പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് മാളവിക മോഹനൻ. തമിഴിലേക്കും ഹിന്ദിയിലേക്കും ചേക്കറിയ നടി ഒരിടവേളക്ക് ശേഷം മലയാളത്തിൽ അഭിനയിച്ച ചിത്രമാണ് ഹൃദയപൂർവ്വം. ചിത്രം പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ആദ്യ സിനിമയെക്കുറിച്ചും ദുൽഖർ സൽമാനെക്കുറിച്ചും സംസാരിക്കുകയാണ് മാളവിക.
‘ദുൽഖറും ഞാനും പല കാര്യങ്ങളിലും സമാനതകളുള്ളവരാണ്. ആ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് ഞങ്ങൾ തമ്മിൽ സൗഹൃദമുണ്ടായത്. ആലപ്പുഴയും കൊച്ചിയും ഊട്ടിയും അടക്കമുള്ള ലൊക്കേഷനുകളിൽ ഷൂട്ടിങ് നടക്കുമ്പോൾ ദുൽഖറിന്റെ ഭാര്യയും അവിടെയെത്തും. എന്റെ അമ്മയും ദുൽഖറിന്റെ ഭാര്യയും എല്ലാവരും കൂടി കുടുംബം പോലെയായിരുന്നു ലൊക്കേഷൻ. ആ സിനിമ ജീവിതത്തിലെ പ്രിയപ്പെട്ട ഓർമകളിലൊന്നാണ്,’ മാളവിക പറയുന്നു.
പട്ടം പോലെ എന്ന സിനിമക്ക് ശേഷം കന്നഡയിൽ നാനു മാട്ടു വരലക്ഷ്മിയും ഹിന്ദിയിൽ ബിയോണ്ട് ദി ക്ലൗഡ്സും ചെയ്തുവെന്നും അതുകഴിഞ്ഞ് രജിനികാന്തിനൊപ്പം പേട്ട എന്ന ചിത്രത്തിലൂടെ തമിഴിലേക്കും അരങ്ങേറ്റം നടത്തിയെന്നും മാളവിക കൂട്ടിച്ചേർത്തു. അതുകഴിഞ്ഞ് വിജയ്‌ക്കൊപ്പം മാസ്റ്ററും ധനുഷിനൊപ്പം മാരനും ചെയ്യാനും അവസരം കിട്ടിയെന്നും നടി പറഞ്ഞു.
‘മസൂറിയിൽ വെച്ചാണ് രജിനികാന്ത് സാറിനെ ആദ്യമായി കാണുന്നത്. സെറ്റിൽ ചെന്നപ്പോൾ കുറേ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. അത്രയും കംഫർട്ട് ആക്കിയ ശേഷമാണ് അദ്ദേഹം ആ സിനിമയിലേക്ക് എന്നെ പ്രവേശിപ്പിച്ചതെന്നതാണ് സത്യം,’ മാളവിക പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
ഛായാഗ്രാഹകൻ അളഗപ്പൻ. എൻ സംവിധാനം ചെയ്ത് 2013ൽ പുറത്തിറങ്ങിയ റൊമാന്റിക് ചിത്രമാണ് പട്ടം പോലെ. ദുൽഖർ സൽമാൻ നായകനായ ഈ സിനിമയിൽ മാളവിക മോഹനനാണ് നായിക. അവർക്ക് പുറമെ അർച്ചന കവി, അനൂപ് മേനോൻ, ലാലു അലക്സ്, ജയപ്രകാശ്, സീത, ലീമ ബാബു, ശ്രദ്ധ ഗോകുൽ, നന്ദു, ഇളവരസു തുടങ്ങിയ മികച്ച താരനിര തന്നെയായിരുന്നു ഈ സിനിമക്കായി ഒന്നിച്ചത്. ചിത്രം തിയേറ്ററിൽ വിജയിക്കാനായില്ല.
Content Highlight: That movie is my favorite memory in life says Malavika Mohanan