'താങ്ക്യൂ മൈ ഫ്രണ്ട്, ട്രംപ്'; പിറന്നാളാശംസയറിയിച്ച ട്രംപിന് നന്ദി പറഞ്ഞ് മോദി; ഇന്ത്യ - യു.എസ് താരിഫ് യുദ്ധത്തിനിടെ സൗഹൃദം പങ്കിടല്‍
India
'താങ്ക്യൂ മൈ ഫ്രണ്ട്, ട്രംപ്'; പിറന്നാളാശംസയറിയിച്ച ട്രംപിന് നന്ദി പറഞ്ഞ് മോദി; ഇന്ത്യ - യു.എസ് താരിഫ് യുദ്ധത്തിനിടെ സൗഹൃദം പങ്കിടല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th September 2025, 10:23 am

ന്യൂദല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാരബന്ധത്തിലടക്കം വിള്ളലുണ്ടായ സാഹചര്യത്തിലും യു.എസ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിനെ അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 75ാം പിറന്നാള്‍ ആഘോഷിക്കുന്ന മോദിക്ക് ആശംസകള്‍ അറിയിച്ച് ട്രംപ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

പിന്നാലെ തന്നെ ട്രംപിനെ നന്ദി അറിയിച്ച് സോഷ്യല്‍മീഡിയയിലൂടെ മോദി രംഗത്തെത്തി. 75ാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന തന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപിന് നന്ദിയെന്ന് മോദി എക്‌സില്‍ കുറിച്ചു.

താരിഫ് വര്‍ധനവിനെ ചൊല്ലി ഇന്ത്യ-യു.എസ് ബന്ധം വഷളായതിന് പിന്നാലെ ആദ്യമായാണ് ട്രംപും മോദിയും നേരിട്ട് സംസാരിക്കുന്നത്.

ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ഉക്രെയ്ന്‍ യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇരുവരും ഫോണിലൂടെ സംസാരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘എന്റെ 75-ാം ജന്മദിനത്തിലെ നിങ്ങളുടെ ഫോണ്‍ കോളിനും ഊഷ്മളമായ ആശംസകള്‍ക്കും നന്ദി. താങ്കളെപ്പോലെത്തന്നെ ഇന്ത്യ-യുഎസ് സമഗ്രവും ആഗോളവുമായ പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഞാന്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധനാണ്. ഉക്രെയ്ന്‍ സംഘര്‍ഷത്തിന്റെ സമാധാനപരമായ പരിഹാരത്തിനായുള്ള താങ്കളുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നു’, മോദി എക്‌സില്‍ കുറിച്ചു.

ട്രംപ് മോദിയെ ഫോണില്‍ ബന്ധപ്പെട്ടത് ഇന്ത്യ-യു.എസ് നയതന്ത്രം കൂടുതല്‍ മെച്ചപ്പെടുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. കഴിഞ്ഞദിവസം ദല്‍ഹിയിലെത്തിയ യു.എസ് വ്യാപാര പ്രതിനിധി അസിസ്റ്റന്റ് ബ്രണ്ടന്‍ ലിഞ്ചുമായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിരുന്നു.

ഉഭയ വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് നടത്തിയതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചിരുന്നു.

വാണിജ്യമന്ത്രാലയത്തിലെ ഇന്‍ഡസ്ട്രി സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് അഗ്രവാളാണ് ചര്‍ച്ച നടത്തിയത്. അതേസമയം, ഈ ചര്‍ച്ച വളരെ പോസിറ്റീവായിരുന്നു എന്നും വൈകാതെ തന്നെ വ്യാപാര കരാറുകള്‍ വേഗത്തിലാക്കാനുള്ള നടപടികളെടുക്കുമെന്നും യു.എസ് വക്താവും ഇന്ത്യന്‍ ഉദ്യോഗസ്ഥരും പ്രതികരിച്ചിരുന്നു.

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ട്രംപ് ഭരണകൂടം 50 ശതമാനം തീരുവ ചുമത്തിയതോടെയാണ് യു.എസുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചത്. റഷ്യയില്‍ ഇന്ത്യ എണ്ണവാങ്ങുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു യു.എസിന്റെ നടപടി.

റഷ്യയുടെ എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ ഉക്രെയ്ന്‍ യുദ്ധത്തിന് ധനസഹായം നല്‍കുകയാണെന്നാണ് യു.എസിന്റെ വാദം.

അതേസമയം, യു.എസുമായുള്ള വ്യാപാരത്തിന് തിരിച്ചടി സംഭവിച്ചതോടെ ഇന്ത്യ ബ്രിക്‌സ് രാജ്യങ്ങളുമായും റഷ്യയുമായും ചൈനയുമായുമുള്ള ബന്ധം കൂടുതല്‍ ബലപ്പെടുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു.

ഷാങ്ഹായ് ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രിയും റഷ്യന്‍ പ്രസിഡന്റും ചൈനീസ് പ്രസിഡന്റും കൂടിക്കാഴ്ച നടത്തിയത് യു.എസിനെ പ്രകോപിപ്പിച്ചിരുന്നു. വൈറ്റ്ഹൗസ് വാണിജ്യ ഉപദേഷ്ടാവ് പീറ്റര്‍ നെവാരോ ഇതിനെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്തു.

Content Highlight: ‘Thank you my friend, Trump’; Modi thanks Trump for birthday wishes; India-US friendship shared during tariff war