കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ‘പെണ്ണെഴുത്തിന്റെ ഇന്ത്യന്‍ അവസ്ഥകള്‍’ എന്ന സെഷനില്‍ പങ്കെടുക്കുവാനാണ് തസ്‌ലീമ നസ്‌റിന്‍ വരുന്നത്. ‘ലജ്ജ’ എന്ന നോവലെഴുതിയതിനെ തുടര്‍ന്ന് വലിയ ആക്രമണമായിരുന്നു തസ്‌ലീമക്കെതിരെ ബംഗ്ലാദശേില്‍ ഉണ്ടായത്. തുടര്‍ന്ന് ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടുകയും കൊല്‍ക്കത്തയില്‍ പ്രവാസ ജീവിതം നയിക്കുകയും ചെയ്തു. എന്നാല്‍ മുസ്‌ലിം മതമൗലികവാദികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തസ്‌ലീമക്ക് ഇന്ത്യയിലെ ജീവിതവും മതിയാക്കേണ്ടി വന്നു.
സച്ചിദാനന്ദന്‍, ജയശ്രീ മിശ്ര, അനിതാ നായര്‍, കെ.ആര്‍ മീര എന്നിവരും ഈ സെഷനില്‍ തസ്‌ലീമക്കൊപ്പം പങ്കെടുക്കുന്നുണ്ട്. അതേദിവസം തന്നെ സക്കറിയ, സച്ചിദാനന്ദന്‍ എന്നിവരുമായുള്ള തസ്‌ലീമയുടെ മുഖാമുഖവും നടക്കുന്നുണ്ട്. ഫെബ്രുവരി 4 മുതല്‍ ഏഴു വരെ കോഴിക്കോട് ബീച്ചില്‍ തയ്യാറാക്കിയ നാലു വേദികളിലായാണ് ലിറ്റററി ഫെസ്റ്റ് നടക്കുന്നത്.
എം. മുകുന്ദന്‍, എം.ടി വാസുദേവന്‍ നായര്‍, കെ.ജി ശങ്കരപ്പിള്ള, എം.എന്‍ കാരശേരി, ഹമീദ് ചേന്ദമംഗല്ലൂര്‍, എന്‍.എസ് മാധവന്‍, ആനന്ദ്, സാറാ ജോസഫ്, എം.എ ബേബി, വി.ആര്‍ സുധീഷ്, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, ലീന മണിമേഖല, മീനകന്ദസ്വാമി, അംബികസുതന്‍ മങ്ങാട്, ശശികുമാര്‍, സി.എസ് വെങ്കിടേശ്വരന്‍, മാമുക്കോയ, ഗിരീഷ് കാസറവള്ളി, റിയാസ് കോമു, ബെന്യാമിന്‍, സുഭാഷ് ചന്ദ്രന്‍, ടി.ജെ.എസ് ജോര്‍ജ്, ടി.ഡി രാമകൃഷ്ണന്‍, അശോക് വാജ്‌പേയി തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.
ഡി.സി കിഴക്കേമുറിയാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. പബ്ലിക് റിലേഷന്‍സ് വകുപ്പ്, വനം വകുപ്പ്, ഭാരത് ഭവന്‍, കോഴിക്കോട് കോര്‍പറേഷന്‍, ബിനാലെ ഫൗണ്ടേഷന്‍, ചലചിത്ര അക്കാദമി, റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ജര്‍മന്‍ ബുക് ഓഫീസ് തുടങ്ങിയവയും ഫെസ്റ്റിവലുമായി സഹകരിക്കുന്നുണ്ട്.
നാല് ദിവസത്തോളം നീളുന്ന പരിപാടിക്ക് സൗജന്യ രജിസ്‌ട്രേഷന്‍ അനുവദിച്ചിട്ടുണ്ട്.പ്രീമിയം പാസുകള്‍ക്ക് അഞ്ഞൂറ് രൂപയാണ് ഈടാക്കുന്നത്.