അച്ഛനും മകനുമല്ലേ… സാമ്യം വരാതിരിക്കില്ല; സ്നേഹവീടിലെയും സർവ്വം മായയിലെയും സാമ്യങ്ങൾ ചർച്ചയാക്കി പ്രേക്ഷകർ
Malayalam Cinema
അച്ഛനും മകനുമല്ലേ… സാമ്യം വരാതിരിക്കില്ല; സ്നേഹവീടിലെയും സർവ്വം മായയിലെയും സാമ്യങ്ങൾ ചർച്ചയാക്കി പ്രേക്ഷകർ
നന്ദന എം.സി
Thursday, 29th January 2026, 8:15 am

മലയാളികൾക്ക് ഒരുപിടി മനോഹരമായ ഫീൽഗുഡ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. അച്ഛന്റെ അതേ പാത പിന്തുടർന്ന് മകൻ അഖിൽ സത്യനും ഇപ്പോൾ മലയാള സിനിമയിൽ സ്വന്തം ഇടം കണ്ടെത്തിക്കഴിഞ്ഞു. സർവ്വം മായ എന്ന ചിത്രത്തിലൂടെ, സത്യൻ അന്തിക്കാടിന്റെ കംഫർട്ട് ഴോണറായ ഫീൽഗുഡ് സിനിമകൾ തനിക്കും വഴങ്ങുമെന്ന് അഖിൽ തെളിയിച്ചിരുന്നു. നിവിൻ പോളിയുടെ കംബാക്കിന് സഹായകമായ ചിത്രം കൂടിയായിരുന്നു സർവ്വം മായ.

സർവ്വം മായ,Photo: IMDb

ഇപ്പോഴിതാ, സത്യൻ അന്തിക്കാടിന്റെയും അഖിൽ സത്യന്റെയും സിനിമകളിലെ രസകരമായ സാമ്യങ്ങൾ കണ്ടെത്തി സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുകയാണ് പ്രേക്ഷകർ. ‘അച്ഛന്റെ മകൻ അല്ലേ, ഇങ്ങനെ വരാതിരിക്കുമോ’ എന്ന കമന്റുകളോടെയാണ് ഈ താരതമ്യങ്ങൾ പങ്കുവെക്കപ്പെടുന്നത്.

മലയാളികൾ ഒരുകാലത്ത് ആഘോഷമാക്കിയ സത്യൻ അന്തിക്കാടിന്റെ ക്ലാസിക് ചിത്രമാണ് സ്നേഹവീട്. മോഹൻലാലും ഷീലയും ഒന്നിച്ച അമ്മ–മകൻ കോംബോ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. അജയനും അമ്മുക്കുട്ടിയമ്മയും ഇന്നും മലയാളികളുടെ മനസിലുറച്ച കഥാപാത്രങ്ങളാണ്.

സ്നേഹവീട്, Photo: YouTube/ Screen grab

അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന കാർത്തിക് എന്ന യുവാവാണ് കഥയുടെ കേന്ദ്രബിന്ദു. അജയനും മാമുക്കോയയുടെ കഥാപാത്രത്തിനും മാത്രമാണ് കാർത്തിക് അജയന്റെ യഥാർത്ഥ മകൻ അല്ലെന്ന സത്യം അറിയാവുന്നത്. എന്നാൽ ചിത്രത്തിന്റെ അവസാനം, അമ്മയുടെ സന്തോഷത്തിനും അജയന്റെ നിഷ്കളങ്കതകൊണ്ടും അജയൻ കാർത്തിക്കിനെ സ്വന്തം മകനായി സ്വീകരിക്കുന്നു.

ഇതേ ആശയത്തിന്റെ മറ്റൊരു രൂപമാണ് സർവ്വം മായയുടെ ക്ലൈമാക്സിലും പ്രേക്ഷകർ കണ്ടുപിടിച്ചിരിക്കുന്നത്. പ്രഭേന്ദു നമ്പൂതിരിയുടെ ജീവിതത്തിലേക്ക് വിളിക്കപ്പെടാതെ എത്തുന്ന അതിഥിയാണ് ‘ഡെലൂലു’ എന്ന മായ. സ്നേഹവീടിൽ അജയന്റെ ജീവിതത്തിലേക്ക് കാർത്തിക് കടന്നുവരുന്നതുപോലെ, സർവ്വം മായയിൽ പ്രഭേന്ദുവിന്റെ ജീവിതത്തിലേക്ക് ഡെലൂലുവും വന്നുചേരുന്നു.

പ്രേക്ഷകർ കൂടുതലായി ആഘോഷമാക്കുന്നത് രണ്ട് സിനിമകളുടെയും ക്ലൈമാക്സ് രംഗങ്ങളിലെ സാമ്യങ്ങളാണ്. സ്നേഹവീടിൽ സത്യം അറിയാമെങ്കിലും, മറ്റുള്ളവരുടെ സന്തോഷത്തിനായി അജയൻ ഒരു ഹാപ്പി എൻഡിങ് തെരഞ്ഞെടുക്കുന്നു.

സർവ്വം മായ,Photo: IMDb

അതേപോലെയാണ്, സർവ്വം മായയിൽ ഡെലൂലുവിന്റെ ആത്മാവിന് ശാന്തി ലഭിക്കാനും, അവളുടെ കുടുംബത്തിന് ആശ്വാസം നൽകാനുമാണ് പ്രഭേന്ദു അവസാനം അവളുടെ കാമുകനായി അവളുടെ വീട്ടിലെത്തുന്നത്. മകളെ സ്നേഹിച്ച ഒരാൾ ഉണ്ടായിരുന്നു എന്ന ബോധം അമ്മയ്ക്ക് ആശ്വാസമാകുകയും, ഡെലൂലുവിന് ആത്മശാന്തി ലഭിക്കുന്നതുമായി ചിത്രം അവസാനിക്കുകയും ചെയ്യുന്നു.

രണ്ട് സിനിമകളിലും സത്യമല്ലെങ്കിലും, കഥാപാത്രങ്ങളുടെ ഉള്ളിലെ നന്മ കൊണ്ടും മറ്റുള്ളവരുടെ സന്തോഷത്തിനായി സ്വീകരിച്ച തീരുമാനങ്ങളിലൂടെയും ഹൃദയസ്പർശിയായ ഹാപ്പി എൻഡിങ് നൽകാൻ സംവിധായകർക്ക് കഴിഞ്ഞുവെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

‘എന്തൊക്കെയായാലും അച്ഛന്റേതല്ലേ മകൻ.., കോപ്പിയടിച്ചോ ഇല്ലയോ എന്നതല്ല വിഷയം, ഇനിയും ഇത്തരത്തിലുള്ള ഫീൽഗുഡ് സിനിമകൾ അച്ഛനും മകനും ചേർന്ന് മലയാളികൾക്ക് നൽകണം’ എന്ന തരത്തിലുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നു.

Content Highlight: The audience discussed the similarities between Sneha Veedu and Sarvam Maya.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.