തിരുവനന്തപുരം: ക്വിറ്റ് ഇന്ത്യ സമരകാലത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടിനെക്കുറിച്ച് സഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
വർഷങ്ങൾക്ക് മുൻപ് അരുൺ ഷൂരി ‘ഇല്ല്യുസ്ട്രേറ്റഡ് വീക്കിലി’യിൽ എഴുതിയ നിറംപിടിപ്പിച്ച നുണകളും അർധസത്യങ്ങളുമാണ് പുതിയ കണ്ടുപിടുത്തമെന്ന രീതിയിൽ നിലമ്പൂർ എം.എൽ.എ സഭയിൽ ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
സംഘപരിവാറിന്റെയും ചില പഴയ കോൺഗ്രസുകാരുടെയും മുനതേഞ്ഞ ആരോപണങ്ങളെ ആശ്രയിച്ചാണ് അരുൺ ഷൂരി ഈ ലേഖനം എഴുതിയതെന്നും, അതിന് അന്നത്തെ പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എം. ബസവപുന്നയ്യ അക്കാലത്തുതന്നെ കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി വി.ഡി. സതീശൻ ഉന്നയിച്ച് സ്റ്റാലിൻ – ഹിറ്റ്ലർ ബാന്ധവത്തെ കുറിച്ചുള്ള ആരോപണങ്ങൾക്കും അദ്ദേഹം മറുപടി നൽകി. 1941ൽ ജർമനി സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെയാണ് ലോകത്തെ ആകെ നാസിസം കീഴ്പ്പെടുത്തുമെന്ന വിലയിരുത്തലിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സോവിയറ്റ് യൂണിയൻ ഉൾപ്പെട്ട സഖ്യകക്ഷിക്ക് പിന്തുണ പ്രഖ്യാപിച്ചത്.
ഇതൊരിക്കലും ബ്രിട്ടീഷ് രാജിനെ അംഗീകരിക്കലായിരുന്നില്ല. സോവിയറ്റ് യൂണിയൻ ആക്രമിക്കപ്പെട്ടപ്പോൾ ‘തന്റെ സഹതാപം ഇംഗ്ലണ്ടിനോടൊപ്പമാണ്’ എന്ന് മഹാത്മാഗാന്ധി തന്നെ വൈസ്രോയി ലിൻലിത്ഗോ പ്രഭുവിനോട് പറഞ്ഞിട്ടുള്ളതായി അദ്ദേഹത്തിന്റെ സമാഹൃത കൃതികളിൽ വ്യക്തമാക്കുന്നുണ്ടെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
1942 ഓഗസ്റ്റിൽ പ്രഖ്യാപിച്ച ക്വിറ്റ് ഇന്ത്യ സമരം, ലോകരാഷ്ട്രീയത്തെ ഫാസിസം വിഴുങ്ങുമെന്ന സാഹചര്യം മുൻകൂട്ടി കണ്ടുകൊണ്ട് തൊട്ടടുത്ത വർഷം തന്നെ ഗാന്ധിജി പിൻവലിച്ച കാര്യവും ചരിത്രം പറയുന്നവർ ഓർക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് ഭരണകാലത്ത് കോൺഗ്രസിന് നിരോധനമില്ലാതിരുന്നപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ബ്രിട്ടീഷുകാർ നിരോധിച്ചിരുന്നുവെന്ന വസ്തുതയും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കമ്മ്യൂണിസ്റ്റുകാർക്കെതിരെ പെഷവാർ, കാൺപൂർ, മദ്രാസ്, മീററ്റ്, ലാഹോർ ഗൂഢാലോചന കേസുകൾ ചുമത്തിയത് ഇതേ കാലത്താണ്.
1943ൽ നിരോധനം നീങ്ങിയ ശേഷം ബോംബെയിൽ നടന്ന പാർട്ടിയുടെ ഒന്നാം കോൺഗ്രസിൽ പങ്കെടുത്ത 139 പ്രതിനിധികൾ ആകെ ജയിലിൽ കഴിഞ്ഞത് 411 വർഷമാണ്. പ്രതിനിധികളിൽ 70 ശതമാനത്തോളം പേരും തങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്റെ പകുതിയോളം കാലം ജയിലിലായിരുന്നു. 53 ശതമാനം പേർ ഒളിവിലായിരുന്നു.
പാർട്ടിയുടെ ഒന്നാം കോൺഗ്രസ് നടക്കുമ്പോഴും 695 കമ്മ്യൂണിസ്റ്റ് നേതാക്കൾ ജയിലിലായിരുന്നു, അതിൽ 105 പേർ ജീവപര്യന്തം തടവ് അനുഭവിക്കുന്നവരായിരുന്നു. രക്തക്കറ പുരണ്ടതാണ് കമ്മ്യൂണിസ്റ്റുകാരുടെ സമരചരിത്രമെന്നും പിണറായി വിജയൻ പറഞ്ഞു.
പി.സി. ജോഷി ബ്രിട്ടീഷുകാർക്ക് എഴുതിയ കത്തുകൾ ഫാസിസ്റ്റ് വിരുദ്ധ യുദ്ധത്തിന് അനുകൂലമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ ഉള്ളതായിരുന്നുവെന്നും, അതിൽ എവിടെയും കോൺഗ്രസുകാരെ ഒറ്റിക്കൊടുക്കാമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
1946-ലെ പുന്നപ്ര-വയലാർ സമരകാലത്തും 1948 മുതൽ 51 വരെയുള്ള കാലഘട്ടത്തിലും മലബാറിൽ കമ്മ്യൂണിസ്റ്റുകാരെ പോലീസിന് പിടിച്ചുകൊടുക്കാൻ കൂട്ടുനിന്നത് കോൺഗ്രസുകാരായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മഹാനായ കോൺഗ്രസ് നേതാവായിരുന്ന മോയ്യാരത്ത് ശങ്കരൻ കമ്മ്യൂണിസ്റ്റുകാരനായി എന്ന കാരണത്താൽ അന്നത്തെ കോൺഗ്രസിന്റെ ‘കുറുവടിപ്പട’ വഴിയിലിട്ട് തല്ലിച്ചതച്ച് പോലീസിലേൽപ്പിക്കുകയും തുടർന്ന് അദ്ദേഹം ജയിലിൽ രക്തസാക്ഷിത്വം വരിക്കുകയുമാണുണ്ടായതെന്നും പിണറായി വിജയൻ സഭയെ ഓർമിപ്പിച്ചു.
സി.പി. രാമസ്വാമി അയ്യരുടെ അഞ്ച് രൂപ പൊലീസിൽ ചേർന്ന് പുന്നപ്ര-വയലാർ പോരാളികളെ ഒറ്റിയവരും മലബാറിൽ എം.എസ്.പിക്കൊപ്പം വീടുകയറി കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടിയവരും കോൺഗ്രസ് പാരമ്പര്യമുള്ളവരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
1921ലെ മലബാർ കാർഷിക കലാപത്തെ ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന് ‘മാപ്പിള ലഹള’ എന്ന് പരിഹസിച്ച ചരിത്രമാണ് കോൺഗ്രസിന്റേതെന്ന് അദ്ദേഹം വിമർശിച്ചു. 1969ൽ മലപ്പുറം ജില്ല രൂപീകരിക്കുന്നതിനെ കോൺഗ്രസ് ശക്തമായി എതിർത്തു. സംഘപരിവാറിനൊപ്പം തോളോട് തോൾ ചേർന്നാണ് അന്ന് കോൺഗ്രസ് നിലകൊണ്ടത്.
1969ൽ വഴിക്കടവിൽ നിന്നും ആരംഭിച്ച മലപ്പുറം ജില്ലാ വിരുദ്ധ ജാഥ നയിച്ചത് ആരാണെന്ന് നിലമ്പൂർ അംഗത്തിന് നന്നായി അറിയാം. അന്ന് ജില്ലാ വിരുദ്ധ സമരത്തിനായി ജനസംഘം നേതാവ് എ.ബി. വാജ്‌പേയിയെ മലപ്പുറത്തിന്റെ മണ്ണിലേക്ക് കൊണ്ടുവന്നത് കോൺഗ്രസാണ്.
വാജ്‌പേയിയുടെ പേര് കേൾക്കുമ്പോൾ ബി.ജെ.പിക്ക് പൊള്ളുന്നതിനേക്കാൾ കൂടുതൽ ഇവിടെയുള്ള ചിലർക്കാണ് പൊള്ളുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ചരിത്രപരമായ ഇത്തരം സത്യങ്ങൾ ഓർമിപ്പിക്കാൻ അവസരം നൽകിയതിന് നിലമ്പൂർ അംഗത്തിന് നന്ദി രേഖപ്പെടുത്തുന്നതായി പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.
Content Highlight: The British banned the Communist Party when the Congress was not banned; Pinarayi Vijayan responds