തിരുവനന്തപുരം: ശശി തരൂരിന് കോൺഗ്രസിൽ നിന്നും പുറത്തുപോകാമെന്നും രക്തസാക്ഷി പരിവേഷത്തോടെ പാർട്ടി വിടാമെന്ന് കരുതേണ്ടെന്നും അതിന് കോൺഗ്രസ് തയ്യാറല്ലെന്നും എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ.
ബീഹാർ തെരഞ്ഞെടുപ്പിലും അതിന് ശേഷവും കോൺഗ്രസിനെയും രാഹുൽഗന്ധിയേയും വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ പുകഴ്ത്തിയ ശശി തരൂർ കോൺഗ്രസിന് ഗുണമുള്ള പ്രവർത്തനമല്ല നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ജന്മം ഒരു പാര്‍ട്ടിയെക്കൊണ്ട് എന്തൊക്കെ നേടാനാകുമോ അതൊക്കെ തരൂർ നേടിയിട്ടുണ്ടെന്നും രാജ്മോഹന്‍ പറഞ്ഞു. ഇതിനപ്പുറം ഈ പാർട്ടിയിൽ നിന്നും തരൂരിന് ഒന്നും ലഭിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അദ്ദേഹത്തിന്റെ കൂറും വിധേയത്വവും പ്രതിബദ്ധതയും കോൺഗ്രസിനോടായിരിക്കണം. എന്നാൽ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന പ്രവർത്തനങ്ങളാണ്. പക്ഷെ അദ്ദേഹം ഒരു രക്തസാക്ഷി പരിവേഷം നേടിയെടുത്തത് പാർട്ടിയിൽ നിന്നും പോകാൻ ശ്രമിക്കുമ്പോൾ അത്തരമൊരു പരിവേഷം നൽകാൻ ഞങ്ങൾ തയ്യാറല്ല,’ രാജ്‌മോഹൻ പറഞ്ഞു.
മോദി സംസാരിക്കുന്ന പരിപാടിയിൽ സദസിലൊരാളായി ഇരിക്കാനായതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ് ശശി തരൂർ പങ്കുവെച്ച കുറിപ്പിനെതിരെ വിമർശനങ്ങളുയർന്നിരുന്നു.
മോദിയെ തുടർച്ചയായി പുകഴ്ത്തുന്ന തരൂർ കഴിഞ്ഞ ദിവസം നെഹ്‌റു കുടുംബത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ബി.ജെ.പി സ്ഥാപക നേതാവ് എൽ.കെ അദ്വാനിയുടെ ജന്മദിനത്തിൽ ആശംസയും ശശി തരൂർ നേർന്നിരുന്നു.
പൊതുജനസേവനത്തോടുള്ള അദ്വാനിയുടെ പ്രതിബദ്ധത, എളിമ, മാന്യത, ആധുനിക ഇന്ത്യയുടെ പാത രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എന്നിവ ഒരിക്കലും മായില്ലെന്നും തരൂർ പറഞ്ഞിരുന്നു.
എന്നാൽ അദ്വാനിയുടെ പ്രവർത്തനങ്ങൾ ഇന്ത്യയുടെ ആത്മാവിന് ഏൽപ്പിച്ച മുറിവാണെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ തരൂരിനെ തിരുത്തിയിരുന്നു.
Content Highlight: Tharoor can leave Congress, don’t think he will be treated like a martyr: Rajmohan Unnithan