414 ദിവസം നീണ്ടുനിന്ന മുനമ്പം സമരം അവസാനിപ്പിക്കുന്നു; സമരം തുടരാന്‍ ഒരു വിഭാഗം
Kerala News
414 ദിവസം നീണ്ടുനിന്ന മുനമ്പം സമരം അവസാനിപ്പിക്കുന്നു; സമരം തുടരാന്‍ ഒരു വിഭാഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th November 2025, 3:12 pm

 

കൊച്ചി: ഭൂമി പ്രശ്‌നമുന്നയിച്ച് കഴിഞ്ഞ 414 ദിവസങ്ങളായി തുടരുന്ന മുനമ്പം തീരജനത നടത്തുന്ന സമരം അവസാനത്തിലേക്ക്. നിരാഹാരം അനുഷ്ഠിക്കുന്നവര്‍ക്ക് മന്ത്രി പി. രാജീവ് നാരങ്ങ നീര് നല്‍കിയാണ് സമരം അവസാനിപ്പിക്കുന്നത്.

കേസില്‍ അന്തിമ വിധി വരുന്നത് വരെ ഭൂനികുതി അടയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഭൂസംരക്ഷണസമിതി കോര്‍ ഗ്രൂപ്പ് യോഗം ചേര്‍ന്ന് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് തടസ്സമുണ്ടാകില്ലെന്നും ഇതിനായി കുഴുപ്പിള്ളി വില്ലേജില്‍ ഹെല്‍പ്പ് ഡെസ്‌ക് തുറക്കുമെന്നും മന്ത്രി പി. രാജീവ് തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ഭൂസംരക്ഷണസമിതി ഭാരവാഹികള്‍ പറഞ്ഞു.

ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സമരസമിതി നിരാഹാര സമരം അവസാനിപ്പിക്കുന്നത്.

എന്നാല്‍ റവന്യൂ അവകാശങ്ങള്‍ പൂര്‍ണമായി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സമരം തുടരും. സമരസമിതിയിലെ അഞ്ച് പേര്‍ മാത്രം ചേര്‍ന്നെടുത്ത തീരുമാനമാണിതെന്ന് ചൂണ്ടിക്കാണിച്ചാണ് ഒരു വിഭാഗം ആളുകള്‍ സമരം തുടരാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസമാണ് മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയത്.

2024 ഒക്ടോബര്‍ 13നാണ് മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തര്‍ക്കഭൂമിയില്‍ സമരം ആരംഭിച്ചത്. 610 കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.

മൂന്ന് വര്‍ഷത്തിന് ശേഷമാണ് കൈവശക്കാരുടെ റവന്യൂ രേഖകള്‍ വീണ്ടും പുനഃസ്ഥാപിക്കുന്നത്. 2019ലാണ് മുനമ്പം ഭൂമി സംസ്ഥാന വഖഫ് ബോര്‍ഡ് വഖഫ് രജിസ്റ്ററിലേക്ക് എഴുതി ചേര്‍ത്തത്.

2022ല്‍ ആദ്യമായി നോട്ടീസ് ലഭിച്ചപ്പോഴും കൈവശക്കാര്‍ക്ക് കരമടയ്ക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ വഖഫ് സംരക്ഷണ ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ മുനമ്പത്തുകാരുടെ കരമടയ്ക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടു.

മുനമ്പത്തെ ഭൂമിയില്‍ ലൈഫ് ഭവന പദ്ധതിയിലൂടെ ഭൂമി അനുവദിച്ച് കിട്ടിയവര്‍ക്കുപോലും വീടുവെക്കാന്‍ കഴിഞ്ഞിരുന്നില്ല. കരമടയ്ക്കാന്‍ കഴിയാത്തതിനാല്‍ റവന്യു രേഖയ്ക്ക് വിലയില്ലാത്ത സാഹചര്യമായിരുന്നു കൈവശക്കാര്‍ക്ക് ഉണ്ടായിരുന്നത്.

ഇതിനെ തുടര്‍ന്നാണ് റവന്യൂ രേഖകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുനമ്പം നിവാസികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ അന്തിമ വിധി ഉണ്ടാകുന്നതുവരെ കൈവശക്കാര്‍ക്ക് കരം ഒടുക്കാമെന്ന അവകാശം റവന്യു വകുപ്പ് പുനഃസ്ഥാപിച്ച് നല്‍കണമെന്നാണ് ഉത്തരവ്.

 

 

Content Highlight: The 414-day-long strike by the people of Munambam over land issues is coming to an end.