ഈ ആഷസിലെ ആദ്യം മത്സരത്തിലും പരാജയപ്പെട്ടതോടെ ഓസ്ട്രേലിയന്‍ മണ്ണില്‍ വിജയം എന്നത് ഇപ്പോഴും ഇംഗ്ലണ്ടിന് അകന്ന് നില്‍ക്കുകയാണ്. ഓസ്ട്രേലിയയില്‍ അവസാനം കളിച്ച 16 ടെസ്റ്റ് മത്സരങ്ങളില്‍ ഒരിക്കല്‍ പോലും ടീമിന് ജയിക്കാനായിട്ടില്ല. 14 മത്സരങ്ങളില്‍ തോറ്റപ്പോള്‍ രണ്ടെണ്ണത്തില്‍ സമനിലയായിരുന്നു ഫലം.
ഓസ്ട്രേലിയയില്‍ ഇംഗ്ലണ്ട് അവസാനമായി ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത് 2010 -11 കാലഘട്ടത്തില്‍ നടന്ന ആഷസിലാണ്. അന്ന് 3 -1 ന് ത്രീലയണ്‍സ് പരമ്പര സ്വന്തമാക്കിയിരുന്നു. അതിന് ശേഷം നടന്ന മൂന്ന് ആഷസിലെ 15 മത്സരങ്ങളില്‍ 13ലും പരാജയപ്പെട്ടു. ഈ വര്‍ഷത്തെ ആഷസില്‍ ആദ്യ മത്സരം തോറ്റതോടെ തോല്‍വിയുടെ എണ്ണം 14 ആയി ഉയര്‍ന്നു.
“An #Ashes Test with a plot less believable than a bad Netflix movie was decided by the blade of a rampaging Travis Head…”
അതേസമയം, മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ ട്രാവിസ് ഹെഡിന്റെ മികച്ച പ്രകടനമാണ് ഓസ്ട്രേലിയയ്ക്ക് വിജയം അനായാസമാക്കിയത്. താരം 83 പന്തില്‍ നിന്ന് നാല് സിക്സും 16 ഫോറും ഉള്‍പ്പെടെ 123 റണ്‍സ് നേടി.
ഹെഡ് വിജയത്തിനരികെ മടങ്ങിയെങ്കിലും മാര്‍നസ് ലബുഷാന്‍ പുറത്താകാതെ 51 റണ്‍സ് സ്‌കോര്‍ ചെയ്ത് ടീമിന് ജയം സമ്മാനിച്ചു. രണ്ട് റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തും പുറത്താവാതെ നിന്നു.
ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാഴ്സാണ് രണ്ട് വിക്കറ്റും നേടിയത്.
നേരത്തെ, ഇംഗ്ലണ്ടിനെ ആതിഥേയര്‍ 164 റണ്‍സിന് പുറത്താക്കിയിരുന്നു. ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിങ്സണ്‍ (32 പന്തില്‍ 37), ഒല്ലി പോപ്പ് (57 പന്തില്‍ 33 ), ബെന്‍ ഡക്കറ്റ് (40 പന്തില്‍ 28) എന്നിവരാണ് മികച്ച പ്രകടനം നടത്തിയത്.
ഓസ്ട്രേലിയ്ക്കായി സ്‌കോട്ട് ബോളണ്ട് നാല് വിക്കറ്റ് വീഴ്ത്തി. ഒപ്പം മിച്ചല്‍ സ്റ്റാര്‍ക്, ബ്രണ്ടന്‍ ഡൊഗ്ഗെറ്റ് എന്നിവര്‍ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.
മത്സരത്തിന്റെ ഒന്നാം ദിവസം ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ സ്റ്റാര്‍കിന്റെ കരുത്തില്‍ 172 റണ്‍സിന് ഒതുക്കിയിരുന്നു. ത്രീലയണ്‍സിനായി ഹാരി ബ്രൂക്ക് 61 പന്തില്‍ 52 റണ്‍സ് എടുത്തപ്പോള്‍ ഒല്ലി പോപ്പ് 58 പന്തില്‍ 46 റണ്‍സും നേടി.
ആദ്യ ഇന്നിങ്സ് ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങ് കരുത്തിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു ഇംഗ്ലണ്ട്. ഏഴ് വിക്കറ്റുകളാണ് താരം കങ്കാരുക്കള്‍ക്ക് വേണ്ടി സ്വന്തമാക്കിയത്.