രണ്ടു വർഷം മുമ്പ് തെങ്ങ് വീണ് തകർന്ന വീടിന്റെ അറ്റകുറ്റപ്പണിക്ക് സഹായം തേടിയാണ് എം.പിയുടെ അടുത്ത് അപേക്ഷയുമായി ചെന്നത്. സഹായം നൽകിയില്ലെങ്കിലും മന്ത്രിക്ക് അപേക്ഷയെങ്കിലും വാങ്ങാമായിരുന്നെന്ന് കൊച്ചുവേലായുധൻ പറഞ്ഞു.
‘എനിക്ക് ഒന്നും തന്നില്ലെങ്കിലും കുഴപ്പമില്ല എന്റെ അപേക്ഷ വാങ്ങിച്ചാൽ മതി. പാർട്ടിക്കാർ ചെയ്തുതരാം എന്ന് പറഞ്ഞു. പരമാവധി ഒരു കൊല്ലം ഞാൻ നോക്കി, രണ്ടു കൊല്ലമായി ഈ വീട്ടിൽ കഴിയുന്നു.’ വീടിന്റെ അവസ്ഥയെ കുറിച്ച് കൊച്ചുവേലായുധൻ പറഞ്ഞു.
തൃശൂരിലെ പുള്ളിൽ വച്ച് നടന്ന ‘കലുങ്ക് സംവാദം ജനകീയ സദസ്സ്’ എന്ന പരിപാടിയിലാണ് കൊച്ചുവേലായുധൻ അപേക്ഷ നൽകിയത്. എന്നാൽ ഇതൊന്നും എം.പിയുടെ ജോലിയല്ല എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ജനങ്ങളുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും ജനങ്ങളുമായി നേരിട്ട് സംവാദം നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള നടപടികൾ സ്വീകരിക്കുമായിരുന്നു പരിപാടിയുടെ ഉദ്ദേശം. എന്നാൽ ഈ പരിപാടിയിൽ തന്നെയാണ് നിവേദനവുമായി വന്ന കൊച്ചുവേലായുധനെ നിരസിച്ചു കൊണ്ടുള്ള എം.പിയുടെ പെരുമാറ്റം ഉണ്ടായത്.
കേന്ദ്രമന്ത്രിയുടെ പെരുമാറ്റം പ്രയാസമുണ്ടാക്കിയെന്നും സംഭവത്തിൽ തിരിച്ച് പ്രതികരിക്കാത്തത് പൊതുമധ്യത്തിൽ മന്ത്രിയെ അവഹേളിക്കേണ്ടെന്നു കരുതിയാണെന്നും കൊച്ചുവേലായുധൻ പറഞ്ഞു.
കൊച്ചുവേലായുധൻ നടത്തിയ പ്രതികരണങ്ങൾക്ക് ശേഷം സുരേഷ് ഗോപിക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.