താമരശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരമല്ല; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
Kerala
താമരശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരമല്ല; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th October 2025, 8:13 pm

കോഴിക്കോട്: താമരശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അബീമിക് മസ്തിഷ്‌ക ജ്വരം ബാധിച്ചല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് ചികിത്സിച്ച ഡോക്ടറെ കുട്ടിയുടെ പിതാവായ സനൂപ് തലയ്ക്ക് വെട്ടിയത്. കുട്ടിയുടെ അമ്മയും മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന് ആരോപിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കുട്ടി മരിച്ചത് ഇന്‍ഫ്‌ലുവന്‍സ എ അണുബാധ മൂലമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ നാളെ (വെള്ളി) തെളിവെടുപ്പ് നടക്കാനിരിക്കെയാണ് കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്.

താമരശേരി കോരങ്ങാട് എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അനയ (9) ആണ് മരിച്ചത്. കുട്ടിയുടെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളായതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അനയ മരണപ്പെട്ടത്. ഇതിനുപിന്നാലെയാണ് ചികിത്സ പിഴവ് ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവായ സനൂപ് ഡോക്ടറെ വെട്ടിയത്. പ്രതിയെ നാളെ താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് തെളിവെടുക്കും.

Content Highlight: The cause of death of a fourth-grade girl in Thamarassery was not amoebic encephalitis; postmortem report