എഡിറ്റര്‍
എഡിറ്റര്‍
ഹരിയാനയില്‍ ഒരു മാസത്തിനിടയില്‍ പത്ത് പീഡനസംഭവങ്ങള്‍; ദളിത് യുവതി ആത്മഹത്യ ചെയ്തു
എഡിറ്റര്‍
Sunday 7th October 2012 9:55am

ജിന്ദ്: ഹരിയാനയിലെ ദളിതര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഏറി വരുന്നു.  ഒരു മാസത്തിനിടയില്‍  പത്ത് ബലാത്സംഗങ്ങളാണ് ദളിത് പെണ്‍കുട്ടികള്‍ക്ക് നേരെ ഹരിയാനയില്‍ നടന്നത്. ഹരിയാനയിലെ സച്ഛ ഖേദ ജില്ലയില്‍ കൂട്ട ബലാത്സംഗത്തിനിരയായ ദളിത് യുവതി ഇന്നലെ ആത്മഹത്യ ചെയ്തതോടെ ഹരിയാനയിലെ ദളിതരുടെ സ്ഥിതി കൂടുതല്‍ ഭീകരമായിരിക്കുകയാണ്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പെണ്‍കുട്ടിയെ അയല്‍വാസിയായ യുവാവ് ബലമായി തന്റെ വീട്ടില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇയാളുടെ സുഹൃത്തും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി.

Ads By Google

തുടര്‍ന്ന് പെണ്‍കുട്ടി തന്റെ വീട്ടില്‍ തിരിച്ചെത്തിയ ശേഷം സ്വയം തീകൊളുത്തി. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ആശുപത്രിയില്‍ വെച്ച് രേഖപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഹരിയാനയില്‍ ദളിത് സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ മാസം  കൗമാരക്കാരിയായ ദളിത് പെണ്‍കുട്ടിയെ 12 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചിരുന്നു.പീഡനത്തിന്റെ ദൃശ്യങ്ങള്‍ സെല്‍ഫോണില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തിരുന്നു.

ഹരിയാനയില്‍ ഏറെ പ്രതിഷേധത്തിനിടയാക്കിയ സംഭവമായിരുന്നു ഇത്. സംഭവത്തില്‍ പോലീസ് നിഷ്‌ക്രിയരായെന്നാരോപിച്ച് നാട്ടുകാര്‍ മൃതദേഹം ഏറ്റെടുക്കാതെ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

കഴിഞ്ഞ ഒക്ടോബര്‍ നാലിനും സമാനമായ സംഭവം ഉണ്ടായി. ബന്‍സ്വ സ്വദേശിയായ യുവതി തന്നെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരുന്നു. കൂടാതെ 45 കാരനില്‍ ലൈംഗികാക്രമണമേറ്റ 13 കാരിയും പരാതിയുമായി എത്തി.

മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ ബന്ധുക്കളായ സ്ത്രീകള്‍ ചേര്‍ന്ന് മധ്യവയസ്‌കന് കാഴ്ച്ച വെച്ച സംഭവവും കഴിഞ്ഞ ദിവസം ഹരിയാനയില്‍ അരങ്ങേറി. ഇതേ ആഴ്ച്ചയില്‍ തന്നെ മറ്റൊരു കൗമാരക്കാരിയേയും നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചിരുന്നു.

Advertisement