അയവില്ലാതെ കര്‍ണാടക; അതിര്‍ത്തിയില്‍ ആരോഗ്യപ്രവര്‍ത്തകരേയും തടയുന്നു; രോഗികളെ കടത്തിവിടില്ലെന്ന് ആവര്‍ത്തിച്ച് പൊലീസ് ; മാധ്യമങ്ങള്‍ക്കും നിയന്ത്രണം
Kerala
അയവില്ലാതെ കര്‍ണാടക; അതിര്‍ത്തിയില്‍ ആരോഗ്യപ്രവര്‍ത്തകരേയും തടയുന്നു; രോഗികളെ കടത്തിവിടില്ലെന്ന് ആവര്‍ത്തിച്ച് പൊലീസ് ; മാധ്യമങ്ങള്‍ക്കും നിയന്ത്രണം
ന്യൂസ് ഡെസ്‌ക്
Tuesday, 7th April 2020, 11:25 am

 

കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്നുള്ള കൊവിഡ് ഇല്ലാത്ത രോഗികളെ മംഗളൂരുവിലേക്ക് കടത്തി വിടാമെന്ന് അറിയിച്ചെങ്കിലും വാക്ക് പാലിക്കാതെ കര്‍ണാടക. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ വരെ തലപ്പാടിയില്‍ തടയുകയാണ്.

തലപ്പാടി ചെക്ക്‌പോസ്റ്റില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തിയാല്‍ കര്‍ണാടകയിലെ മെഡിക്കല്‍ സംഘം പരിശോധിച്ച് കടത്തിവിടുമെന്നായിരുന്നു കര്‍ണാടക കേരളത്തെ ഇന്നലെ അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പറയുകയും ചെയ്തിരുന്നു.

എന്നാല്‍ ഇന്ന് ഈ സമയം വരെയായിട്ടും മെഡിക്കല്‍ സംഘം തലപ്പാടിയില്‍ എത്തിയിട്ടില്ല. രോഗികള്‍ എത്തിയാല്‍ തടയുമെന്നാണ് പൊലീസ് ഇന്ന് രാവിലെയും മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്.

‘ഞങ്ങള്‍ക്ക് ഒരു ഉത്തരവും ലഭിച്ചിട്ടില്ല. ആര് വന്നാലും തടയും. ദയവായി നിങ്ങള്‍ അങ്ങനെയുള്ള രോഗികളെ കൊണ്ടുവരരുത്. ഇവിടേക്ക് കൊണ്ടുവരുന്നതിന് പകരം നിങ്ങള്‍ പരിയാരത്തേക്ക് കൊണ്ടുപോകൂ’ എന്നാണ് ഇന്ന് കര്‍ണാടക പൊലീസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

അതിനിടെ അതിര്‍ത്തി പ്രശ്‌നത്തില്‍ കേരളം നല്‍കിയ സത്യവാംങ്മൂലം ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹൈക്കോടതി വിധിക്കെതിരെയുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഹര്‍ജി തള്ളണം എന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.

കേരളം ഹര്‍ജി നല്‍കിയതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇരുസംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗില്‍ സംസാരിച്ചിരുന്നു.

ഇതേ തുടര്‍ന്ന് രോഗികളുമായി പോകുന്ന വാഹനങ്ങള്‍ പ്രത്യേക പരിശോധനക്ക് ശേഷം കടത്തിവിടാം എന്ന ധാരണയുണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യം ഇന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. ഇതോടെ കേസ് ഇന്ന് തീര്‍പ്പാകാനാണ് സാധ്യത.

അതിര്‍ത്തി വഴി മറ്റ് അവശ്യസേവനങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹരജികള്‍ കൂടി ഇന്ന് കോടതിക്ക് മുമ്പാകെ എത്തുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ