കൊച്ചി: വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വാദം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. വിവാഹിതയായ ഒരാള്‍ക്ക് വിവാഹ വാഗ്ദാനത്തിന്റ്രെ പേരില്‍ മറ്റൊരു വ്യക്തിയുമായി ബന്ധമുണ്ടാക്കുന്നതിന് നിയമപരമായ പിന്തുണയില്ലെന്നും കോടതി പറഞ്ഞു.
പാലക്കാട് സ്വദേശി നല്‍കിയ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ബെച്ചു ക്യര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. യുവതി മറ്റൊരു വിവാഹം കഴിച്ചതിനാല്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വാദം അപ്രസക്തമാണെന്നും കോടതി വ്യക്തമാക്കി.
തുടര്‍ന്ന് കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന പൊലീസിന്റെ ആവശ്യം തള്ളിയ കോടതി, പ്രതിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. 19 ദിവസത്തെ റിമാന്‍ഡിന് ശേഷമാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്.
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്നും മൊബൈലില്‍ പകര്‍ത്തിയ പീഡന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. പ്രതി യുവതിയില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
മലപ്പുറത്തെ ഒരു ആശുപത്രിയില്‍ പി.ആര്‍.ഒ ജോലി ചെയ്തിരുന്ന യുവാവിനെതിരെയാണ് യുവതി പരാതിപ്പെട്ടത്. ഇതേ സ്ഥാപനത്തിലാണ് യുവതിയും ജോലി ചെയ്തിരുന്നത്. ഇതിനിടെ ഇരുവരും തമ്മില്‍ അടുപ്പത്തിലാകുകയിരുന്നു.
യുവതിയുമായി അടുപ്പത്തിലാകുമ്പോള്‍ വിവാഹിതയായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നാണ് യുവാവിന്റെ വാദം. ആശുപത്രിയിലെ ബില്ലിങ് സെഷനില്‍ ജോലി ചെയ്തിരുന്ന യുവതി 14 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നും ഇതോടെ ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നെന്നും യുവാവ് പറയുന്നു.