ധാക്കഡ് വന്‍ ഫ്‌ളോപ്പ് തന്നെ, എന്നാല്‍ ഷാരൂഖിന് വീണ്ടും അവസരം കൊടുത്ത പ്രേക്ഷകര്‍ അതെനിക്കും നല്‍കും: കങ്കണ റണാവത്ത്
Film News
ധാക്കഡ് വന്‍ ഫ്‌ളോപ്പ് തന്നെ, എന്നാല്‍ ഷാരൂഖിന് വീണ്ടും അവസരം കൊടുത്ത പ്രേക്ഷകര്‍ അതെനിക്കും നല്‍കും: കങ്കണ റണാവത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th January 2023, 8:26 pm

പത്താന്‍ സിനിമയെ പുകഴ്ത്തി രംഗത്ത് വന്ന നടി കങ്കണ റണാവത്തിന്റെ ട്വീറ്റ് വലിയ ചര്‍ച്ചയായിരുന്നു. പത്താന്‍ പോലുള്ള സിനിമകള്‍ വിജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഹിന്ദി സിനിമാ വ്യവസായത്തെ തിരികെ കൊണ്ടുവരാന്‍ തങ്ങളാല്‍ കഴിയും വിധത്തില്‍ പരിശ്രമിക്കുമെന്നുമാണ് കങ്കണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഇതിന് പിന്നാലെ ചിത്രത്തെ പറ്റി മറ്റൊരു ട്വീറ്റും കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ‘വെറുപ്പിന് മേല്‍ സ്‌നേഹത്തിന്റെ വിജയമെന്ന് പത്താനെ പ്രകീര്‍ത്തിക്കുന്നവരോട്, ഇത് ഇന്ത്യയുടെ സ്‌നേഹവും തുറന്ന മനസുമാണ് കാണിക്കുന്നത്,’ എന്നാണ് കങ്കണ പറഞ്ഞത്. നിങ്ങളുടെ ചിത്രം പരാജയപ്പെട്ടതിന്റെ അസ്വസ്ഥതയല്ലേ ഇതെന്നാണ് ഒരു യൂസര്‍ ട്വീറ്റിനോട് പ്രതികരിച്ചത്. ‘ധാക്കഡ് ആദ്യദിനം നേടിയത് 55 ലക്ഷം. ആകെ കളക്ഷന്‍ 2.58 കോടി. അതേസമയം പത്താന്‍ ആദ്യദിനത്തില്‍ തന്നെ 100 കോടി നേടി. ഇതിനെ അസ്വസ്ഥത എന്നല്ലാതെ എന്ത് വിളിക്കാന്‍,’ എന്നാണ് ഈ യൂസര്‍ കങ്കണയുടെ ട്വീറ്റിനോട് പ്രതികരിച്ചത്.

ഇയാള്‍ക്ക് മറുപടി നല്‍കവേ ധാക്കഡ് പരാജയമല്ലെന്ന് താന്‍ പറഞ്ഞിട്ടില്ല എന്നാണ് കങ്കണ പറഞ്ഞത്. ‘ശരിയാണ്, ധാക്കഡ് ഒരു ഹിസ്റ്റോറിക്ക് ഫ്‌ളോപ്പാണ്. അങ്ങനെയല്ലെന്ന് ഞാന്‍ എവിടെയാണ് പറഞ്ഞത്. പത്ത് വര്‍ഷത്തിനിടയില്‍ ഷാരൂഖ് ഖാന് ലഭിച്ച ആദ്യത്തെ വിജയമാണിത്. അദ്ദേഹത്തില്‍ നിന്നും ഞങ്ങള്‍ പ്രചോദനം ഉള്‍ക്കൊള്ളുകയാണ്. ഇന്ത്യ അദ്ദേഹത്തിന് വീണ്ടും അവസരം കൊടുത്തത് പോലെ ഞങ്ങള്‍ക്കും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാത്തിലുപരി ഇന്ത്യന്‍ ജനതക്ക് വലിയ മനസുണ്ട്, അവര്‍ ഉദാരമതികളാണ്, ജയ് ശ്രീരാം,’ കങ്കണ കുറിച്ചു.

എമര്‍ജന്‍സിയാണ് കങ്കണയുടെ ഏറ്റവും പുതിയ ചിത്രം. മണികര്‍ണികയ്ക്ക് ശേഷം കങ്കണ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇന്ദിര ഗാന്ധിയായി
കങ്കണ എത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്.

അതേസമയം ഷാരൂഖിന്റെ പത്താന്‍ ആദ്യദിനം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് 106 കോടിയാണെന്നാണ് നിര്‍മാതാക്കളായ യഷ് രാജ് ഫിലിംസ് അറിയിച്ചത്. ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം 57 കോടിയോളം രൂപ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഹിന്ദി ചിത്രം ഇന്ത്യയില്‍ നിന്ന് സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണിത്. 53.3 കോടി ആദ്യ ദിനം നേടിയ ഹൃത്വിക് റോഷന്‍ ചിത്രം വാറിനെയാണ് പത്താന്‍ മറികടന്നത്.

Content Highlight: The audience who gave Shahrukh another chance will give me the same says kankana ranaut