ശിവഗിരി: ശിവഗിരിയില്‍ നടന്ന പൊലീസ് ഇടപെടലിനെ കുറിച്ചുള്ള എ.കെ ആന്റണിയുടെ പരാമര്‍ശങ്ങള്‍ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ശിവഗിരി മഠം. ശിവഗിരിയില്‍ നടന്നത് നരനായാട്ടെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന പൊലീസ് നരനായാട്ടില്‍ ഇപ്പോള്‍ ഖേദം പ്രകടിപ്പിച്ചതുകൊണ്ട് ഒരു കാര്യവുമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
ശ്രീനാരായണീയര്‍ക്കേറ്റ മനോവിഷമം എന്തുചെയ്താലും മാറ്റാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ആന്റണിയുടെ തുറന്നുപറച്ചില്‍ രാഷ്ട്രീയനേട്ടങ്ങള്‍ ലക്ഷ്യംവെച്ചുള്ളതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘ഒരുകാലത്തും ശിവഗിരി മഠത്തില്‍ നടന്ന പൊലീസ് നടപടി അംഗീകരിക്കാനാകില്ല. അന്ന് നടന്നത് നരനായാട്ടായിരുന്നു. അതിന് ദൃക്‌സാക്ഷിയാണ് ഞാന്‍. പൊലീസ് ഒരു ആരാധനാലയത്തില്‍ കയറി വന്ന് ചെയ്യുന്ന പ്രവര്‍ത്തിയല്ല അന്ന് പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായത്.
ഹൈക്കോടതി ഉത്തരവ് അന്ന് സുഗമമായി തന്നെ എ.കെ ആന്റണി സര്‍ക്കാരിന് നടപ്പാക്കാമായിരുന്നു. എന്നാലതൊന്നും വകവെയ്ക്കാതെയാണ് പൊലീസ് നടപടിയുണ്ടായത്.
വിഷയത്തില്‍ ആന്റണി സര്‍ക്കാര്‍ നിയോഗിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ട് ഇതുവരെയും പുറത്തുവന്നിട്ടില്ല. എന്തുകൊണ്ടാണ് ആന്റണി റിപ്പോര്‍ട്ട് പുറത്തുവിടാത്തതെന്ന് വ്യക്തമാക്കണം. തന്നെ വര്‍ഷങ്ങളായി വേട്ടയാടുന്നു എന്ന് ആന്റണി പറയുന്നു.
കൂടെയുള്ളവര്‍ പോലും സംരക്ഷിക്കുന്നില്ലെന്നും പറയുന്നു. ഇതില്‍ നിന്നും വ്യക്തമാണ് ആന്റണിയുടെ ഇപ്പോഴത്തെ തുറന്നുപറച്ചില്‍ രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടിട്ടുള്ളതാണെന്ന്. ശിവഗിരിക്കും ശ്രീനാരായണീയര്‍ക്കും ഏറ്റ മുറിവ് ഒരിക്കലും ഉണക്കാനാകില്ല’, സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
കഴിഞ്ഞദിവസമാണ് എ.കെ ആന്റണി തന്റെ ഭരണകാലത്ത് നടന്ന മുത്തങ്ങയിലെയും ശിവഗിരിയിലെയും പൊലീസ് അതിക്രമങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
ഹൈക്കോടതി നിര്‍ദേശം കാരണം പൊലീസ് നടപടിക്ക് ഉത്തരവിടേണ്ടി വന്നതാണെന്നും താന്‍ ആരാധിക്കുന്ന ആത്മീയഗുരുവാണ് ശ്രീനാരായണ ഗുരുവെന്നും ആന്റണി പറഞ്ഞിരുന്നു.
പൊലീസ് അതിക്രമങ്ങളെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യത്തോട് നിയമസഭയില്‍ മറുപടി പറയുന്നതിനിടെയാണ്, കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ യു.ഡി.എഫ് കാലത്തെ പൊലീസ് അതിക്രമങ്ങളെ കുറിച്ച് പരാമര്‍ശിച്ചത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കുള്ള മറുപടി നല്‍കാനായി എ.കെ ആന്റണി വാര്‍ത്താസമ്മേളനം വിളിച്ചത്.
എന്നാല്‍, വാര്‍ത്താസനമ്മേളനത്തില്‍ ശിവഗിരി, മുത്തങ്ങ വിഷയങ്ങളില്‍ ഖേദം പ്രകടിപ്പിച്ച എ.കെ ആന്റണിക്ക് പ്രതീക്ഷക്ക് വിരുദ്ധമായി പ്രതികൂലമായ ഫലമാണ് ലഭിക്കുന്നത്. മുത്തങ്ങയിലെ പൊലീസ് വേട്ടയില്‍ ഒരിക്കലും മാപ്പ് നല്‍കാനാകില്ലെന്ന് സി.കെ ജാനു പ്രതികരിച്ചിരുന്നു.