സ്റ്റാര്‍ക്കിന്റെ ഏഴിന് ക്യാപ്റ്റന്റെ സ്‌ട്രൈക്ക്; തിരിച്ചടിച്ച് ഇംഗ്ലണ്ട്
THE ASHES
സ്റ്റാര്‍ക്കിന്റെ ഏഴിന് ക്യാപ്റ്റന്റെ സ്‌ട്രൈക്ക്; തിരിച്ചടിച്ച് ഇംഗ്ലണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st November 2025, 4:12 pm

2025 – 26 ആഷസില്‍ ഓസ്ട്രേലിയയുടെ അടിക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട്. ഒന്നാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ഓസ്ട്രേലിയയുടെ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ത്രീ ലയണ്‍സിന്റെ മറുപടി. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ആതിഥേയര്‍ ഒമ്പതിന് 123 റണ്‍സെടുത്തിട്ടുണ്ട്.

നിലവില്‍ 13 പന്തില്‍ മൂന്ന് നേടിയ നഥാന്‍ ലിയോണും ഒരു പന്ത് പോലും നേരിടാതെ ബ്രണ്ടന്‍ ഡൊഗ്ഗെറ്റുമാണ് ക്രീസിലുള്ളത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് കങ്കാരുക്കളെ തകര്‍ത്തത്.

സ്‌കോര്‍ (ഒന്നാം ദിനം അവസാനിക്കുമ്പോള്‍)

ഇംഗ്ലണ്ട് – 172

ഓസ്‌ട്രേലിയ – 123/9 (39)

ഇംഗ്ലണ്ടിനെ പോലെ തന്നെ ഓസ്ട്രേലിയയ്ക്കും ആദ്യം ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായിരുന്നു. ജേക്ക് വെതര്‍ലാന്‍ഡ് റണ്‍സൊന്നും നേടാതെ മടങ്ങുകയായിരുന്നു. പിന്നാലെത്തിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത് മാര്‍നസ് ലബുഷാനൊപ്പം ചേര്‍ന്ന് ടീമിനെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

ഒമ്പത് റണ്‍സുമായി ആദ്യം ലബുഷാനും രണ്ട് റണ്‍സിനപ്പുറം 17 റണ്‍സുമായി സ്മിത്തും തിരികെ നടന്നു. ആ സ്‌കോറിലേക്ക് ഒരു റണ്‍സ് ചേര്‍ത്തപ്പോഴേക്കും ഉസ്മാന്‍ ഖവാജയും പുറത്തായി. വെറും രണ്ട് റണ്‍സുമായാണ് താരത്തിന്റെ മടക്കം. അതോടെ ടീം നാലിന് 31 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

പിന്നീട് ഒത്തുചേര്‍ന്ന ട്രാവിസ് ഹെഡും കാമറൂണ്‍ ഗ്രീനും കൂടെ 45 കൂട്ടിച്ചേര്‍ത്തു. 21 റണ്‍സുമായി ഹെഡ് മടങ്ങിയതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. ഏറെ വൈകാതെ 24 റണ്‍സെടുത്ത ഗ്രീനും കൂടാരം കയറി.

വിക്കറ്റ് വീണതോടെ ഒന്നിച്ച അലക്‌സ് കാരിയും മിച്ചല്‍ സ്റ്റാര്‍ക്കും 35 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ടീം സ്‌കോര്‍ 118 പന്തില്‍ എത്തിയപ്പോള്‍ 12 റണ്‍സുമായി സ്റ്റാര്‍ക് മടങ്ങി. അതിലേക്ക് മൂന്ന് റണ്‍സ് ചേര്‍ത്തപ്പോഴേക്കും കാരിയും തിരികെ നടന്നു. 26 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

അതേ സ്‌കോറില്‍ തന്നെ സ്‌കോട്ട് ബോളണ്ടും പുറത്തായി. അതിന് ശേഷം ഒരു ഓവര്‍ കൂടെ എറിഞ്ഞ് ഒന്നാം ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു.

ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ സ്റ്റോക്‌സ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആര്‍ച്ചര്‍, ബ്രൈഡന്‍ കാഴ്സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.

Content Highlight: The Ashes: Day 1 Updates: Ben Stokes’ five-wicket haul helped England restrict Australia to 123 for 9 on the first day