തുടക്കം അടിപതറിയ കങ്കാരുക്കളുടെ രക്ഷകരായി കാരിയും ഖവാജയും
THE ASHES
തുടക്കം അടിപതറിയ കങ്കാരുക്കളുടെ രക്ഷകരായി കാരിയും ഖവാജയും
ഫസീഹ പി.സി.
Wednesday, 17th December 2025, 1:25 pm

ആഷസിലെ അഡ്ലെയ്ഡ് ടെസ്റ്റില്‍ നില മെച്ചപ്പെടുത്തി ആതിഥേയരായ ഓസ്‌ട്രേലിയ. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ കങ്കാരുക്കള്‍ എട്ട് വിക്കറ്റിന് 321 റണ്‍സ് എടുത്തിട്ടുണ്ട്. 63 പന്തില്‍ 33 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും 18 പന്തില്‍ റണ്ണൊന്നും നേടാതെ നഥാന്‍ ലിയോണുമാണ് ക്രീസിലുള്ളത്.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരിയുടെ കരുത്തിലാണ് ടീം മികച്ച നിലയില്‍ എത്തിയത്. ഓസീസ് ഒരു ഘട്ടത്തില്‍ നാലിന് 94 എന്ന നിലയിലായിരുന്നു. കാരിയുടെ സെഞ്ച്വറിയും ഒപ്പം കാരി – ഉസ്മാന്‍ ഖവാജ എന്നിവരുടെ കൂട്ടുകെട്ടുമാണ് ടീമിനെ കരകയറ്റിയത്.

അലക്‌സ് കാരി. Photo: ICC/x.com

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കങ്കാരുപ്പടക്കായി കാരി 143 പന്തില്‍ 106 റണ്‍സാണ് എടുത്തത്. ഒരു സിക്സും എട്ട് ഫോറും അടങ്ങുന്നതുമായിരുന്നു താരത്തിന്റെ ഇന്നിങ്സ്. സെഞ്ച്വറിക്ക് പുറമെ, രണ്ട് നിര്‍ണായക അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും താരം പടുത്തുയര്‍ത്തി.

കാരി ആദ്യ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത് ഉസ്മാന്‍ ഖവാജക്കൊപ്പമാണ്. ഇരുവരും ചേര്‍ന്ന് 91 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഉയര്‍ത്തിയത്. ശേഷം നായകന്‍ പാറ്റ് കമ്മിന്‍സുമായി ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡിലേക്ക് 50 റണ്‍സും സംഭാവന ചെയ്തു. പിന്നാലെ താരം വില്‍ ജാക്സിന്റെ പന്തില്‍ ജെയ്മി സ്മിത്തിന് ക്യാച്ച് നല്‍കി തിരികെ നടന്നു.

ഉസ്മാന്‍ ഖവാജ. Photo: Cric360cricket/x.com

കാരിക്ക് പുറമെ, ഉസ്മാന്‍ ഖവാജയാണ് മികച്ച പ്രകടനം നടത്തിയത്. താരം 126 പന്തില്‍ 82 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. കൂടാതെ, ജോഷ് ഇംഗ്ലിഷ് 39 പന്തില്‍ 32 റണ്‍സ് നേടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റാര്‍ക്കും കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചില്ല.

ഇംഗ്ലണ്ടിനായി തിളങ്ങിയത് ജോഫ്ര ആര്‍ച്ചറാണ്. താരം 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്. വില്‍ ജാക്സും ബ്രൈഡന്‍ കാര്‍സും രണ്ട് വിക്കറ്റുകള്‍ വീതമെടുത്തു. ജോഷ് ടങ് ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: The Ashes: Alex Carey’ century and Usman Khawaja’s fifty help Australia in third Ashes test against England

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി