മലയാള സിനിമയില്‍ ഒരു കാലത്ത് വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ടി.ജി. രവി എന്നറിയപ്പെടുന്ന ടി.ജി. രവീന്ദ്രനാഥന്‍. ബാലന്‍ കെ. നായര്‍ക്കൊപ്പം 1970കളിലും 1980കളിലും മലയാള സിനിമയില്‍ ഒരുപാട് നെഗറ്റീവ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതം ആരംഭിക്കുന്നത്. ചോര ചുവന്ന ചോര, പാദസരം എന്നീ സിനിമകള്‍ അദ്ദേഹം നിര്‍മിച്ചിട്ടുമുണ്ട്. സിനിമയില്‍ എത്തി 53 വര്‍ഷങ്ങള്‍ പിന്നിട്ട വേളയില്‍ തന്റെ സിനിമാ ജീവിതത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ടി.ജി രവി.
സിനിമയില്‍ അന്നും ഇന്നും ആരാധന തോന്നിയത് സത്യനോടും നസീറിനോടുമാണെന്ന് അദ്ദേഹം പറയുന്നു. സിനിമയിലഭിനയിച്ചാല്‍ നസീറിനെപ്പോലെ ആരാധകര്‍ ഉണ്ടാകുമെന്നാണ് താന്‍ വിചാരിച്ചതെന്നും ടി.ജി രവി പറഞ്ഞു.
‘ഉത്തരായനം എന്ന സിനിമ റിലീസായി, മൂന്ന് അവാര്‍ഡും നേടി. അപ്പോള്‍ പ്രതീക്ഷ വര്‍ധിച്ചു. പക്ഷേ, ആരാധകരാരും ഉണ്ടായില്ല. അതൊരു ആര്‍ട്ട് സിനിമയായിരുന്നു. അതിനാല്‍, കാഴ്ചക്കാര്‍ കുറവായിരുന്നു. കണ്ടവര്‍ തിരിച്ചറിഞ്ഞില്ല. തിരിച്ചറിഞ്ഞവര്‍ ആരാധകരായതുമില്ല. അതോടെ, പാഠം പഠിച്ചു. ആരാധകരുണ്ടാകണമെങ്കില്‍ നല്ല റോളുകള്‍ വേണം എന്ന്.
തിക്കോടിയന്‍ വഴിയാണ് അരവിന്ദന്റെ ഉത്തരായണത്തില്‍ അഭിനയിക്കാനവസരം കിട്ടിയത്. ആകാശവാണിയിലെ ബന്ധമാണ് ഇതിന് വഴിയൊരുക്കിയത്. നായകന്റെ അച്ഛന്റെ റോളാണ്. സെറ്റിലെത്തിയപ്പോള്‍ ആകെ വിസ്മയമായിരുന്നു. അന്നുവരെ ആരാധനയോടെ കണ്ടവരുണ്ടവിടെയുണ്ടായിരുന്നു,’ ടി.ജി രവി പറഞ്ഞു.
Content highlight: TG Ravi is sharing memories of his film career after 53 years