്‍ക്കെതിരായ സെന്‍സര്‍ ബോര്‍ഡിന്റെ നടപടികളില്‍ പ്രതികരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.
സിനിമയിലെ വിവിധ മേഖലകളില്‍ നിന്നുള്ള സംവിധായകര്‍, അഭിനേതാക്കള്‍, എഡിറ്റര്‍, പ്രമുഖരായ എഴുത്തുകാര്‍ തുടങ്ങിയവരാണ് സെന്‍സര്‍ ബോര്‍ഡില്‍ അംഗങ്ങളായി ഉണ്ടാകുക. എം.ടി. വാസുദേവന്‍ നായര്‍ ഉള്‍പ്പെടെ ബോര്‍ഡില്‍ അംഗങ്ങളായിരുന്നുവെന്നും മുന്‍ ബോര്‍ഡ് അംഗം കൂടിയായ ഭാഗ്യലക്ഷ്മി പറഞ്ഞു.
കേന്ദ്രം ആര് ഭരിക്കുന്നുവോ അവരായിരിക്കും സെന്‍സര്‍ ബോര്‍ഡില്‍ ഉണ്ടാകുക. കോണ്‍ഗ്രസ് ആണെങ്കില്‍ അങ്ങനെ, ബി.ജെ.പി ആണെങ്കില്‍ അങ്ങനെ. തന്നെ അബദ്ധവശാല്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതാണ്. രണ്ട് കൊല്ലം കഴിഞ്ഞപ്പോഴാണ് തന്റെ പാര്‍ട്ടിയും ആശയവും വേറെയാണെന്ന് മനസിലാക്കുന്നത്. അതോടുകൂടി തന്നെ മാറ്റിനിര്‍ത്തി. താനൊരു ഇടതുപക്ഷ അനുഭാവി കൂടിയാണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ കമ്മ്യൂണിസ്റ്റ് അനുഭാവിയാണ്. സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണത്തില്‍ ഉള്ളപ്പോഴാണ് ഞാന്‍ സെന്‍സര്‍ ബോര്‍ഡില്‍ അംഗമാകുന്നത്. എന്നാല്‍ എന്നെ നിര്‍ദേശിക്കുന്നത് കേന്ദ്രത്തില്‍ നിന്നാണ്. മൂന്ന് വര്‍ഷം കഴിഞ്ഞതോടെ എന്നെയും ബോര്‍ഡില്‍ ഉണ്ടായിരുന്ന മറ്റു കമ്മ്യൂണിസ്റ്റുകാരെയും മാറ്റി,’ ഭാഗ്യലക്ഷ്മി പറഞ്ഞു.