കേരളത്തിന്റെ സമരയൗവനത്തിന് വിടചൊല്ലി പതിനായിരങ്ങൾ; വിലാപയാത്ര ആലപ്പുഴയിലേക്ക്
Kerala
കേരളത്തിന്റെ സമരയൗവനത്തിന് വിടചൊല്ലി പതിനായിരങ്ങൾ; വിലാപയാത്ര ആലപ്പുഴയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd July 2025, 7:02 am

തിരുവനതപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഓച്ചിറ പിന്നിടുന്നു. ജനനായകനെ ഉറക്കമൊഴിഞ്ഞും യാത്രയയക്കാൻ ജനസഹസ്രങ്ങൾ കാത്തുനിൽക്കുകയാണ്. ആയിരങ്ങളുടെ യാത്രാമൊഴിയോടെ കേരളത്തിന്റെ പ്രിയ നേതാവ് വി.എസിന്റെ അവസാന യാത്ര ആലപ്പുഴയിലേക്ക് എത്തുകയാണ്.

ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തിരുവനന്തപുരം ദർബാർ ഹാളിൽ നിന്നും ആരംഭിച്ച വിലാപയാത്ര രാത്രി പത്തുമണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. വിഎസിന്‍റെ മൃതദേഹവും വഹിച്ചുള്ള കെഎസ്ആർടിസിയുടെ പുഷ്പാലംകൃത ബസ് 17 മണിക്കൂർ പിന്നിടുമ്പോൾ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി കഴിഞ്ഞ് ആലപ്പുഴ കൊല്ലം അതിർത്തിയായ ഓച്ചിറ കടക്കുകയാണ്. അടുത്തത് കൃഷ്ണപുരമാണ്. കൃഷ്ണപുരം കഴിഞ്ഞാൽ വി.എസിന്റെ ജന്മദേശമായ ആലപ്പുഴ എത്തും.

കനത്ത മഴയെ പോലും അവഗണിച്ചാണ് പതിനായിരങ്ങൾ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പാതിരാനേരത്തും കാത്തുനിന്നത്. കുഞ്ഞുകുട്ടികൾ, ചെറുപ്പക്കാർ, അമ്മമാർ, വയോജനങ്ങൾ എന്നിങ്ങനെ ആശുപത്രിക്കിടക്കയിൽ നിന്ന് വരെ വി.എസിനെ അവസാനമായി കാണാനായി എത്തിയവരുണ്ട് കൂട്ടത്തിൽ.

പ്രായഭേദമന്യേ തെരുവീഥികളിൽ വി.എസിനെ എതിരേൽക്കുകയാണ് അവരെല്ലാം. ജനസഹസ്രങ്ങളാണ് മുദ്രാവാക്യം വിളികളോടെ പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാനെത്തിക്കൊണ്ടിരിക്കുന്നത്. കിലോമീറ്ററുകൾ സഞ്ചരിച്ചെത്തിയവർ വിശപ്പും ക്ഷീണവും മറന്ന് വീഥികളിൽ കാത്തിരിക്കുകയാണ്.

പ്രിയ സഖാവിനെ കാത്തിരിക്കുകയാണ് പുന്നപ്ര വയലാറിന്‍റെ മണ്ണ്. മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിൽ എത്തിക്കും. പിന്നീട് തിരുവമ്പാടിയിലെ സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം. 10 മുതൽ സി.പി.ഐ.എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, 11 മുതൽ കടപ്പുറം റിക്രിയേഷൻ ​ഗ്രൗണ്ടിലുമാണ് പൊതുദർശനം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ നിശ്ചയിച്ച സമയത്തെ മാറ്റി മാറിച്ച് ജനമനസിന്‍റെ സ്നേഹം താണ്ടിയാണ് വി.എസിന്‍റെ വിലാപയാത്ര കടന്ന് പോകുന്നത്. ആലപ്പുഴയിൽ പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ ഇന്ന് വൈകീട്ടാണ് സംസ്കാരം.

വി.എസിനെ അവസാനമായി ഒരുനോക്ക് കാണാൻ അദ്ദേഹത്തിന്റെ ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലും വലിയ ജനപ്രവാഹം എത്തുന്നുണ്ട്. വിവിധയിടങ്ങളിൽ നിന്ന് പ്രിയ സഖാവിനെ കാണാൻ ജന്മനാട്ടിലേക്ക് നിരവധിപേരാണ് ഒഴുകിയെത്തുന്നത്.

തിരുവനന്തപുരം ജില്ലയിൽ 27 കേന്ദ്രങ്ങളിലായിരുന്നു വി.എസിനെ കാണാൻ അവസരമൊരുക്കിയത്. പി.എം.ജിയും പ്ലാമൂടും പട്ടവും പിന്നിട്ട് കേശവദാസപുരത്ത് എത്തുമ്പോൾ കിലോമീറ്ററുകളോളം മനുഷ്യസഞ്ചയമായിരുന്നു. കാര്യവട്ടത്ത് എത്തുമ്പോൾ തന്നെ രാത്രി ഏഴ് മാണി കഴിഞ്ഞിരുന്നു.

കടപ്പാട്: ദേശാഭിമാനി

ഇരുട്ടുമൂടിയിട്ടും മഴ പെയ്‌ത് തുടങ്ങിയിട്ടും അദ്ദേഹത്തെ വിട്ട് പോവാൻ ജനങ്ങൾ തയാറായില്ല. 12.40ഓടെയാണ് കൊല്ലം ജില്ലയിൽ വിലാപയാത്രയ്ക്ക് പ്രവേശിക്കാനായത്. പുലർച്ചെ 2.30ന് കൊട്ടിയത്തെത്തിയ വിലാപയാത്രയിൽ പ്രിയ സഖാവിനെ കാണാൻ ആയിരങ്ങളാണ് വഴിയോരങ്ങളിൽ നിറകണ്ണുകളുമായി കാത്തുനിന്നത്. കനത്ത മഴയിലും പതിനായിരങ്ങളാണ് വിലാപയാത്രയിൽ പങ്കുചേരുന്നത്.

വി.എസിന് അന്തിമോപചാരം അർപ്പിക്കാൻ ആലപ്പുഴ ജില്ലാ കലക്‌ടർ, എ.ഡി.എം എന്നിവര്‍ കൊല്ലം ജില്ലയിലെ അവസാന കേന്ദ്രമായ ഓച്ചിറയിൽ എത്തിയിട്ടുണ്ട്.

വി.എസിനോടുള്ള ആദരസൂചകമായി ഇന്ന് ആലപ്പുഴ ജില്ലയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും ഓഫീസുകളും പ്രവർത്തിക്കില്ല. ഇന്നത്തെ എല്ലാ പി.എസ്‌.സി പരീക്ഷകളും മാറ്റി. അഭിമുഖങ്ങൾക്ക് മാറ്റമില്ല. എം.ജി സർവകലാശാലയുടെ പരീക്ഷകളും മാറ്റി. സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരത്തിൽ ഇന്ന് പൊലീസ് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

 

Content Highlight: Tens of thousands bid farewell to Kerala’s fighting youth; Mourning procession to Alappuzha