ചൈന സന്ദര്‍ശിച്ച് എലോണ്‍ മസ്‌ക്; സെല്‍ഫ് ഡ്രൈവിങ് ഇലക്ട്രിക് കാറുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നീക്കം
World News
ചൈന സന്ദര്‍ശിച്ച് എലോണ്‍ മസ്‌ക്; സെല്‍ഫ് ഡ്രൈവിങ് ഇലക്ട്രിക് കാറുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നീക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th April 2024, 11:04 am

ബെയ്ജിങ്: ചൈനയില്‍ സന്ദര്‍ശനം നടത്തി ടെസ്‌ല സി.ഇ.ഒ എലോണ്‍ മസ്‌ക്. സെല്‍ഫ് ഡ്രൈവിങ് ഇലക്ട്രിക് കാറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് എലോണ്‍ മസ്‌കിന്റെ ചൈന സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്. ചൈന കൗണ്‍സില്‍ ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം.

ചൈനയില്‍ ടെസ്‌ലയുടെ സെല്‍ഫ് ഡ്രൈവിങ് ഇലക്ട്രിക് കാറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുക എന്നതാണ് ചൈന സന്ദര്‍ശനത്തിന് പിന്നിലെ മസ്‌കിന്റെ ലക്ഷ്യം. ചൈനീസ് പ്രധാനമന്ത്രി ലീ ഖിയാങ്ക് ഉള്‍പ്പെടെയുള്ള നേതാക്കളുമായി എലോണ്‍ മസ്‌ക് കൂടിക്കാഴ്ച നടത്തി.

ചൈനയിലെ ടെസ്‌ലയുടെ വികസനം യു.എസ്-ചൈന സാമ്പത്തിക, വ്യാപാര സഹകരണത്തിന്റെ വിജയകരമായ ഉദാഹരണമായി കണക്കാക്കാമെന്ന് ലി ക്വിയാങ് മസ്‌കിനോട് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം മാറ്റിവെച്ചതിന് പിന്നാലെയാണ് മസ്‌കിന്റെ ചൈനീസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച. ഏപ്രില്‍ 21, 22 തീയതികളില്‍ അലോന്‍ മസ്‌ക് ഇന്ത്യയില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റിയതായി അറിയിക്കുകയായിരുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ എലോണ്‍ മസ്‌ക് ഞായറാഴ്ച ചൈനീസ് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച സ്ഥിരീകരിക്കുകയും ചെയ്തു.

യു.എസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ നാല് വര്‍ഷം മുമ്പ് അതിന്റെ ഓട്ടോപൈലറ്റ് സോഫ്റ്റ്വെയറിന്റെ ഫുള്‍ സെല്‍ഫ് ഡ്രൈവിങ് അല്ലെങ്കില്‍ എഫ്.എസ്.ഡി പുറത്തിറക്കിയിരുന്നു. എന്നാല്‍ ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ടങ്കിലും ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയായ ചൈന ഇത് ലഭ്യമാക്കിയിരുന്നില്ല. യു.എസിന് പുറമെ മറ്റൊരു രാജ്യവുമായി ഇലക്ട്രിക് വാഹന കരാറില്‍ ടെസ്‌ല ഒപ്പുവെക്കുന്നത് ചൈനയുമായാണ്.

Content Highlight: Tesla CEO Elon Musk visited China