വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ശതകോടീശ്വരൻ എലോൺ മസ്‌കും തമ്മിലുള്ള ഭിന്നതക്ക് പിന്നാലെ മസ്‌കിന്റെ ടെസ്‌ല ഓഹരികൾ വൻ ഇടിവ്. ട്രംപുമായുള്ള തർക്കം കമ്പനിയെ ദോഷകരമായി ബാധിക്കുമെന്ന് നിക്ഷേപകർ ഭയന്നതിനാൽ, മസ്‌കിന്റെ ടെസ്‌ലയുടെ ഓഹരികൾ വ്യാഴാഴ്ച 14 ശതമാനം ഇടിഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യു.എസ് പ്രസിഡന്റിന്റെ ബജറ്റ് ബില്ലിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായിരിക്കുകയാണ്. തന്റെ സഹായമില്ലാതെ ട്രംപ് തെരഞ്ഞെടുക്കപ്പെടുമായിരുന്നില്ലെന്ന് മസ്‌ക് പറഞ്ഞതിന് പിന്നാലെ ഫെഡറൽ സർക്കാരിനെ ടെസ്‌ല, സ്‌പേസ് എക്‌സ് ഉൾപ്പെടെയുള്ള മസ്‌കിന്റെ കമ്പനികൾക്കെതിരെ ഉപയോഗിക്കാൻ താൻ മടിക്കില്ലെന്ന് ട്രംപ് വെല്ലുവിളി നടത്തിയിരിക്കുകയാണ്.
‘നമ്മുടെ ബജറ്റിൽ, കോടിക്കണക്കിന് ഡോളർ ലാഭിക്കാനുള്ള ഏറ്റവും എളുപ്പ മാർഗം, എലോൺ മസ്‌കിന്റെ സർക്കാർ സബ്‌സിഡിയും കരാറുകളും നിർത്തലാക്കുക എന്നതാണ്. ബൈഡൻ അത് ചെയ്യാത്തതിൽ ഞാൻ എപ്പോഴും അത്ഭുതപ്പെട്ടിരുന്നു,’ ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി.
കഴിഞ്ഞ ദിവസമുണ്ടായ ഇടിവ് ടെസ്‌ലയുടെ വിപണി മൂല്യത്തിൽ ഏകദേശം 150 ബില്യൺ ഡോളറിന്റെ നഷ്ടം വരുത്തി. ഈ മാസം ടെക്‌സാസിലെ ഓസ്റ്റിനിൽ ടെസ്‌ല ഒരു ഓട്ടോണമസ്, ഡ്രൈവറില്ലാ റോബോട്ടാക്‌സി സേവനം പരീക്ഷിക്കുമെന്ന് മസ്‌ക് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ടെസ്‌ലയുടെ ഓഹരികളിൽ എട്ട് ആഴ്ചക്ക് ശേഷം വലിയ കുതിച്ചുചാട്ടം ഉണ്ടായിരുന്നു. എന്നാൽ ട്രംപ്-മസ്ക് ഭിന്നതക്ക് പിന്നാലെ ഓഹരികൾ വീണ്ടും ഇടിഞ്ഞിരിക്കുകയാണ്.
ട്രംപുമായുള്ള സഖ്യം ടെസ്‌ലക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ വർഷം ഓഹരികൾ കുതിച്ചുയർന്നിരുന്നു. എന്നാൽ ഈ വർഷം അത് മാറിമറിഞ്ഞു. ട്രംപുമായുള്ള മസ്‌കിന്റെ സഖ്യവും സർക്കാർ ചെലവുകളിൽ വിവാദപരമായ വെട്ടിക്കുറവുകൾ വരുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്കും കമ്പനിക്ക് വലിയ തിരിച്ചടി നൽകി. പ്രത്യേകിച്ച് യൂറോപ്പിൽ, അത് ടെസ്‌ലക്കെതിരായ വികാരം ഉയർത്തുകയും കമ്പനിയുടെ വിൽപ്പനയെ ബാധിക്കുകയും ചെയ്തു.
അതേസമയം സർക്കാർ കരാറുകൾ വെട്ടിക്കുറയ്ക്കുമെന്ന ട്രംപിന്റെ ഭീഷണി കൂടുതൽ ലക്ഷ്യമിടുന്നത് മസ്‌കിന്റെ മറ്റൊരു ബിസിനസായ സ്‌പേസ് എക്‌സിനെയാണ്. മസ്‌കിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള റോക്കറ്റ് കമ്പനിയായ സ്‌പേസ് എക്‌സിന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ബഹിരാകാശയാത്രികരെ അയക്കാനും ചരക്കുകൾ അയയ്ക്കാനും, വിക്ഷേപണങ്ങൾ നൽകാനും, നാസയ്‌ക്കായി മറ്റ് ജോലികൾ ചെയ്യാനും കോടിക്കണക്കിന് ഡോളർ ലഭിച്ചിരുന്നു. അടുത്ത വർഷം ചന്ദ്രനിലേക്ക് ബഹിരാകാശയാത്രികരെ അയയ്ക്കുന്നതിനായി ബഹിരാകാശ ഏജൻസിക്കായി ഒരു മെഗാ റോക്കറ്റ് വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി ഇപ്പോൾ.
സ്‌പേസ് എക്‌സിന്റെ ഒരു അനുബന്ധ സ്ഥാപനമായ സാറ്റലൈറ്റ് ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്കും മസ്‌കിന് പ്രസിഡന്റുമായുള്ള അടുത്ത ബന്ധത്തിൽ നിന്ന് നേട്ടമുണ്ടാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ മാസം ട്രംപിനൊപ്പം മിഡിൽ ഈസ്റ്റിലേക്കുള്ള ഒരു യാത്രയിൽ, സൗദി അറേബ്യ വ്യോമയാന, സമുദ്ര ഉപയോഗത്തിനായി തന്റെ ഉപഗ്രഹ സേവനം ഉപയോഗിച്ചതായി മസ്‌ക് പ്രഖ്യാപിച്ചിരുന്നു.
Content Highlight: Tesla shares take 14% nosedive as Elon Musk-Donald Trump rift becomes talk of the town