നീ മുസ്‌ലിമല്ലേ, നീയെന്തിനാ സ്റ്റേജില്‍ കയറിയത്; ബി.ജെ.പിയില്‍ നിന്ന് നേരിട്ടത് കടുത്ത അവഗണനയെന്ന് സയ്യിദ് താഹ ബാഫഖി തങ്ങള്‍
Kerala News
നീ മുസ്‌ലിമല്ലേ, നീയെന്തിനാ സ്റ്റേജില്‍ കയറിയത്; ബി.ജെ.പിയില്‍ നിന്ന് നേരിട്ടത് കടുത്ത അവഗണനയെന്ന് സയ്യിദ് താഹ ബാഫഖി തങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th October 2021, 12:39 pm

കോഴിക്കോട്: മുസ്‌ലിമായതിന്റെ പേരില്‍ ബി.ജെ.പിയില്‍ നിന്ന് നേരിട്ടത് കടുത്ത അവഗണനയാണെന്ന് സയ്യിദ് താഹ ബാഫഖി തങ്ങള്‍. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാഫഖി തങ്ങളുടെ പേര് ദുരുപയോഗം ചെയ്യാനാണ് തന്നെ ബി.ജെ.പിയിലെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായതിന് ശേഷം കോഴിക്കോട് അളകാപുരിയില്‍ ഒരു സമ്മേളനം നടന്നിരുന്നു. എന്നേയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു,’ താഹ ബാഫഖി തങ്ങള്‍ പറയുന്നു.

പരിപാടി കഴിഞ്ഞതിന് ശേഷം ശ്രീധരന്‍പിള്ളയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന് പറയപ്പെടുന്ന ശ്യാമെന്ന വ്യക്തി നീ മുസ്‌ലിമല്ലേ, നീയെന്താ സ്റ്റേജില്‍ കയറാന്‍ കാരണം എന്ന് ചോദിച്ചു.

അത് കേട്ടപ്പോള്‍ തന്നെ മാനസികമായി തകര്‍ന്നുവെന്നും ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ഒരു പ്രശ്‌നം ഉണ്ടായാല്‍ അദ്ദേഹത്തിനല്ലേ നാണക്കേട് എന്ന് കരുതി ഒന്നും പറഞ്ഞില്ലെന്നും താഹ ബാഫഖി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ മുസ്‌ലിം ലീഗിലായിരുന്ന സയ്യിദ് താഹ ബാഫഖി തങ്ങള്‍ 2019 ആഗസ്റ്റിലായിരുന്നു ബി.ജെ.പിയില്‍ ചേര്‍ന്നത്. ശേഷം ഡിസംബറില്‍ ആദ്യമായി രാജിവെക്കുകയായിരുന്നു.

പൗരത്വഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചായിരുന്നു മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായിരുന്ന സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ ചെറുമകന്‍ കൂടിയായ ഇദ്ദേഹം ബി.ജെ.പിയില്‍ നിന്നും ആദ്യം രാജിവെച്ചത്.

സയ്യിദ് താഹ ബാഫഖി തങ്ങളുടെ അഭിമുഖം കാണാം

എന്നാല്‍ ബി.ജെ.പിക്കാര്‍ പിന്തുടര്‍ന്ന് രണ്ടാമതും സംഘടനയില്‍ ചേര്‍ക്കുകയായിരുന്നുവെന്നാണ് സയ്യിദ് താഹ ബാഫഖി തങ്ങളുടെ വിശദീകരണം.

പിന്നീട് കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം വീണ്ടും പാര്‍ട്ടി വിട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Thaha Bafaqi Thangal BJP DoolTalk