പെര്‍ത്തില്‍ നടക്കുന്ന ഒന്നാം ആഷസ് ടെസ്റ്റില്‍ ആദ്യ ദിനം തന്നെ ബൗളര്‍മാര്‍ അരങ്ങ് വാഴുന്ന കാഴ്ച്ചയാണ് കണ്ടത്. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ആതിഥേയരായ ഓസ്‌ട്രേലിയ ഒമ്പതിന് 123 റണ്‍സെടുത്തിട്ടുണ്ട്. നിലവില്‍ 13 പന്തില്‍ മൂന്ന് നേടിയ നഥാന്‍ ലിയോണും ഒരു പന്ത് പോലും നേരിടാതെ ബ്രണ്ടന്‍ ഡൊഗ്ഗെറ്റുമാണ് കങ്കാരുക്കള്‍ക്കായി ക്രീസിലുള്ളത്.
ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ സ്റ്റാര്‍ക്ക് തകര്‍ത്തപ്പോള്‍ സന്ദര്‍ശകര്‍ക്കായി മറുപടി നല്‍കിയത് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് തന്നെയാണ്. താരം മത്സരത്തില്‍ ഫൈഫറുമായാണ് തിളങ്ങിയത്. ആറ് ഓവറുകള്‍ മാത്രം എറിഞ്ഞ് 23 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ട് നായകന്‍ വിട്ടുകൊടുത്തത്. താരം പന്തെറിഞ്ഞത് 3.83 എക്കോണമിയിലാണ്.
ഇതോടെ ഒരു സൂപ്പര്‍ നേട്ടവും സ്റ്റോക്‌സ് തന്റെ ഷെല്‍ഫില്‍ എത്തിച്ചു. 43 വര്‍ഷങ്ങള്‍ക്ക് ശേഷം ആഷസില്‍ ഫൈഫര്‍ നേടുന്ന ആദ്യ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. 1982ല്‍ ബോബ് വില്ലിസാണ് അവസാനമായി ആഷസില്‍ ഫൈഫര്‍ നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍. അതിന് ശേഷം ബെന്‍ സ്റ്റോക്‌സ് മാത്രമാണ് ഈ നേട്ടത്തിലെത്തിയത്.