തലശ്ശേരിയില്‍ ബി.ജെ.പി വോട്ട് ലഭിക്കും; നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് സി.ഒ.ടി നസീര്‍
Kerala Election 2021
തലശ്ശേരിയില്‍ ബി.ജെ.പി വോട്ട് ലഭിക്കും; നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് സി.ഒ.ടി നസീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th March 2021, 3:43 pm

കണ്ണൂര്‍: തലശ്ശേരിയില്‍ ബി.ജെ.പി വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി മുന്‍ സി.പി.ഐ.എം നേതാവ് സി.ഒ.ടി നസീര്‍. ബി.ജ.പി പ്രവര്‍ത്തകരുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് നസീര്‍ പറഞ്ഞു.

ബി.ജെ.പിയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തതിനാല്‍ വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി സി.ഒ.ടി നസീര്‍ പറഞ്ഞു. തുടര്‍നടപടി ബി.ജെ.പി നേതാക്കളുമായി സംസാരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തലശ്ശേരിയില്‍ ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് നേരത്തെ സി.ഒ.ടി നസീര്‍ അറിയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ചതിന് ആക്രമിക്കപ്പെട്ടയാളാണ് നസീര്‍. ആക്രമണത്തിന് പിന്നില്‍ തലശ്ശേരി എം.എല്‍.എ ഷംസീറാണെന്ന് നസീര്‍ പറഞ്ഞിരുന്നു.

സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗവും, നഗരസഭാ കൗണ്‍സിലറും ആയിരുന്നു നസീര്‍.

2016ല്‍ കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ മണ്ഡലമാണ് തലശേരി. 22,125 വോട്ടുകളാണ് ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച സജീവന്‍ അന്ന് ഇവിടെ നേടിയത്. ഇവിടെയാണ് ജില്ലാ പ്രസിഡന്റ് കൂടിയായ എന്‍. ഹരിദാസിന്റെ പത്രിക തളളിയത്.

ബി.ജെ.പി ഇത്തവണ ഏറെ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലം കൂടിയായതിനാലാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റിനെ തന്നെ രംഗത്തിറക്കാന്‍ തീരുമാനിച്ചിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Thalassery COT Naseer AN Shamsir BJP