ക്വാലാലംപൂർ: അതിർത്തി തർക്കം നിലനിൽക്കുന്ന തായ്‌ലന്റും കംബോഡിയയും തമ്മിലുള്ള സമാധാന കരാറിന് നേതൃത്വം നൽകി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
47ാമത് ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രംപ് മലേഷ്യയിൽ എത്തിയതിന് തൊട്ടുപിന്നാലെ, തായ്‌ലന്റ് പ്രധാനമന്ത്രി അനുട്ടിൻ ചരൺവിരാകുളും കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റും കരാറിൽ ഒപ്പുവെച്ചു.
തായ്‌ലന്റും കംബോഡിയയും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന അതിർത്തി തർക്കത്തിന്റെ പിന്നാലെയാണ് ട്രംപിന്റെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാറിൽ ഒപ്പുവെക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സമീപകാല ചരിത്രത്തിലെ ഏറ്റവും മോശമായ സംഘർഷമാണിതെന്നും ഇതവസാനിപ്പിച്ചില്ലെങ്കിൽ യു.എസുമായുള്ള ഇരു രാജ്യങ്ങളുടെയും വ്യാപാര ചർച്ചകൾ നിർത്തിവെക്കുമെന്നും ട്രംപ് പറഞ്ഞു.
ആസിയാൻ ഉച്ചകോടിയുടെ ഭാഗമായി മലേഷ്യ, ജപ്പാൻ, ദക്ഷിണകൊറിയ എന്നിവിടങ്ങളിലേക്കുള്ള ട്രംപിന്റെ പര്യടനത്തിനിടെയാണ് ഈ സന്ദർശനം.
‘ഇരു രാജ്യങ്ങളും സമാധാനത്തോടെ ജീവിക്കുന്നടത്തോളം കാലം അമേരിക്കയുമായുള്ള ശക്തമായ വാണിജ്യവും സഹകരണവും ഉണ്ടായിരിക്കും,’ ട്രംപ് പറഞ്ഞു. ഈ കരാർ ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ കരാർ സമാധാനത്തിലേക്കുള്ള പാതയാണെന്ന് തായ്‌ലന്റ് വിദേശകാര്യ മന്ത്രി പറഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.
അതിർത്തി പ്രദേശത്ത് നിന്ന് ഭാരമേറിയ ആയുധങ്ങളും കുഴിബോംബുകളും നീക്കം ചെയ്യാനും തടവിലാക്കപ്പെട്ട 18 കംബോഡിയൻ സൈനികരെ മോചിപ്പിക്കാനും കരാറിൽ ഒപ്പുവെച്ച ഇരുപക്ഷവും സമ്മതിച്ചതായാണ് റിപ്പോർട്ട്.
സംഘർഷത്തിൽ ഏകദേശം 300,000 പേർ കുടിയിറക്കപ്പെടുകയും 48 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പതിറ്റാണ്ടുകളായി തായ്-കംബോഡിയൻ അതിർത്തിയിൽ സംഘർഷമുണ്ട്. കഴിഞ്ഞ ജൂലൈ 24 ന് അതിർത്തിയിൽ ഒരു കുഴിബോംബ് സ്ഫോടനമുണ്ടാകുകയും അഞ്ച് തായ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്‌തോടെ സംഘർഷം വീണ്ടും പൊട്ടിപ്പുറപ്പെടുകയായിരുന്നു.
അതേസമയം മലേഷ്യയുമായും തായ്‌ലന്റുമായും അപൂർവ ധാതു കരാറുകളിൽ ഒപ്പുവെക്കുമെന്നും കംബോഡിയുമായുള്ള വ്യാപാര കരാറുകൾ വിശാലമായി നടത്തുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം യു.എസും ചൈനയും ഒരു വ്യാപാര തർക്കത്തിലായതിനാൽ ചൈനീസ് നേതാവ് ഷി ജിൻപിങ്ങുമായും ട്രംപ് കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ.