പാലക്കാട് : കോൺഗ്രസ് വിട്ട് സി.പി.ഐ.എമ്മിൽ ചേർന്ന മുഹമ്മദ് റിയാസ് തച്ചമ്പാറ ഒരാഴ്ചയ്ക്കുള്ളിൽ വീണ്ടും കോൺഗ്രസിലേക്ക്.
തച്ചമ്പാറ മണ്ഡലം പ്രസിഡൻ്റായിരുന്ന റിയാസ് തച്ചമ്പാറ ഡി.സി.സി പ്രസിഡൻ്റ് എ. തങ്കപ്പനെ സന്ദർശിച്ചു. റിയാസ് ഡി.സി.സി ഓഫീസിൽ നേരിട്ടെത്തി ക്ഷമ ചോദിച്ചു.
റിയാസ് തന്നെ വന്നു കാണുക മാത്രമാണ് ചെയ്തതെന്നും പാർട്ടിയിൽ തിരിച്ചെടുത്തിട്ടില്ലെന്നും റിയാസിന് പറയാനുള്ളത് കേൾക്കുക മാത്രമാണ് ചെയ്തതെന്നും ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഡി.സി.സി പ്രസിഡന്റിനോട് മാപ്പ് ചോദിക്കാനാണ് വന്നതെന്നും തങ്കപ്പൻ അച്ഛനെപോലെയാണെന്നും റിയാസ് പ്രതികരിച്ചു.
പാലക്കാട് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ബാഹ്യ ശക്തികളുടെ ഇടപെടൽ മൂലമാണെന്നും കോൺഗ്രസുകാരനായി തുടരുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
സ്ത്രീകളോട് മോശമായി പെരുമാറിയതിന് കോൺഗ്രസ് തച്ചമ്പാറ മണ്ഡലം പ്രസിഡന്റായിരുന്ന റിയാസ് തച്ചമ്പാറയെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ റിയാസിനെ സി.പി.ഐ.എമ്മിലേക്ക് സ്വീകരിക്കുകയായിരുന്നു.
‘കഴിഞ്ഞ തിങ്കളാഴ്ച കോൺഗ്രസ് പാർട്ടിയിൽ നിന്നും എന്റെ പ്രാഥമിക അംഗത്വം കളഞ്ഞു. ആ സമയത്തെ എന്റെ മാനസിക പ്രയാസം കാരണം ഡി.സി.സി പ്രസിഡന്റിനെതിരെ ബാഹ്യ ശക്തികളുടെ ഇടപെടൽ മൂലം ഞാൻ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഞാൻ അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയാണ്. കോൺഗ്രസ് വിട്ട് ഒരിക്കലും മറ്റൊരു പ്രസ്ഥാനത്തിൽ ചേരാൻ എനിക്ക് കഴിയില്ല,’ മുഹമ്മദ് റിയാസ് പ്രതികരിച്ചു.
താൻ ദിവസങ്ങളായി മര്യാദയ്ക്ക് ഉറങ്ങിയിട്ടില്ലെന്നും ഭക്ഷണം കഴിച്ചിട്ടില്ലെന്നും കോൺഗ്രസ് തന്റെ ജീവനാണെന്നും റിയാസ് തച്ചമ്പാറ കൂട്ടിച്ചേർത്തു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു റിയാസ് വനിതകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതികൾ ഡി.സി.സിക്ക് ലഭിച്ചത്. ഇതിനു പിന്നാലെ ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ റിയാസിനെതിരെ നടപടിയെടുത്തിരുന്നു.
തുടർന്ന് ഡി.സി.സി പ്രസിഡന്റിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് റിയാസ് പത്രസമ്മേളനം നടത്തുകയും തൊട്ടടുത്ത ദിവസം സി.പി.ഐ.എം ജില്ലാ കമ്മറ്റി ഓഫീസിലേക്ക് എത്തി സി.പി.ഐ.എമ്മിൽ ചേരുകയാണെന്ന് അറിയിക്കുകയായിരുന്നു.
റിയാസിനെതിരെ പരാതി നൽകിയ വനിതകൾ പരസ്യമായി രംഗത്തേക്ക് എത്തുകയും പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്നു. രണ്ടു സ്ത്രീകളുടെ പരാതിയിൽ കല്ലടിക്കോട് പൊലീസ് റിയാസിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
Content Highlight: Thankappan is like a father; I cannot leave Congress and join another movement: Riyaz Thachampara