'അവര്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല'; മോദിയും യോഗിയും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നു എന്ന അഭ്യൂഹങ്ങളെ തള്ളി ബി.ജെ.പി
Natonal news
'അവര്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല'; മോദിയും യോഗിയും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നു എന്ന അഭ്യൂഹങ്ങളെ തള്ളി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th June 2021, 11:13 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നു ബി.ജെ.പി. മോദിയും യോഗിയും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണു വിശദീകരണവുമായി ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ രാധാ മോഹന്‍ സിങ് രംഗത്തെത്തിയത്.

യു.പിയില്‍ പാര്‍ട്ടി തലത്തിലോ സര്‍ക്കാര്‍ തലത്തിലോ നേതൃമാറ്റം ഉണ്ടാകേണ്ട ഒരു സാഹചര്യവും ഇല്ലെന്നും ഉത്തര്‍പ്രദേശിന്റെ ചുമതല വഹിക്കുന്ന രാധാ മോഹന്‍ സിങ് പറഞ്ഞു.

‘മാധ്യമ റിപ്പോര്‍ട്ടുകളില്‍ കഴമ്പില്ല. പ്രധാനമന്ത്രിയുടെ സ്വപ്നങ്ങള്‍ നടപ്പാക്കാന്‍ കഴിവുള്ള ആളാണു യോഗി ആദിത്യനാഥ്. സംസ്ഥാന സര്‍ക്കാരും ബി.ജെ.പിയും മികച്ച പ്രകടനമാണു കാഴ്ച വയ്ക്കുന്നത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്നു. അതിലാണു തല്‍ക്കാലം ശ്രദ്ധിക്കുന്നത്,’ മോഹന്‍ സിങ് പറഞ്ഞു.

യു.പിയില്‍ ബി.ജെപി. നേതൃത്വത്തില്‍ നിന്നു യോഗിയെ ഒഴിവാക്കണമെന്നു സംസ്ഥാന ഘടകത്തില്‍ ആവശ്യം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യോഗിയുടെ പിറന്നാള്‍ ദിനത്തില്‍ മോദിയും അമിത് ഷായും സമൂഹ മാധ്യമങ്ങളില്‍ ആശംസകള്‍ അറിയിക്കാതിരുന്നതും വലിയ വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണു വിഷയത്തില്‍ ബി.ജെ.പിയുടെ ഔദ്യോഗിക വശദീകരണം.

അതേസമയം, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി.
വിജയം പോലെ തോല്‍വിയും പാഠമാക്കണമെന്നു ബി.ജെ.പി നേതാക്കളോടു മോദി പറഞ്ഞു.

‘കഴിഞ്ഞതു തോല്‍വിയോ വിജയമോ ആകട്ടെ, അതില്‍ നിന്നും ഒരു പാഠം ഉള്‍ക്കൊള്ളുകയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയും ചെയ്യുക,’ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരോടു മോദി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: The BJP has come out with an explanation amid rumors that the rift between Modi and Yogi is deepening