കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ തട്ടം വിവാദത്തിൽ പഠനം അവസാനിപ്പിക്കാൻ കൂടുതൽ വിദ്യാർത്ഥികൾ. എട്ടാം ക്ലാസുകാരിക്ക് പിന്തുണ അറിയിച്ചുകൊണ്ട് രണ്ട് കുട്ടികൾ ടി.സിക്ക് വേണ്ടി അപേക്ഷ നൽകി. ഈ വിദ്യാർത്ഥികൾ ചൊവ്വാഴ്‌ച ടി.സി വാങ്ങി തൊപ്പംപടിയിലെ ഔർ ലേഡി കോൺവെന്റ് സ്കൂളിലേക്ക് പോകുമെന്നാണ് വിവരം.
സെന്റ് റീത്താസ് സ്കൂൾ മാനേജ്‍മെന്റിന്റെ നിലപാടിനെതിരെയാണ് വിദ്യാർത്ഥികൾ ടി.സി വാങ്ങിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിലായി തട്ടം വിവാദത്തിൽ സ്കൂൾ മാനേജ്‍മെന്റ് കടുത്ത നിലപാടുകളാണ് എടുത്തിരുന്നത്.
വിദ്യാർത്ഥി തട്ടമിട്ടു വരുന്നത് മറ്റു കുട്ടികളെ ഭയപ്പെടുത്തുന്നു തുടങ്ങിയ ആരോപണങ്ങളാണ് സ്കൂളിന്റെ പ്രധാനാധ്യാപിക ഉന്നയിച്ചിരുന്നത്. സ്കൂളിന്റെ നിയമമനുസരിച്ച് കുട്ടി സ്കൂളിലേക്ക് വരികയാണെങ്കിൽ പഠനം തുടരാമെന്നും അല്ലാത്തപക്ഷം അനുവദിക്കില്ലെന്നും പ്രധാനാധ്യാപിക പറഞ്ഞിരുന്നു.
അതേസമയം തൻറെ കുട്ടികൾ ഇത്തരം മാനസികാവസ്ഥയുള്ള അധ്യാപകർക്കും സ്കൂൾ അധികൃതർക്കുമിടയിൽ വളരുന്നത് അവരുടെ ഭാവിക്ക് നല്ലതല്ലെന്നും അതിനാൽ രണ്ടുപേരുടെയും ടി.സി വാങ്ങിക്കാൻ തങ്ങൾ തീരുമാനിച്ചെന്നും ടി.സി വാങ്ങിക്കുന്ന കുട്ടികളുടെ രക്ഷിതാവ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ഔവർ ലേഡി കോൺവെന്റ് സ്കൂളിലാണ് കുട്ടികളെ ചേർക്കുന്നതെന്നും അവർ അറിയിച്ചു.
ആ സ്കൂളിലെ അധ്യാപിക തന്നെ വിളിച്ചിരുന്നുവെന്നും സ്കൂളിൽ എല്ലാ വിശ്വാസങ്ങളെയും ഉൾകൊള്ളുന്ന കാഴ്ചപ്പാടാണെന്നും മക്കൾക്ക് ഒരു പ്രയാസവും ഉണ്ടാവില്ലെന്നും ധൈര്യമായി പറഞ്ഞയക്കാമെന്നും അവർ തനിക്ക് ഉറപ്പുതന്നെന്നും രക്ഷിതാവ് പറഞ്ഞു.
Content Highlight: Thattom controversy: More students to quit school