അനിരുദ്ധിന് തെലുങ്കില്‍ ഒരു സിനിമ കിട്ടാന്‍ എളുപ്പം, എനിക്ക് തമിഴില്‍ കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്: തമന്‍ എസ്
Indian Cinema
അനിരുദ്ധിന് തെലുങ്കില്‍ ഒരു സിനിമ കിട്ടാന്‍ എളുപ്പം, എനിക്ക് തമിഴില്‍ കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്: തമന്‍ എസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th December 2025, 11:51 am

അനിരുദ്ധ് രവിചന്ദറിന് തെലുങ്കില്‍ സിനിമകള്‍ ലഭിക്കുന്നത് പോലെ തമിഴില്‍ തനിക്ക് അവസരം ലഭിക്കുന്നില്ലെന്ന് സംഗീത സംവിധായകന്‍ തമന്‍ എസ്. അഖണ്ഡ 2വിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സുമന്‍ ടി.വി ടൈംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അനിരുദ്ധിന് (രവിചന്ദര്‍) തെലുങ്കില്‍ എളുപ്പത്തില്‍ സിനിമകള്‍ ലഭിക്കുന്നു, പക്ഷേ എനിക്ക് തമിഴ് സിനിമകളില്‍ അവസരങ്ങള്‍ ലഭിക്കാന്‍ പ്രയാസമാണ്. തമിഴ് ഇന്‍ഡസ്ട്രിയില്‍ ശക്തമായ ഐക്യമുണ്ട്. അല്ലെങ്കില്‍ ഒത്തൊരുമ ഉണ്ട്.

എന്നാല്‍ തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ അതില്ലെന്നാണ് എനിക്ക് തോന്നുന്നത്.
എന്നിരുന്നാലും, തെലുങ്ക് സിനിമയിലെ മറ്റ് സംഗീത സംവിധായകരില്‍ നിന്നുള്ള ഉയര്‍ന്ന തലത്തിലുള്ള മത്സരം എനിക്ക് പ്രശ്നമല്ല,’ തമന്‍ പറയുന്നു.

സ്വന്തം ഇന്‍ഡസ്ട്രിയില്‍ അല്ലാതെ തെലുങ്ക് സിനിമയില്‍ നിന്ന് കൂടുതല്‍ വരുമാനം നേടുന്ന സംഗീത സംവിധായകരുണ്ടെന്നും ചിലര്‍ പ്രധാനമായും തെലുങ്ക് സിനിമകളോടുള്ള ആരാധന കൊണ്ടല്ല, മറിച്ച് സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും തമന്‍ പറഞ്ഞു.

എങ്കിലും, തെലുങ്ക് സിനിമയില്‍ മറ്റ് സംഗീത സംവിധായകരില്‍ നിന്ന് താന്‍ നേരിടുന്ന കടുത്ത മത്സരം ഒരു പ്രശ്‌നമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2009ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം മല്ലി മല്ലിയിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് തമന്‍. വിവിധ ഭാഷകളിലായി നിരവധി സിനിമകള്‍ക്ക് സംഗീതം നല്‍കിയ തമന്‍, അല വൈകുണ്ഠപുരം എന്ന സിനിമയിലൂടെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി.

Content Highlight: Thaman S. says he is not getting opportunities in Tamil like Anirudh Ravichander gets in Telugu films