മുംബൈ: നടന്‍ സെയ്ഫ് അലിഖാനെതിരെ ആക്രമണം നേരിട്ട സംഭവത്തില്‍ വിമര്‍ശനമുന്നയിച്ച് ബി.ജെ.പി മന്ത്രി നീതേഷ് റാണ. ബംഗ്ലാദേശികള്‍ സെയ്ഫ് അലിഖാനെ കൊണ്ടുപോകാന്‍ വന്നതായിരിക്കാമെന്നും ഇത്തരത്തിലുള്ള മാലിന്യങ്ങളെ കൊണ്ടുപോകുന്നത് നല്ലതാണെന്നും നീതേഷ് റാണെ പറഞ്ഞു.
സുപ്രിയ സുലെ, ജിതേന്ദ്ര ഔഹാദ് തുടങ്ങിയ നേതാക്കള്‍ക്ക് മുസ്‌ലിം അഭിനേതാക്കളോട് മാത്രം കരുതലുണ്ടെന്നും ഹിന്ദു അഭിനേതാക്കളെ അവഗണിക്കുകയാണെന്നും നീതേഷ് റാണെ ആരോപിച്ചു.
ബംഗ്ലാദേശികള്‍ ആദ്യകാലത്തൊക്കെ റോഡ് ക്രോസിങ്ങുകളില്‍ നില്‍ക്കുന്നവരായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അവര്‍ വീടുകളില്‍ കയറാനും അവിടെയുള്ള മാലിന്യങ്ങള്‍ കൊണ്ടുപോകാനും തുടങ്ങിയെന്നും പറഞ്ഞ നീതേഷ് റാണ ഒരു പക്ഷെ അവര്‍ വന്നത് സെയ്ഫ് അലിഖാനെ കൊണ്ടുപോകാനായിരിക്കുമെന്നും പറഞ്ഞു.
അതേസമയം സെയ്ഫ് അലിഖാന് ആക്രമണം നേരിട്ട സംഭവത്തെയും ബി.ജെ.പി നേതാവ് ചോദ്യം ചെയ്തു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് പോയ ദൃശ്യം കാണുമ്പോള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും കുത്തേറ്റ് സെയ്ഫ് ഇത്രയും പെട്ടെന്ന് എങ്ങനെ സുഖം പ്രാപിച്ചുവെന്നും നീതേഷ് റാണെ പറഞ്ഞു.
ഹോസ്പിറ്റലില്‍ നിന്ന് പുറത്തേക്ക് വരുന്ന ദൃശ്യങ്ങള്‍ കാണുമ്പോള്‍ കുത്തേറ്റതാണോ അതോ അഭിനയിക്കുന്നതാണോയെന്ന സംശയം തോന്നുന്നുവെന്നും നേതാവ് ആരോപിച്ചു.
അയാള്‍ ഡിസ്ചാര്‍ജായി പോവുന്നതിനിടെ നൃത്തം ചെയ്യുകയായിരുന്നുവെന്നും സെയ്ഫ് അലിഖാനെയും ഷാരൂഖ് ഖാനെയും പോലെയുള്ളവര്‍ക്ക് വേദനിക്കുമ്പോള്‍ പലരും സംസാരിക്കാന്‍ തുടങ്ങുമെന്നും നേതാവ് പറഞ്ഞു.
എന്നാല്‍ സുശാന്ത് സിങ് രജ്പുത്തിനെ പോലെയുള്ളവര്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ആരും മുന്നോട്ട് വരില്ലെന്നും ഹിന്ദു കലാകാരന്മാരെ കുറിച്ച് ആരെങ്കിലും വിഷമിക്കുന്നത് കണ്ടിട്ടുണ്ടോയെന്നും ബി.ജെ.പി മന്ത്രി പറഞ്ഞു.