കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ എല്ലാ മദ്രസകളിലും ‘വന്ദേ മാതരം’ ആലപിക്കുന്നത് നിര്‍ബന്ധമാക്കി സുവേന്ദു അധികാരി സര്‍ക്കാര്‍. മദ്രസ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ഈ ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.
സര്‍ക്കാര്‍ മോഡല്‍ മദ്രസകള്‍, സര്‍ക്കാര്‍ എയ്ഡഡ് മദ്രസകള്‍, അംഗീകൃത അണ്‍ എയ്ഡഡ് മദ്രസകള്‍ എന്നിവയ്ക്ക് പുറമെ ശിശു ശിക്ഷാ കേന്ദ്രങ്ങള്‍, മാധ്യമിക് ശിക്ഷാ കേന്ദ്രങ്ങള്‍ എന്നിവയ്ക്കും ഈ നിയമം ബാധകമാണ്.
എല്ലാ ദിവസവും ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പുള്ള പ്രഭാത അസംബ്ലിയില്‍ എല്ലാ വിദ്യാര്‍ത്ഥികളും വന്ദേ മാതരം ആലപിക്കണമെന്നാണ് നിര്‍ദേശം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അസംബ്ലി ചടങ്ങുകളില്‍ ഏകീകരണം കൊണ്ടുവരിക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും വന്ദേ മാതരം നിര്‍ബന്ധമാക്കിക്കൊണ്ട് ഒരാഴ്ച മുന്‍പ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മദ്രസകള്‍ക്കും ഉത്തരവ് ബാധകമാക്കിയത്.
ചില സ്‌കൂളുകള്‍ ഇതിനകം തന്നെ ദേശീയഗാനത്തിന് മുന്‍പായി വന്ദേ മാതരം ആലപിച്ചു തുടങ്ങിയിട്ടുണ്ട്. ഉത്തരവ് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അധികാരപ്പെട്ട മേധാവികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
ദേശീയ ചിഹ്നങ്ങളോടുള്ള ആദരവ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി, വന്ദേ മാതരം ആലപിക്കുന്നത് തടസപ്പെടുത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാക്കാന്‍ 1971-ലെ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്ന പശ്ചാത്തലത്തിലാണ് ബംഗാള്‍ സര്‍ക്കാരിന്റെ ഈ നടപടി.
അതേസമയം, സംസ്ഥാന ഗാനമായ ‘ബംഗ്ലാര്‍ മാതി ബംഗ്ലാര്‍ ജല്‍’, ദേശീയഗാനം എന്നിവയ്ക്കൊപ്പം വന്ദേ മാതരം കൂടി പാടുന്നത് സമയദൈര്‍ഘ്യം വര്‍ധിപ്പിക്കുമോ എന്ന ആശങ്ക ചില സ്‌കൂള്‍ അധികൃതര്‍ പങ്കുവെച്ചിട്ടുണ്ട്.
Content Highlight: The BJP government in Bengal has made Vande Mataram mandatory in all madrasas.