രഹാനെയ്ക്ക് ശേഷം മറ്റൊരു നോണ്‍ ഓസ്ട്രേലിയന്‍; 14 വര്‍ഷത്തിന്റെ വിജയത്തില്‍ പുതുചരിത്രമെഴുതി ടങ്
THE ASHES
രഹാനെയ്ക്ക് ശേഷം മറ്റൊരു നോണ്‍ ഓസ്ട്രേലിയന്‍; 14 വര്‍ഷത്തിന്റെ വിജയത്തില്‍ പുതുചരിത്രമെഴുതി ടങ്
ഫസീഹ പി.സി.
Saturday, 27th December 2025, 4:45 pm

2025 – 26 ആഷസിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയിരുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ വിജയം. ഇരു ടീമിന്റെയും ബൗളര്‍മാര്‍ കരുത്ത് കാട്ടിയ മത്സരത്തില്‍ ഏറെ നാളത്തെ കാത്തിരിപ്പിന് അവസാനമിട്ടാണ് ത്രീലയണ്‍സ് വിജയം നേടിയെടുത്തത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്ട്രേലിയന്‍ മണ്ണില്‍ ഇംഗ്ലണ്ട് ഒരു ടെസ്റ്റ് ജയിക്കുന്നത്.

സ്‌കോര്‍

ഓസ്ട്രേലിയ; 152 & 132

ഇംഗ്ലണ്ട്: 110 & 178/6 (T: 175)

ബോക്‌സിങ് ഡേ ടെസ്റ്റിലെ മത്സരത്തില്‍ വിജയത്തോടൊപ്പം തന്നെ ഈ ടെസ്റ്റിലെ പ്ലെയർ ഓഫ് ദി മാച്ചിന് ലഭിക്കുന്ന സ്‌പെഷ്യല്‍ പുരസ്‌കാരമായ മുല്ലാഗ് മെഡലും ഇംഗ്ലണ്ട് തന്നെയാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ ഏഴ് വിക്കറ്റുമായി തിളങ്ങിയ ജോഷ് ടങ്ങാണ് ഈ പുരസ്‌കാരത്തിന് അര്‍ഹനായത്.

മുല്ലാഗ് മെഡലുമായി ജോഷ് ടങ്. Photo: Cricbuzz/x.com

ഇതോടെ ഈ മെഡല്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം നോണ്‍ ഓസ്ട്രേലിയന്‍ താരമായിരിക്കുകയാണ് ടങ്. ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെയാണ് മെഡല്‍ നേടിയ ആദ്യ നോണ്‍ ഓസ്ട്രേലിയന്‍. അതും ഈ മെഡല്‍ അവതരിപ്പിച്ച 2020ലായിരുന്നു എന്നതാണ് ശ്രദ്ധേയം.

1868ലെ ഓസ്ട്രേലിയയുടെ യു.കെ പര്യടനത്തിലെ നായകനായ ജോണി മുല്ലാഗിനോടുള്ള ബഹുമാനസൂചകമായി അവതരിപ്പിച്ചതാണ് ബോക്‌സിങ് ഡേ ടെസ്റ്റിലെ മത്സരത്തിലെ താരത്തിന് സമ്മാനിക്കുന്ന ഈ അവാര്‍ഡ്. നിലവില്‍ മുല്ലാഗ് അവാര്‍ഡ് സ്വന്തമാക്കിയത് ടങ്ങടക്കം അഞ്ച് താരങ്ങള്‍ മാത്രമാണ്. അതില്‍ തന്നെ രഹാനെയും ടങ്ങുമാണ് ഓസ്ട്രേലിയന്‍ താരങ്ങള്‍ അല്ലാത്തവര്‍.

മുല്ലാഗ് മെഡലുമായി അജിൻക്യ രഹാനെ

2020ല്‍ പ്രഥമ മുല്ലാഗ് അവാര്‍ഡ് രഹാനെ കരസ്ഥമാക്കിയതിന് പിന്നാലെ നടന്ന നാല് ബോക്‌സിങ് ഡേ ടെസ്റ്റിലും കങ്കാരുക്കള്‍ തന്നെ ഈ അവാര്‍ഡ് തങ്ങളുടെ അക്കൗണ്ടിലെത്തിച്ചു. 2021ല്‍ ഇംഗ്ലണ്ടിനെതിരെ ജയിച്ച് സ്‌കോട്ട് ബോളണ്ട് ഈ അവാര്‍ഡ് നേടിയെടുത്തു. അടുത്ത വര്‍ഷം സൗത്ത് ആഫ്രിക്കയെ നേരിട്ടപ്പോള്‍ ഡേവിഡ് വാര്‍ണറിനെയും ഈ പുരസ്‌കാരം തേടിയെത്തി.

തുടര്‍ന്ന് നടന്ന രണ്ട് ബോക്സിങ് ഡേ ടെസ്റ്റിലും നായകന്‍ പാറ്റ് കമ്മിന്‍സാണ് ഈ പുരസ്‌കാരത്തിനര്‍ഹനായത്. 2023ല്‍ പാകിസ്ഥാനെതിരെ ടെന്‍ഫര്‍ നേടിയായിരുന്നു താരത്തിന്റെ ഈ നേട്ടം. പിന്നാലെ 2024ല്‍ ഇന്ത്യയ്ക്ക് എതിരെ ഓള്‍റൗണ്ട് പ്രകടനം നടത്തിയുമാണ് ഓസീസ് നായകന്‍ വീണ്ടും അവാര്‍ഡ് നേട്ടം ആവര്‍ത്തിച്ചത്.

Content Highlight: The Ashes: Josh Tongue became second non Australian to win Mullag Award after Ajinkya Rahane

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി