പട്ടാളം സിനിമ ഞാന്‍ ആദ്യമായി കണ്ടത് തലകുനിച്ചിരുന്ന് കൊണ്ട്: ടെസ ജോസഫ്
Malayalam Cinema
പട്ടാളം സിനിമ ഞാന്‍ ആദ്യമായി കണ്ടത് തലകുനിച്ചിരുന്ന് കൊണ്ട്: ടെസ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th August 2025, 11:29 am

പട്ടാളം എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളികള്‍ എന്നും ഓര്‍ക്കുന്ന മുഖമാണ് ടെസ ജോസഫിന്റേത്. ചിത്രത്തില്‍ വിമല എന്ന കഥാപാത്രമായിട്ടാണ് ടെസ അഭിനയിച്ചത്. നടിയുടെ ആദ്യ ചിത്രം കൂടിയായിരുന്നു പട്ടാളം.

ഇപ്പോള്‍ ഈ ചിത്രം ആദ്യമായി തിയേറ്ററില്‍ കണ്ട അനുഭവം പങ്കുവെക്കുകയാണ് ടെസ. പട്ടാളം സിനിമ തിയേറ്ററില്‍ കണ്ടതിനെ കുറിച്ച് തന്നോട് ആരും ഇതുവരെ ചോദിച്ചിട്ടില്ലെന്നും താന്‍ ആരോടും ഇതുവരെ പറഞ്ഞിട്ടില്ലെന്നും നടി പറയുന്നു.

പട്ടാളം സിനിമ റിലീസായ ദിവസം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ഒരു സെപ്തംബര്‍ മാസത്തിലായിരുന്നു ആ സിനിമ റിലീസ് ചെയ്തത്. അന്ന് സത്യം പറഞ്ഞാല്‍ തിയേറ്ററില്‍ പോകുന്നത് വരെ എനിക്ക് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല.

പക്ഷെ ഞാന്‍ തിയേറ്ററില്‍ ചെന്നപ്പോള്‍ പല സമയത്തും കണ്ണടച്ചിട്ടാണ് ഇരുന്നത്. എനിക്ക് ആകെ ടെന്‍ഷനായിരുന്നു. തിയേറ്ററിലെ സീറ്റില്‍ ഇരുന്നപ്പോള്‍ മുതല്‍ക്ക് എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു,’ ടെസ ജോസഫ് പറഞ്ഞു.

അതുവരെ താന്‍ നല്ല കോണ്‍ഫിഡന്റായിരുന്നെന്നും എന്നാല്‍ സിനിമ കണ്ട് തുടങ്ങിയപ്പോള്‍ തന്റെ കൈ മുഴുവനായും വിയര്‍ക്കാന്‍ തുടങ്ങിയെന്നും നടി പറയുന്നു. ഫിലിമിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടെസ.

‘തിയേറ്ററില്‍ കയറിയതോടെ ഞാന്‍ സ്‌ക്രീനില്‍ വരാന്‍ പോകുകയാണല്ലോ എന്ന ചിന്ത വന്നു. അതുകൊണ്ട് സിനിമ കാണുമ്പോള്‍ പല സമയത്തും ഞാന്‍ തലകുനിച്ച് ഇരിക്കുകയായിരുന്നു.

പക്ഷെ സിനിമ തുടങ്ങിയിട്ട് കുറച്ച് നേരം കഴിഞ്ഞിട്ടാണ് എന്നെ കാണിക്കുന്നത്. അതുവരെ ഞാന്‍ തീരെ ക്ഷമയില്ലാതെ നില്‍ക്കുകയാണ്. കൈ ഒക്കെ വിയര്‍ത്തിട്ടാണ് ഞാന്‍ തിയേറ്ററില്‍ ഇരുന്ന് ആ സിനിമ പൂര്‍ണമായും കണ്ടത്,’ ടെസ ജോസഫ് പറഞ്ഞു.

പട്ടാളം:

2003ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രമാണ് പട്ടാളം. ഒരു ചെറിയ ഗ്രാമത്തില്‍ പട്ടാളം താത്കാലിക ക്യാമ്പ് സ്ഥാപിച്ചതിന് ശേഷം അവിടെ നടക്കുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു സിനിമ. മമ്മൂട്ടി നായകനായ ചിത്രം മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ടതാണ്.

മമ്മൂട്ടിക്ക് പുറമെ ബിജു മേനോന്‍, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജ്യോതിര്‍മയി, ടെസ ജോസഫ്, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തി.


Content Highlight: Tessa Joseph Talks About Pattalam Movie